'ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്നാണ് നെല്ലിക്കയെക്കുറിച്ചുള്ള പഴമൊഴി . എന്നാല്‍ സൗഹൃദത്തിന്റെ , ജീവിതത്തിന്റെ ,സംഗീതത്തിന്റെ മധുരവുമായി എത്തിയ ഈ നെല്ലിക്ക എപ്പോഴും മധുരിക്കും.യൗവനത്തിന്റെ കഥ പറയുന്ന മ്യൂസിക്കല്‍ ത്രില്ലറിനപ്പുറവും നെല്ലിക്ക ഒരു പാട് സഞ്ചരിക്കുന്നു. കുടുംബബന്ധത്തിലെ സ്‌നേഹോഷ്മളതയും പ്രണയവും എല്ലാം നിറയുമ്പോഴും കോഴിക്കോടിന്റെ സ്വന്തം ബാബുക്കയുടെ സംഗീതയുഗത്തെയും ചിത്രം ഓര്‍മപ്പെടുത്തുന്നു.
എഡിറ്ററില്‍ നിന്ന് സംവിധായകനിലേക്ക് ഉയര്‍ന്ന ബിജിത്ത്ബാലയ്ക്ക് തന്റെ ആദ്യചിത്രം കൈക്കുറ്റപ്പാടുകളില്ലാതെ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതുമുഖ താരം ദീപക്ക് നായകനാകുന്ന ചിത്രത്തില്‍ ശശികുമാര്‍, പര്‍വീണ്‍ , മാമുക്കോയ, അതുല്‍ കുല്‍ക്കര്‍ണി, ജിജോയ്, ഗീഥാസലാം, സുനില്‍സുഗത, ഭഗത്, അഞ്ജലി ഉപാസന, സിജാറോസ്, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പി.വി.ജയരാജ്, സുരേഷ് കൃഷ്ണ, മറീന,ആര്‍.ജെ.ഷാന്‍, നിവിന്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ബാബുരാജിന്റെ ഈണം ഹൃദയത്തിലേറ്റി നടക്കുന്ന റിട്ടയേര്‍ഡ് അധ്യാപകന്‍ ഹരിമാസ്റ്റര്‍. അദ്ദേഹത്തിന്റെ രണ്ടു മക്കളില്‍ ഒരാള്‍ വെസ്‌റ്റേണ്‍ സംഗീതത്തിന്റെ വഴിയേ നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്-ബാലു. ബോബ് മാര്‍ലിയുടെ ആരാധകനാണ് ഈ ചെറുപ്പക്കാരന്‍ . ഹരിമാസ്റ്ററും സുഹൃത്തുക്കളും ചേര്‍ന്ന് ബാബുരാജ് സംഗീതം കലാകേന്ദ്രം തുടങ്ങുന്നു. ഹരിമാസ്റ്ററുടെ കുടുംബത്തിലേക്ക് മരുമകന്‍ സതീഷ് കയറി വരുന്നതോടെയാണ് കഥയുടെ പ്രധാന വഴിത്തിരിവ്. ആദ്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി കഥ പറയാന്‍ ബിജിത്തിന് കഴിഞ്ഞു. പി.ആര്‍.അരുണ്‍കുമാറിന്റേതാണ് കഥ. ബിജിത്ത് ബാലയും അരുണ്‍കുമാറുമാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്.
ബാലുവായി ദീപക്കും സതീഷായി അതുല്‍ കുല്‍ക്കര്‍ണിയുമാണ് വേഷമിട്ടത്. ശശികുമാര്‍ ഹരിമാസ്റ്റര്‍ക്ക് ജീവന്‍ നല്കി. ഇവരുള്‍പ്പെടെയുള്ള എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകള്‍ ഭദ്രമാക്കിയിട്ടുണ്ട്. ചെറുപ്പത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതവും മെലഡിയുടെ ഇമ്പമാര്‍ന്ന ഈണവുമായി ആറ് ഗാനങ്ങളും നെല്ലിക്കയെ സമ്പന്നമാക്കുന്നു. ബിജിബാലാണ് സംഗീതം. മലബാര്‍ ഭാഷയും നന്നായി ഉപയോഗപ്പെടുത്തിയ ചിത്രം മനോഹരമായ ക്യാമറാഫ്രെയ്മുകളോടെയാണ് പൂര്‍ണമാകുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ്.കുമാറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്.
സമകാലിക സമൂഹത്തില്‍ കാണുന്ന പല കാഴ്ചകള്‍ക്കപ്പുറം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു പാട് ഘടകങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട് നെല്ലിക്കയില്‍ .ചെറിയ ഇടവേളയ്ക്കു ശേഷം കല്പക ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ച ചിത്രം കൂടിയാണിത്. എ.ആര്‍ .പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ റൗഫാണ് ചിത്രത്തിന്റെ നിര്‍മാണം.
from kerala news edited
via IFTTT