നാടകോത്സവം സമാപിച്ചു; വിധിപ്രഖ്യാപനം ഇന്ന്
Posted on: 08 Jan 2015
ഒരു മാസമായി അബുദാബിയിലെ പ്രേക്ഷകര്‍ക്ക് നാടകരാവായിരുന്നു. ഇത്തവണ 15 നാടകങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി. ഇതില്‍ പതിന്നാലെണ്ണവും കേരളത്തില്‍ നിന്നെത്തിയ പ്രമുഖ നാടക സംവിധായകരുടെ നേതൃത്വത്തില്‍ അരങ്ങിലെത്തിയവയായിരുന്നു. പ്രശസ്ത കഥാകാരന്‍ ടി.വി.കൊച്ചുബാവയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പ്രവാസി ചിത്രകലാധ്യാപകനായ രാജീവ് മുഴക്കുള രചനയും സംവിധാനവും നിര്‍വഹിച്ച് ക്ലാപ്‌സ് ക്രിയേഷന്‍ അവതരിപ്പിച്ച 'സൂചിക്കുഴയില്‍ ഒരു യാക്കോബ്', ഗിരീഷ് ഗ്രാമികയുടെ രചനയില്‍ ബിജു കൊട്ടില സംവിധാനം നിര്‍വഹിച്ച തിയോറ റാസ് അല്‍ ഖൈമയുടെ 'ഒറ്റമുറി', ജി.ശങ്കരപ്പിള്ളയുടെ രചനയില്‍ സുവീരന്‍ സംവിധാനം ചെയ്ത തീയറ്റര്‍ ദുബായുടെ 'ഹംസഗീതം' എന്നിവയാണ് അവസാനമായി വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.
പ്രശസ്ത സിനിമാ നാടക പ്രവര്‍ത്തകനായ പ്രമോദ് പയ്യന്നൂരും പ്രൊഫസര്‍ അലിയാരുമാണ് ഇത്തവണത്തെ വിധികര്‍ത്താക്കളായി എത്തിയിട്ടുള്ളത്. നാടക വിധിനിര്‍ണയത്തിലെ സൂക്ഷ്മമായ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഓരോ നാടക സംഘങ്ങള്‍ക്കും തങ്ങളവതരിപ്പിച്ച നാടകത്തിന്റെ തെറ്റും ശരികളും വിശദമാക്കുന്ന കുറിപ്പും നല്‍കുമെന്ന് പ്രമോദ് പയ്യന്നൂര്‍ വ്യക്തമാക്കി. അടുത്തകാലത്തൊന്നും കേരളത്തിലെ ഒരു നാടക മത്സരത്തിലും 15 ഓളം നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത് തന്നെ ഭരത് മുരളി നാടകോത്സവത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. നാടകത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുരളിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട നാടകോത്സവം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.
from kerala news edited
via IFTTT