Story Dated: Thursday, January 8, 2015 02:12
തൃപ്രയാര്‍: രണ്ട് കൊലക്കേസിലും ഒരു കൊലപാതകശ്രമ കേസിലുമായി മൂന്നുപ്രതികളെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ്സംഘം അറസ്‌റ്റുചെയ്‌തു. അത്തു എന്നും ഉണ്ടക്കണ്ണന്‍ എന്നും അറിയപ്പെടുന്ന വലപ്പാട് വട്ടപ്പരത്തി തോട്ടാരത്ത് നിഖില്‍ (24), കെ.ടി.എന്നും തൊരപ്പന്‍ എന്നും അറിയപ്പെടുന്ന വട്ടപ്പരത്തി കിഴക്കേപ്പാട്ട് സലീഷ് (24), വലപ്പാട് പയച്ചോട് സ്വദേശി ഷിനോജ് (മുത്തു-20) എന്നിവരാണ് അറസ്‌റ്റിലായത്.
ഇവരില്‍ സലീഷും ഷിനോജും ബംഗളുരുവില്‍ ജാക്‌സനെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികളാണ്. ഷിനോജ് അന്തിക്കാട് പോലീസ്സ്റ്റേഷന്‍ പരിധിയിലെ മുറ്റിച്ചൂരില്‍ കഴിഞ്ഞ ഓണനാളില്‍ എതിരാളിയായ ഉണ്ണിക്കണ്ണനെന്നു കരുതി ബിസിനസുകാരനായ ജിതേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. അത്തു എന്ന നിഖിലും മുറ്റിച്ചൂരിലെ കേസില്‍ ഉള്‍പ്പെട്ടയാളാണ്. അന്‍സില്‍ വധക്കേസില്‍ ഷിനോജിന് പങ്കില്ല. മറ്റു രണ്ടുപേരും ഇതില്‍ പങ്കാളികളാണ്. അന്‍സില്‍ വധക്കേസില്‍ ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം 25 ആയി. 12 പേരെക്കൂടി പിടികിട്ടാനുണ്ട്. ഇവരില്‍ വിവേക് എന്നയാള്‍ ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട്.
പോലീസ് പറയുന്നത്: നേരത്തേ അറസ്‌റ്റുചെയ്യപ്പെട്ട അന്‍സില്‍ കൊലക്കേസിലെ പ്രതികളെ ചോദ്യംചെയ്‌തതില്‍നിന്ന് മുറ്റിച്ചൂരില്‍ ജിതേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് അത്തു എന്ന നിഖിലും മുത്തു എന്ന ഷിനോജും ഉള്‍പ്പെട്ട സംഘമാണെന്ന് അറിവായി. ബംഗളുരുവിലും തമിഴ്‌നാട്ടിലും ഒളിവിലായിരുന്ന പ്രതികളില്‍ അത്തു തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കെ.ടി. എന്ന സലീഷിനെയും മുത്തു എന്ന ഷിനോജിനെയും കരയാമുട്ടത്തുനിന്ന് അറസ്‌റ്റുചെയ്യുകയായിരുന്നു. ഇവരെ ചോദ്യംചെയ്‌തതില്‍നിന്നാണ് വിയ്യൂര്‍ പോലീസ്സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ജാക്‌സനെ (23) ബംഗളുരുവില്‍വച്ച് കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച വിവരം അറിയുന്നത്.
മുത്തു എന്ന ഷിനോജാണ് ഈ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുള്ളത്. ജാക്‌സനെ കാണാനില്ലെന്നുകാട്ടി പിതാവ് ജെയിംസ് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം പ്രതിയില്‍നിന്ന് അറിയുന്നത്. ഇതോടെ മിസിങ് കേസ് കൊലക്കേസായി മാറി. അത്തു എന്ന നിഖിലിന് അന്തിക്കാട് പോലീസ്സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക കേസും വലപ്പാട് സ്‌റ്റേഷനില്‍ രണ്ട് കൊലപാതകശ്രമ കേസും നിലവിലുണ്ട്.
കെ.ടി. എന്ന സലീഷിനെ മുക്കാല്‍ കിലോ കഞ്ചാവടക്കം പോലീസ് നാലുമാസം മുമ്പ് അറസ്‌റ്റുചെയ്‌തിരുന്നു. വലപ്പാട് പോലീസ്സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കൊലപാതശ്രമ കേസും നിലവിലുണ്ട്. നേരത്തേ പിടികൂടിയ പ്രതികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് കഞ്ചാവ് ചില്ലറ വില്‌പനക്കാരെ 300 ഗ്രാം കഞ്ചാവുസഹിതം കഴിഞ്ഞ ഡിസംബറില്‍ പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, ബംഗളുരു കേന്ദ്രീകരിച്ചിട്ടുള്ള അന്തര്‍സംസ്‌ഥാന മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരാണ് പ്രതികളെന്നും പോലീസ് പറഞ്ഞു.
തൃശൂര്‍ റൂറല്‍ എസ്.പി. എന്‍. വിജയകുമാറിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പി.എ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ചേര്‍പ്പ് സി.ഐ. കെ.സി. സേതു, കൊടുങ്ങല്ലൂര്‍ സി.ഐ. കെ.ജെ. പീറ്റര്‍, വലപ്പാട് എസ്.ഐ. കെ.ജി. ആന്റണി, എ.എസ്.ഐ. എം.പി. മുഹമ്മദ് റാഫി, എസ്.സി.പി.ഒമാരായ എം.കെ. ജലീല്‍, സി.കെ. ബാബു, പി.കെ. റഫീക്, സി.പി.ഒമാരായ കെ. രാജേഷ്, ഐ.ആര്‍. ലിജു എന്നിവരും ഉണ്ടായിരുന്നു.
from kerala news edited
via IFTTT