121

Powered By Blogger

Wednesday, 7 January 2015

ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു








ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു


Posted on: 08 Jan 2015


ബെംഗളൂരു: പകല്‍സമയം നഗരത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ നിരോധിച്ച പോലീസ് നടപടി പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു. നിരോധനത്തിനെതിരെ ലോറി ഉടമകള്‍ സമരത്തിലാണ്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്നാണ് രാവിലെ ആറ്് മുതല്‍ രാത്രി പത്ത് വരെ ട്രക്കുകള്‍ക്കും ലോറികള്‍ക്കും പോലീസ് നിരോധനം ഏര്‍പ്പെടുത്തിയത്. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെയും പാല്‍ വണ്ടികളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ട്രക്കുകള്‍ നിരോധിച്ചതിനെതിരെ വ്യാപാരികളും രംഗത്തെത്തി. ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന ലോറികള്‍ രാവിലെയെത്തിയാല്‍ രാത്രി പത്ത് വരെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. പച്ചക്കറിയുമായി എത്തുന്ന ലോറികളും നിരോധനത്തെത്തുടര്‍ന്ന് ദുരിതത്തിലാണെന്നാണ് ലോറി ഉടമകളുടെ ആരോപണം.

നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളില്‍നിന്ന് നിരവധി നിവേദനം ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍.റെഡ്ഡി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച മുമ്പാണ് നഗരത്തില്‍ ലോറികള്‍ക്ക് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രധാന റോഡുകളിലൂടെ ചരക്ക് വാഹനങ്ങള്‍ പോകുന്നത് പലപ്പോഴും ഗതാഗത കുരുക്കിനിടയാകുകയും ഇതേക്കുറിച്ചുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്നുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് നടപടി സ്വീകരിച്ചത്. ടാങ്കര്‍ ലോറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗതത്തിരക്കേറുന്ന സമയങ്ങളില്‍ ടാങ്കര്‍ ലോറികളും നഗരത്തിനുള്ളില്‍ ഓടുന്നതിന് നിയന്ത്രണം ഉണ്ട്. ഇതിനെതിരെ പെട്രോള്‍ പമ്പ് ഉടമസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ടെമ്പോ ട്രാവലര്‍മാര്‍ അടക്കമുള്ള ഡ്രൈവര്‍മാരുടെ ജോലിയെ ബാധിക്കുന്നതും തികച്ചും അശാസ്ത്രീയമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഫെഡറേഷന്‍ ഓഫ് ഗുഡ്‌സ് ട്രക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

നഗരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് കാരണം ചരക്ക് വാഹനങ്ങളല്ലെന്നും പാര്‍ക്കിങ് സൗകര്യം വിപുലീകരിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ പല റോഡുകളിലും വാഹനങ്ങള്‍ തോന്നുന്ന പോലെ പാര്‍ക്ക് ചെയ്യുന്നതാണ് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണം. എന്നാല്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ട്രക്കുടമകള്‍ ആരോപിച്ചു. വിവിധ സംഘടനകളില്‍ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ടെങ്കിലും നിരോധനം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (ട്രാഫിക്) ബി. ദയാനന്ദ പറഞ്ഞു. ചരക്ക് വാഹനങ്ങള്‍ നിരോധിച്ചത് ചെറുകിട വ്യവസായ യൂണിറ്റുകളെ ബാധിച്ചു.











from kerala news edited

via IFTTT