Story Dated: Monday, March 9, 2015 01:54
കുന്നംകുളം: ഒരേ പ്രസവത്തില്‍ ജനിച്ച അപൂര്‍വ സഹോദരങ്ങള്‍ ഇന്ന് പരീക്ഷാ ഹാളിലേക്ക്. ചിറമനങ്ങാട് കോണ്‍കോഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ താനിയ, ഫാരിസ്, ഫെബിന്‍, ഫയാസ് എന്നിവരാണ് ഇന്ന് നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത്.
ചിറമനങ്ങാട് ചെമ്പ്രയൂര്‍ വീട്ടില്‍ ശരീഫ്-സൈനബ ദമ്പതികളുടെ മക്കളാണ് ഈ നാല്‍വര്‍ സംഘം. മൂന്നു ആങ്ങളമാരുടെ സംരക്ഷണയിലാണ് സഹോദരി താനിയ. എല്‍.കെ.ജി. മുതല്‍ പത്താം ക്ലാസ് വരെയുള്ള പഠനം ഒരേ സ്‌കൂളില്‍ ഒരേ ക്ലാസിലാണെന്നുള്ള പ്രത്യേകതയും ഈ നാല്‍വര്‍ സംഘത്തിനുണ്ട്. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസിലിരുന്നു പഠിച്ചു കളിച്ചു വളര്‍ന്നു വന്നവര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എന്നും കൗതുകം നിറഞ്ഞവരാണ്. ഇവരുടെ മൂത്ത സഹോദരി തസ്‌നി ഈ സ്‌കൂളില്‍നിന്നാണ് ഉയര്‍ന്ന മാര്‍ക്കോടെ പഠിച്ച് പാസായത്. പിതാവ് ശരീഫ് ഗള്‍ഫിലാണ്. നാല്‍വര്‍ സംഘത്തിന്റെ എസ്.എസ്.എല്‍.സി. പരീക്ഷ ആഘോഷമാക്കുവാന്‍ കഴിഞ്ഞ ദിവസം ശരീഫ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന ഉണ്ണി, മാനേജര്‍ ബഷീര്‍ എന്നിവരുടെ പ്രത്യേക ലാളനയും ശ്രദ്ധയും ഈ നാല്‍വര്‍ സംഘത്തിനുണ്ട്. പഠിക്കാന്‍ നാലുപേരും മിടുക്കന്മാരാണെന്ന് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈ സ്‌കൂളിലെ കരിയന്നൂര്‍ പാമ്പ്രാ വീട്ടിലെ കുഞ്ഞിമുഹമദ്-സുഹ്‌റ ദമ്പതികളുടെ ഇരട്ടകളായ ഹസ്‌നയും അല്‍താഫും ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നുണ്ട്. സ്‌കൂള്‍ അധ്യാപകരുടെ അനുഗ്രഹാശിസുകളോടെ ഇവര്‍ ഇന്ന് പരീക്ഷ ഹാളിലേക്ക് പ്രവേശിക്കും.
from kerala news edited
via IFTTT