121

Powered By Blogger

Thursday, 6 February 2020

ബാങ്ക് റെഡി, കാപ്പി വന്നില്ല

കേരള ബജറ്റ് - 2 പറഞ്ഞത്, ചെയ്തത് പറഞ്ഞുകൊണ്ടിരിക്കുന്നത് ''2019-20ലെ ഏറ്റവും നിർണായക സംഭവം കേരളബാങ്കിന്റെ രൂപവത്കരണമാകുമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല'' -ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ബജറ്റിൽ ഇങ്ങനെ പറഞ്ഞത് അതിശയോക്തിയായില്ല. 2019 നവംബർ 29-ന് കേരളബാങ്ക് യാഥാർഥ്യമായി. വേറിട്ടുനിന്ന മലപ്പുറം ജില്ലാബാങ്കിനെക്കൂടി കേരളബാങ്കിന്റെ ഭാഗമാക്കാൻ ഓർഡിനൻസും പുറപ്പെടുവിച്ചു. മൂന്നുവർഷംനീണ്ട രാഷ്ട്രീയ-നിയമ പോരാട്ടത്തിനുശേഷമാണ് എൽ.ഡി.എഫ്. സർക്കാരിന് ആ തിരഞ്ഞെടുപ്പുവാഗ്ദാനം നടപ്പാക്കാനായത്. പണിതീരാതെ നവകേരളം കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും പ്രഖ്യാപിച്ച ഒട്ടേറെ പദ്ധതികൾ തുടങ്ങിവെക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്; അവയ്ക്കൊന്നും വേഗം പോരെങ്കിലും. നവകേരളനിർമാണത്തിന് 25 പദ്ധതികളാണ് കഴിഞ്ഞ ബജറ്റിൽ നിരനിരയായി പ്രഖ്യാപിച്ചത്. അതിൽ ആദ്യം പറഞ്ഞതിലൊന്ന് മലബാർ കാപ്പി എന്നതായിരുന്നു. വയനാട്ടിലെ കാപ്പിക്കർഷകരിൽനിന്ന് കാപ്പിക്കുരു സംഭരിച്ച് സംസ്കരിച്ച് മലബാർ കാപ്പി എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുക. ചർച്ചകൾ മുറയ്ക്ക് നടന്നതല്ലാതെ ആർക്കും ഇതേവരെ മലബാർ കാപ്പി കുടിക്കാനായില്ല. പ്രളയാനന്തര പുനർനിർമാണത്തിന് ലോകബാങ്കിൽനിന്നുള്ള വായ്പകൊണ്ട് നടപ്പാക്കുന്ന പദ്ധതികൾക്ക് ഇപ്പോൾ ഭരണാനുമതി ലഭിച്ചുവരുന്നതേയുള്ളൂ. 1800 കോടിരൂപയുടെ പദ്ധതികളിൽ 807 കോടിയുടെ പദ്ധതികൾക്ക് അനുമതിയായി. ചെലവാക്കാൻ പണമില്ലാതെ നവകേരളനിർമാണം ഇഴയുകയാണ്. പണിതുടങ്ങാൻ ഇനിയും 1384 വീടുകൾ 2018-ലെ പ്രളയത്തിൽ പൂർണമായും തകർന്ന 10151 വീടുകളിൽ ഇനിയും 1384 വീടുകളുടെ നിർമാണം തുടങ്ങാനുണ്ട്. പലകാരണത്താലാണ് നിർമാണം വൈകുന്നത്. സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥലം സംബന്ധിച്ച തർക്കവും നഷ്ടപ്പെട്ട വീട് പുറമ്പോക്കിലായിരുന്നതുമൊക്കെ ഇതിന് കാരണങ്ങളാണ്. ഈ തർക്കങ്ങളും തടസ്സങ്ങളും പരിഹരിക്കാൻ ഇടപെടലുണ്ടായില്ലെങ്കിൽ ഇത്രയും കുടുംബങ്ങൾ പ്രളയദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി മാറും. വീടുകളുടെ പുനർനിർമാണത്തെപ്പറ്റി ലഭിച്ച 2.84 ലക്ഷം അപ്പീലുകളിൽ 2.83 ലക്ഷവും തീർപ്പായതായാണ് സർക്കാർ കണക്ക്. 35,20,018 വീടുകളാണ് ഭാഗികമായി തകർന്നത്. ഇതിൽ ഇനിയും സഹായംകിട്ടാൻ 45 പേരേയുള്ളൂവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. നീംജി ഈ വീടിന്റെ ഐശ്വര്യം നവകേരളത്തിനായുള്ള 25 പദ്ധതികളിൽ ഇ-വാഹനങ്ങൾക്കുള്ള പ്രോത്സാഹനമാണ് സർക്കാർ എടുത്തുപറഞ്ഞത്. അതിനുള്ള ഒട്ടേറെ പരിപാടികൾക്ക് തുടക്കംകുറിച്ചു. നവംബറിൽ കേരള ഓട്ടോ മൊബൈൽസ് എന്ന പൊതുമേഖലാസ്ഥാപനം നിർമിച്ച 'നീംജി' എന്ന കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നിരത്തിലിറങ്ങി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനം ഇ-ഓട്ടോ നിർമിച്ചത്. സ്മാർട്ട് പള്ളിക്കൂടം 1,06,642 സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂം ഉറപ്പാക്കി. കിഫ്ബിയിലൂടെ കുതിപ്പുണ്ടായത് പൊതുവിദ്യാലയങ്ങൾക്കാണ്. പള്ളിക്കൂടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും സ്മാർട്ടാക്കാൻ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. ഒരു കോടിമുതൽ അഞ്ചുകോടിരൂപവരെയാണ് അനുവദിച്ചത്. വി.എച്ച്.എസ്.ഇ., എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതിയിലേക്ക് മാറി. ഓരോ ജില്ലയിലും ഓരോ സ്കൂളിൽ സ്പോർട്സ് ആൻഡ് കൾച്ചറൽ കോംപ്ലക്സ് എന്ന പദ്ധതി പൂർണമായില്ല. അതിന് സ്ഥലമെടുക്കുന്നതേയുള്ളൂ. സ്കൂൾ യൂണിഫോമായി കൈത്തറി വസ്ത്രമെന്ന വാഗ്ദാനം നടപ്പായി. എന്നാൽ, ഓരോ സ്കൂളിന്റെയും വികസനത്തിനായി പ്രാദേശികമായി കണ്ടെത്തുന്ന തുക സർക്കാരും നൽകാമെന്ന ചലഞ്ചിങ് ഫണ്ടിൽ പണമുണ്ടായിരുന്നെങ്കിലും കൂടുതൽ സ്കൂളുകൾ ഈ പദ്ധതിക്കായി മുന്നോട്ടുവന്നില്ല. കിഫ്ബിയിൽ കോളേജുകളുടെ അടിസ്ഥാനവികസനത്തിന് 750 കോടി രൂപ നൽകി. ആധുനിക കോഴ്സുകളെന്ന പ്രഖ്യാപനം പാലിച്ച് റോബോട്ടിക്സ്, ബാച്ചിലർ ഓഫ് ഡിസൈൻ എന്നിങ്ങനെ ആറുകോഴ്സുകൾ തുടങ്ങി. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തിക നികത്തുമെന്നതായിരുന്നു പ്രധാന വാഗ്ദാനം. സർവകലാശാലകളിൽ നിയമനം നടന്നുവരുന്നു. സർക്കാർ കോളേജുകളിൽ നിയമനംനടന്നു. എന്നാൽ, എയ്ഡഡ് കോളേജുകളിൽ നിയമനത്തിന് ഉത്തരവായില്ല. ആയുഷ്മാൻ ഭവിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിലും നടപ്പാക്കിയെങ്കിലും സാമ്പത്തികപ്രതിസന്ധികാരണം ഇൻഷുറൻസ് കമ്പനിക്ക് യഥാസമയം പണം നൽകാനാവുന്നില്ല. സ്വന്തമായി പ്രീമിയമടച്ച് പുതിയവരെ ചേർക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സമഗ്ര ഇൻഷുറൻസ് തുടങ്ങിയെങ്കിലും കരാറിൽനിന്ന് പിൻമാറേണ്ടിവന്നു. സർക്കാർ ആശുപത്രികളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ കൂടുതൽപേർ അവയെ ആശ്രയിച്ചുതുടങ്ങി. അത്യാഹിതചികിത്സ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ജനറൽ ആശുപത്രികളിൽ ട്രോമാകെയർ സംവിധാനത്തിന് തുടക്കമിട്ടു. കനിവ് 108 ആംബുലൻസുകൾ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നതിന് 315 ആംബുലൻസുകൾ നിരത്തിലിറക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ചതും ആരോഗ്യവകുപ്പിലാണ്. ഡോക്ടർമാരുടേതടക്കം മൊത്തം 5217 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിൽ ഏറെയും കഴിഞ്ഞ വർഷമായിരുന്നു. 504 സാമൂഹികാരോഗ്യകേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. ഭൂമി വാങ്ങി,തൊഴിലവസരം ഒത്തില്ല വൻതോതിലുള്ള വ്യവസായ നിക്ഷേപങ്ങളാണ് കഴിഞ്ഞ ബജറ്റ് വാഗ്ദാനം ചെയ്തത്. നിക്ഷേപ വാഗ്ദാനങ്ങളിൽ കുറവുണ്ടായില്ല. ഒരുലക്ഷം കോടിയുടെ നിക്ഷേപവാഗ്ദാനമാണ് കൊച്ചിയിൽ നടന്ന അസെന്റ് നിക്ഷേപക സംഗമത്തിലുണ്ടായത്.പത്തുകോടി രൂപയിൽത്താഴെ വിറ്റുവരവുള്ള സംരംഭങ്ങൾ തുടങ്ങാൻ മുൻഡകൂർ അനുമതി ഒഴിവാക്കിയത് നിർണായക തീരുമാനമായി. കൊച്ചികോയമ്പത്തൂർ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ നടപടികൾ മുന്നോട്ടുപോകുന്നു. പെട്രോകെമിക്കൽ ഫാക്ടറിക്കായി എഫ്.എ.സി.ടിയുടെ 600 ഏക്കർ ഏറ്റെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി കാത്തുനിൽക്കുന്നു. കേന്ദ്രം വിറ്റഴിക്കുന്ന ഇന്നാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഒരിക്കൽ സൗജന്യമായി കേന്ദ്രത്തിന് നൽകിയത് വിലകൊടുത്ത് തിരിച്ചെടുക്കേണ്ട ഗതികേടിലും. കണ്ണൂർ വിമാനത്താവളത്തിനടുത്ത് വ്യവസായ ശൃംഖലയെന്ന വാഗ്ദാനം നടപ്പായില്ല. ഐ.ടി പാർക്കുകളിൽ ഒരുലക്ഷം ചതുശ്രമീറ്റർ കൂടുതൽ സ്ഥലമൊരുക്കുമെന്ന പ്രഖ്യാപനം നടപ്പായി. എന്നാൽ ഒരുലക്ഷം പേർക്കുകൂടി നടപ്പുവർഷം തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിച്ചില്ല. 25000 ൽതാഴെ തൊഴിലവസരങ്ങളേ സൃഷ്ടിക്കാനായുള്ളൂ. മണൽ 'വാരുമോ' ഇത്തവണയും സംസ്ഥാനബജറ്റിൽ വർഷങ്ങളായി കേൾക്കുന്ന ഒരു നിർദേശമുണ്ട്. ഡാമുകളിലെ മണൽവാരി വിറ്റ് ഖജനാവ് നിറയ്ക്കുക. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഈ ആശയത്തിന്റെ ഉദ്ഘാടകൻ. പുഴ വീണ്ടും ഒഴുകിയെങ്കിലും ഖജനാവിൽ മണൽപ്പണം എത്തിയില്ല. ഇപ്പോൾ പ്രളയത്തിൽ അണക്കെട്ടിലടിഞ്ഞ മണൽവാരാൻ ജലവിഭവപദ്ധതി ടെൻഡർ വിളിച്ചിട്ടുണ്ട്. ഇപ്പോഴും ഇതൊരു വരുമാനമാർഗമായി മുന്നിലുണ്ട്. ഈ ബജറ്റിലും മണൽവാരാൻ സർക്കാരിറങ്ങിയേക്കാം. തയ്യാറാക്കിയത്: അനീഷ് ജേക്കബ്, എസ്.എൻ. ജയപ്രകാശ്, ടി.ജി. ബേബിക്കുട്ടി, എം. ബഷീർ, ബിജു. പരവത്ത് (തുടരും)

from money rss http://bit.ly/2tCCyBS
via IFTTT