Story Dated: Monday, March 9, 2015 01:53
കാസര്‍ഗോഡ്: മൂന്ന്, നാല് ക്ലാസ്സുകളിലെ ഗണിതപഠനം ആസ്വാദ്യമാക്കാന്‍ കുമ്പള ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌തല മെട്രിക് മേള കുമ്പഡാജെ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളില്‍ സംഘടിപ്പിച്ചു. മെട്രിക് അളവുമായി ബന്ധപ്പെട്ട് മൂന്നും നാലും ക്ലാസ്സുകളിലെ കുട്ടികള്‍ നേടിയ പഠനനേട്ടങ്ങള്‍, ആശയങ്ങള്‍ എന്നിവ പങ്കുവെയ്‌ക്കുന്നതിനും മെട്രിക് ഉപകരണങ്ങളുടെ നിര്‍മ്മാണരീതി പരിശീലിക്കുന്നതിനും വേണ്ടിയാണ് മേള സംഘടിപ്പിച്ചത്.
പഴയകാല അളവു ഉപകരണങ്ങളായ ചെറുനാഴി, ഇടനാഴി, ഇടങ്ങഴി, പറ, ത്രാസ്സ് തുടങ്ങി ആധുനിക അളവ് ഉപകരണമായ സ്‌കെയില്‍ വരെ മേളയില്‍ പ്രദര്‍ശിപ്പിച്ചു. അന്യം നിന്ന ്‌പോകുന്ന പഴയ അളവു പകരണങ്ങളുടെ പ്രദര്‍ശനം കുട്ടികള്‍ക്ക് കൗതുകമായി.
ക്ലോക്കുകളുടെ പഴയ മാതൃക മുതല്‍ പുത്തന്‍മാതൃക വരെ മേളയില്‍ പ്രദര്‍ശിപ്പിച്ചതും ശ്രദ്ധേയമായി. ഉള്ളളവ് അളക്കുന്ന കൊണ്ട, മൊന്ത, ദൂരമളക്കുന്ന ടേപ്പ്, ആശാരിയുടെ മുഴകോല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന അളവുപകരണങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ച മെട്രിക്‌മേളയില്‍ ഉണ്ടാക്കിയ ഉത്‌പന്നങ്ങളാണ് ഇതിലധികവും. കുമ്പഡാജെ പഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളിലെ 40ഓളം വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്. വിവിധ അളവുതൂക്ക ഉപകരണങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മേളയില്‍ എത്തിയവര്‍ക്ക് പറഞ്ഞുകൊടുത്തത്.
വിവിധതരം സ്‌കെയിലുകളുടെ നിര്‍മ്മാണം, ഡൈസ് നിര്‍മ്മാണം, പാള പ്ലേറ്റുകള്‍കൊണ്ടുളള ക്ലോക്ക് നിര്‍മ്മാണം എന്നിവയിലും മേളയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. മെട്രിക് മേള കുമ്പഡാജെ ഗ്രാമപഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആനന്ദ കെ. മൗവ്വാര്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്തംഗം ഖദീജ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ സുവര്‍ണ്ണ, സിആര്‍സി കോഡിനേറ്റര്‍ അംബിക ടീച്ചര്‍, പി.ടി.എ. പ്രസിഡണ്ട് എം.എ ലത്തീഫ്, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്‌ദുള്‍ റഹ്‌മാന്‍, കെ. പ്രിയേഷ്, മഹാലിംഗ പ്രകാശ്, എ. അബ്‌ദുളള തുടങ്ങിയവര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT