Story Dated: Wednesday, February 4, 2015 12:47
തിരൂര്‍: നാല്‍പ്പതോളം ഫയലുകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ഭരണപക്ഷം നിസ്സംഗത പാലിക്കുകയാണെന്നും ഒരു ഫയല്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അനേ്വഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് തിരൂര്‍ നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ പ്രതിപക്ഷ ബഹളം. ഇതിനെതുടര്‍ന്ന് ചെയര്‍പേഴ്‌സന്‍ കൗണ്‍സില്‍യോഗം നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍യോഗമാണ് ബഹളത്തില്‍ കലാശിച്ചത്.
നഗരസഭയില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പ്ലാനുകള്‍ അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് വിഭാഗം പരിശോധന നടത്തുന്നതിനു മുമ്പ് നാല്‍പ്പതോളം ഫയലുകള്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഈ ഫയലുകള്‍ വിജിലന്‍സിനു പരിശോധിക്കാന്‍ ലഭിച്ചില്ല. അതേസമയം കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയെന്ന് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. വിജിലന്‍സ് എന്‍ക്വയറി കഴിഞ്ഞ ശേഷം ലക്ഷ്‌മണന്‍ എന്നൊരാള്‍ അയച്ച രീതിയില്‍ ചെയര്‍പേഴ്‌സന്റെ മേല്‍വിലാസത്തില്‍ ഒരു ഫയല്‍ കൊറിയറില്‍ വന്നു. മുനിസിപ്പല്‍ ടൗണ്‍ഹാളിന്റെ നവീകരണ പ്രക്രിയയുടെ ഫയലായിരുന്നു അത്.
ഫയല്‍ അപ്രത്യക്ഷമായ സംഭവത്തെക്കുറിച്ച് അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ചെയര്‍മാനെ ഉപരോധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അപ്രത്യക്ഷമായ ഫയല്‍ തിരിച്ചു വന്ന സംഭവത്തില്‍ തിരൂര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അനേ്വഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കേസനേ്വഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ കെ. കൃഷ്‌ണന്‍ നായര്‍, പി.പി ലക്ഷ്‌മണന്‍, വി. കുഞ്ഞീര്യം, ഷര്‍മ്മിള ദാസന്‍, പി. സഫിയ എന്നിവര്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ ഇറങ്ങിയത്.
ബഹളമായതോടെ ആദ്യത്തെ അഞ്ച് അജണ്ട അംഗീകരിച്ചതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്യാവാക്യം വിളിച്ച് മുനിസിപ്പല്‍ ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധിച്ചു. ഫയല്‍ മോഷണക്കേസിന്റെ അനേ്വഷണം ത്വരിതപ്പെടുത്തി നടപടികള്‍ സ്വീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
from kerala news edited
via IFTTT