Story Dated: Monday, March 9, 2015 01:54
തൃശൂര്‍: ഇരുട്ടിനെ മറികടന്ന് അമൃത ഇന്ന് പ്ലസ് വണ്‍ പരീക്ഷ എഴുതും. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മനസിന് ശക്‌തി നല്‍കി പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് അമൃത പരീക്ഷയ്‌ക്ക് തയാറായിട്ടുള്ളത്. വില്ലടം ജി.എച്ച്.എസ്. സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. നൂറുശതമാനം കാഴ്‌ചവൈകല്യമുള്ള അമൃത ബ്രെയിലിയുടെ സഹായത്തോടെയാണ് പഠിക്കുന്നത്. അധ്യാപകരും കൂട്ടുകാരും പഠനത്തിന് എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. ക്ലാസ്‌മുറിയിലെ പഠനത്തിന് പുറമെ ഐ.ടി.എസ്.എസ്. റിസോഴ്‌സ് കേന്ദ്രത്തിലെ അധ്യാപിക രേണുകയും ഒപ്പമുണ്ട്.
പരീക്ഷ എഴുതാന്‍ അമൃതയെ സഹായിക്കുന്നത് ഹോളി ഫാമിലിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്യയാണ്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്‌ഥമാക്കിയിരുന്നു ഈ മിടുക്കി. സംസ്‌ഥാനസ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കവിതാ രചനയ്‌ക്ക് രണ്ടാംസ്‌ഥാനവും മോണോ ആക്‌ടില്‍ എ ഗ്രേഡും നേടി. അമൃത എഴുതിയ സ്‌നേഹാമൃതം എന്ന പേരിലുള്ള കവിതാസമാഹാരം അധ്യാപകരും കൂട്ടുകാരും ചേര്‍ന്നാണ് പുറത്തിറക്കിയത്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയാവണമെന്നാണ് അമൃതയുടെ ആഗ്രഹം. പട്ടാമ്പി പോങ്ങല്ലൂര്‍ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയായ ചന്ദ്രികയാണ് അമ്മ, അച്‌ഛന്‍ ബാലകൃഷ്‌ണന്‍, സഹോദരന്‍ ശ്രീരാഗ്.
from kerala news edited
via IFTTT