121

Powered By Blogger

Tuesday, 3 February 2015

കൊളോണ്‍ കേരള സമാജം റിപ്പബ്ലിക് ദിനാഘോഷവും പുതുവര്‍ഷ സംഗമവും നടത്തി







കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്‍ഡ്യയുടെ 66ാം റിപ്പബ്ലിക് ദിനാഘോഷവും പുതുവര്‍ഷ സംഗമവും വര്‍ണ്ണശബളമായി കൊണ്ടാടി. ജനുവരി 31 (ശനി) വൈകുന്നേരം ആറുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.



ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാവണം എന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍, മഹാകവി വള്ളത്തോള്‍ ഈരടികള്‍ പാടിക്കൊണ്ടാണ് ആഘോഷം ആരംഭിച്ചത്. രാജ്യസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും ആവേശം തുടികൊട്ടിനിന്ന പരിപാടികള്‍ പങ്കെടുത്തവര്‍ക്ക് നേര്‍ക്കാഴ്ചയുടെ അനുഭവം നല്‍കി.


'സാരേ ജഹാംസെ അഛാ' എന്ന ഗാനത്തിന്റെ മാസ്മരഭംഗി മാത്യൂസ് കണ്ണങ്കേരി ശബ്ദമാധുര്യത്തില്‍ വേദിയില്‍ ആലപിച്ചത് സമൂഹമൊരുമിച്ച് ഏറ്റുപാടി. കൊളോണ്‍ കേരള സമാജത്തിന്റെ ഏറ്റവും പുതിയ അംഗമായ ജോസി ചെറിയാന്‍ ഇന്‍ഡ്യന്‍ ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ജവഹര്‍ലാന്‍ നെഹ്‌റു, ഡോ.ബാബു രാജേന്ദ്രപ്രസാദ്, നേതാജി സുബാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാരഥന്മാരെയും, സ്വാതന്ത്യസമരസേനാനികള്‍, മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരയോദ്ധാക്കള്‍ എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച് പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതം ആശംസിച്ചു.


ഇന്‍ഡ്യയുടെ സംഭവബഹുലമായ ചരിത്രപശ്ചാത്തലം കോര്‍ത്തിണക്കി ലോകത്തില്‍ ഇന്‍ഡ്യയുടെ ഇപ്പോഴത്തെ മഹത്വം തന്മയത്വമായി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം ലളിതമായ ഭാഷയിലൂടെ വരച്ചുകാട്ടി. ആധുനിക ഇന്‍ഡ്യയുടെ കുതിപ്പും കിതപ്പും അടിസ്ഥാനമാക്കിയും വിദേശ ഇന്‍ഡ്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ഇന്‍ഡ്യയ്ക്കു നല്‍കുന്ന സംഭാവനകളെ ഉദ്ധരിച്ചുകൊണ്ടും ജോയി മാണിക്കത്ത് നടത്തിയ ആനുകാലിക ഭാരത അവലോകനം വസ്തുതാപരമായിരുന്നു.



തുടര്‍ന്ന് ഡേവിഡ് അരീക്കല്‍, തോമസ് അറമ്പന്‍കുടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിവിയന്‍ അട്ടിപ്പേറ്റി, മാത്യൂസ് കണ്ണങ്കേരില്‍, ഡേവീസ് വടക്കുംചേരി, ജോസ് പി. എന്നിവരുടെ ഗാനാലാപനം, ജോളി എം പടയാട്ടില്‍ നടത്തിയ കാവ്യചൊല്‍ക്കാഴ്ച, ത്രേസ്യാക്കുട്ടി,ജോസുകുട്ടി കളത്തില്‍പറമ്പില്‍, ഷീബ,ജോസ് കല്ലറയ്ക്കല്‍, ജോസ് പുതുശേരി, ചിന്നു പടയാട്ടില്‍, ഈത്തമ്മ കളപ്പുരയ്ക്കല്‍ എന്നിവരുടെ സമൂഹഗാനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.


സമാജം തയ്യാറാക്കിയ 2015 ലെ കൊളോണ്‍ കേരള സമാജം കലണ്ടര്‍ വിതരണത്തിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ജോയി കാടന്‍കാവിലിന് നല്‍കി നിര്‍വഹിച്ചു. അടുക്കളത്തോട്ടത്തില്‍ കൃഷിയ്ക്കായുള്ള പാവല്‍, പയര്‍, മുളക്, മത്തന്‍, വെള്ളരി, പടവലം, ചീര, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിത്തു വിതരണവും ചടങ്ങില്‍ നടന്നു. കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ ഹാസ്യസാമ്രാട്ടായ മാള അരവിന്ദനും, ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഫൊണ്‍ വൈസേക്കറിനും ചടങ്ങില്‍ ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു.


സമാജത്തിന്റെ കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ കലാപരിപാടികളുടെ അവതാരകനായിരുന്നു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. ഫോട്ടോ വിഭാഗം ജെന്‍സ് കുമ്പിളുവേലില്‍ കൈകാര്യം ചെയ്തു. ദേശീയഗാനാലാപനത്തിനു ശേഷം നടന്ന പുതുവര്‍ഷ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. സമാജം ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ബേബിച്ചന്‍ കലേത്തുംമുറിയില്‍, ജോസ് കല്ലറയ്ക്കല്‍, മേരി ജോസ് പുതുശേരി, എല്‍സി വടക്കുംചേരി, വല്‍സമ്മ കലേത്തുംമുറിയില്‍,ഷീന കുമ്പിളുവേലില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.





വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍










from kerala news edited

via IFTTT