Story Dated: Sunday, March 15, 2015 02:14
കല്‍പ്പറ്റ: വയനാട്ടില്‍ ഒന്നര മാസത്തിനിടെ കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ അഞ്ചു പേര്‍ ആദിവാസികളാണ്. 43 പേരില്‍ കുരങ്ങുപനി സ്‌ഥിരീകരിച്ചിട്ടുണ്ട്. ബത്തേരി ചെതലയം പടിപ്പുരവീട്ടില്‍ ഗംഗാധരന്റേതാണ്(42) ഏറ്റവും ഒടുവില്‍ സ്‌ഥിരീകരിച്ച കുരങ്ങുപനി മരണം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വ്യാഴാഴ്‌ച വൈകീട്ടായിരുന്നു ഗംഗാധരന്റെ മരണം. ജനുവരി 29നും മാര്‍ച്ച് 12നും ഇടയിലാണ് ഇത്രയും കുരങ്ങുപനി മരണങ്ങള്‍ സംഭവിച്ചത്.
ഗംഗാധരനു പുറമേ പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായ്‌ക്ക കോളനിയിലെ ഓമന രാജന്‍(44), ചീയമ്പം 73 കോളനിയിലെ മാധവന്‍(45), കുള്ളന്‍(50), ബൊമ്മന്‍(70), ബത്തേരി കുപ്പാടി കയ്യാലയ്‌ക്കല്‍ സുലൈഖ(45), ബത്തേരി മൂന്നാം മൈല്‍ കോളിമൂല കാട്ടുനായ്‌ക്ക കോളനിയിലെ കുഞ്ഞന്‍(44) എന്നിവരാണ് കുരങ്ങുപനി ബാധിച്ചു മരിച്ചത്. ഇതില്‍ സുലൈഖ കുരങ്ങുപനി ബാധിത പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ ആശ വര്‍ക്കറാണ്. ചെട്ടി സമുദായത്തില്‍പ്പെട്ട കര്‍ഷകനാണ് ഗംഗാധരന്‍. കുരങ്ങുപനി ബാധിതരെന്ന് സംശയിക്കുന്നവരുടെ രക്‌തം സ്‌ഥിരീകരണത്തിനായുള്ള പരിശോധനയ്‌ക്ക് മണിപ്പാലിലെ വൈറോളജിക്കല്‍ ലാബിലാണ് അയയ്‌ക്കുന്നത്.
ജില്ലയ്‌ക്കകത്തും പുറത്തുമുള്ള ആശുപത്രികളില്‍ ചികിത്സയിലുള്ളതില്‍ 43 പേരില്‍ കുരങ്ങുപനി സ്‌ഥിരീകരിച്ചിട്ടുണ്ട്. 67 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ബത്തേരി താലൂക്കിലെ പൂതാടി, പൂല്‍പ്പള്ളി, നൂല്‍പുഴ, ബത്തേരി പഞ്ചായത്തുകളിലുള്ളവരാണ് കുരങ്ങുപനി ബാധിച്ച് മരിച്ചവരും ചികിത്സയിലുള്ളവരും. താലൂക്കിലെ മറ്റു ഭാഗങ്ങളിലും വൈത്തിരി, മാനന്തവാടി താലൂക്കുകളിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ജില്ലാ ആമരാഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിലെ ദേവര്‍ഗദ്ദ, മാടപ്പള്ളിക്കുന്ന്, പാക്കം, പൂതാടി പഞ്ചായത്തിലെ ചീയമ്പം തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളാണ് കുരങ്ങുപനി ബാധിത പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡോക്‌ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, വനംവകുപ്പ് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടക്കം 167 പേര്‍ക്ക് വ്യാഴാഴ്‌ച വാക്‌സിനേഷന്‍ നല്‍കി. ഇതില്‍ 137 പേര്‍ വനിതകളാണ്. രോഗബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരും രോഗം പിടിപെടാന്‍ സാധ്യതയുള്ളതായി കാണുന്നവരിലും വെള്ളിയാഴ്‌ച മുതല്‍ കുത്തിവെപ്പ് തുടങ്ങി. ആറിനും 65നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് കെ.എഫ്.ഡി വാക്‌സിന്‍ നല്‍കുന്നത്. ഗര്‍ഭിണികള്‍, പെന്‍സിലിന്‍, ജെന്റാമൈസിന്‍ തുടങ്ങിയ മരുന്നുകളോട് അലര്‍ജിയുള്ളവര്‍, പനി, മഞ്ഞപ്പിത്ത ബാധിതര്‍ എന്നിവരെ കുത്തിവെപ്പില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.
കുത്തിവെപ്പിനു 8000 ഡോസ് മരുന്ന് സേ്‌റ്റാക്കുണ്ടെന്ന് ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.എസ്. അജയന്‍ പറഞ്ഞു. കുത്തിവെപ്പ് നടത്തുന്നതില്‍ ആദിവാസികളില്‍ പലരും വിമുഖത കാട്ടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പൂര്‍ണ സഹകരണം ലഭിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. വൈറല്‍ രോഗം പിടിപെട്ട് ചത്ത കുരങ്ങുകളുടെ ദേഹത്തുള്ള ചെള്ളിന്റെ കടിയേല്‍ക്കുന്നവരിലേക്കാണ് രോഗം പകരുന്നത്. കുരങ്ങ് ചത്തിടത്തേക്ക് പോകാതിരിക്കുകയാണ് ചെള്ളുകടി ഒഴിവാക്കുന്നതിനുള്ള മാര്‍ഗം.
കുരങ്ങുകള്‍ ചത്തുകിടക്കുന്ന സ്‌ഥലത്ത് മാലത്തിയോണ്‍ പൗഡര്‍ വിതറുന്നത് ചെള്ളുനശീകരണത്തിനുള്ള മാര്‍ഗം. അതിനാല്‍ കുരങ്ങുകള്‍ ചത്താല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ വനം അധികൃതരോട് ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ജില്ലാ കലക്‌ടറും വനം ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുരങ്ങുകള്‍ ചത്ത വിവരം പലപ്പോഴും വനം ജീവനക്കാര്‍ അറിയിക്കാറില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ കലക്‌ടര്‍ക്കാണ് കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
കുരങ്ങുകളെ ചത്തനിലയില്‍ കണ്ട വനപ്രദേശങ്ങളില്‍ അടിക്കാടിനു തീയിടുന്നതും ചെള്ളുനശീകരണത്തിനു സഹായകമാണ്. ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതനുസരിച്ചാണ് ചീയമ്പം ഏഴുപത്തിമൂന്ന് കോളനിക്ക് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വനം വകുപ്പ് അടിക്കാടിനു തീയിട്ടത്. കുരങ്ങുപനിയടക്കം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മൂഴുവന്‍ പഞ്ചായത്തുകളിലും ആരോഗ്യസന്ദേശയാത്ര നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
from kerala news edited
via IFTTT