പാലക്കാട്: ചെന്നൈ-തിരുവന്തപുരം, ചെന്നൈ-മംഗലാപുരം റൂട്ടുകളിൽ പുനരാരംഭിച്ച സൂപ്പർഫാസ്റ്റ് എക്പ്രസ്-മെയിൽ തീവണ്ടികൾക്ക് സംസ്ഥാനത്ത് സ്റ്റോപ്പുകളുടെ എണ്ണം കൂടിയത് കോവിഡ് സുരക്ഷ സംബന്ധിച്ച് ആശങ്കയുയർത്തുന്നു. ഞായറാഴ്ച ഓടിത്തുടങ്ങിയ വണ്ടികളിൽ മംഗലാപുരം മെയിലിന് സംസ്ഥാനത്ത് 21 ഇടങ്ങളിലും തിരുവനന്തപുരം മെയിലിന് 15 ഇടങ്ങളിലുമാണ് സ്റ്റോപ്പുള്ളത്. ഇതിലേറെയും മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്ത ചെറിയ സ്റ്റേഷനുകളാണ്. മറുനാടുകളിൽനിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി സ്വന്തംവീടുകളിൽ നിരീക്ഷണം ഉറപ്പാക്കുന്നതരത്തിൽ ചെറിയ സ്റ്റേഷനുകളിൽ നിരീക്ഷണസംവിധാനങ്ങളും ജീവനക്കാരും കുറവാണ്. മുൻകൂട്ടി ടിക്കറ്റെടുത്ത് പുനരാരംഭിച്ച മംഗലാപുരം മെയിലിന് പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, കൊയിലാണ്ടി, മാഹി, തലശ്ശേരി, ചെറുവത്തൂർ, കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെയിലിനാവട്ടെ അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, കായംകുളം, വർക്കല എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. നിലവിലുള്ള പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഇവിടങ്ങളിൽ കൃത്യമായ നീരീക്ഷണവും തുടർപ്രവർത്തനങ്ങളും പ്രായോഗികമല്ലെന്ന് റെയിൽവേ അധികൃതരും സമ്മതിക്കുന്നു. പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ തുടങ്ങിയ വിഭാഗങ്ങളിലും എല്ലാ സ്റ്റേഷനുകളിലും ജീവനക്കാരുടെ കുറവുണ്ട്. ഇത് യാത്രക്കാർ സ്റ്റേഷനിലിറങ്ങി വീടുകളിലേക്കുതന്നെ പോകുന്നുണ്ടെന്നും നിരീക്ഷണത്തിലുണ്ടെന്നും ഉറപ്പാക്കാനാവാത്ത സാഹചര്യമുണ്ടാക്കും. മുമ്പ് ഡൽഹിയിൽനിന്നുള്ള മംഗള എക്സ്പ്രസ്സും മുംബൈയിൽനിന്നുള്ള നേത്രാവതി എക്സ്പ്രസ്സും കൊങ്കൺവഴി ഓടിത്തുടങ്ങിയപ്പോൾ സംസ്ഥാനസർക്കാർ ഇടപെട്ട് സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഈ വണ്ടികൾ കാസർകോട് , കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തിയിരുന്നത്. ഇറങ്ങുന്ന യാത്രക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് റെയിൽവേ, പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശഭരണവിഭാഗം എന്നിവയുടെ സഹകരണത്തോടെ വീടുകളിൽ ക്വാറന്റീൻ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. യാത്രക്കാരുടെ പരിശോധന, മാർഗനിർദേശങ്ങൾ നൽകൽ, നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ സ്റ്റോപ്പുകളുെട എണ്ണം പരിമിതപ്പെടുത്തുകയോ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തുകയോ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
from money rss https://bit.ly/2GcOZKw
via
IFTTT