ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം
Posted on: 08 Jan 2015
ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും അയവിറക്കി പതിമ്മൂന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ തുടങ്ങി. ഗുജറാത്ത്് സര്‍ക്കാറിന്റെ അഭിമാനസ്തംഭമായ ഗാന്ധിനഗറിലെ അതിവിശാലമായ മഹാത്മ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ യുവ പ്രവാസി സമ്മേളനമാണ് ആദ്യദിനം നടന്നത്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.
മോദി സര്‍ക്കാറിന്റെ നയപരിപാടികള്‍ പ്രവാസികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. 'മെയ്ക്ക് ഇന്‍ ഇന്ത്യ', സ്മാര്‍ട്ട്് സിറ്റി പദ്ധതികള്‍, നമാമിഗംഗ പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. അതത് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് പദ്ധതികള്‍ വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിസഭാംഗങ്ങള്‍ മൂന്നുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തില്‍ ചേര്‍ന്നും അതിന് സംഭാവനചെയ്തും ആഘോഷിച്ചും പങ്കാളികളാവാന്‍ യുവ പ്രവാസികളോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആഹ്വാനംചെയ്തു. യുവ പ്രവാസിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തുടര്‍ന്ന് 'ഭാരത് കൊ ജാനോ' (ഭാരതത്തെ അറിയൂ), 'ഭാരത് കൊ മാനോ' (ഭാരതത്തെ പിന്തുടരൂ) എന്നീ മുദ്രാവാക്യങ്ങളുള്ള രണ്ട് പ്ലീനറി സെഷനുകള്‍ നടന്നു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനംചെയ്ത രണ്ടാമത്തെ സെഷനില്‍ മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അഭിസംബോധനചെയ്തു.
മൂന്ന് സമകാലിക വിഷയങ്ങളാണ് ഈ സമ്മേളനം വിശകലനംചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടത്. ഇതിലേക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചിട്ടുണ്ട്. വിമാന നിരക്കിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ തട്ടിപ്പുകള്‍, അകാരണമായ ജയില്‍ശിക്ഷകള്‍, നാട്ടിലെ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യവകുപ്പ് വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിനാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. അന്ന് നടക്കുന്ന കേരളത്തിന്റെ പ്രത്യേക സെഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുന്നുണ്ട്.
from kerala news edited
via IFTTT