Story Dated: Sunday, March 15, 2015 08:02
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ പാര്‍ട്ടിയിലായിരുന്നില്ല തന്നിലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ക്ക് വിശ്വസ്‌തനായ ഒരു നേതാവിനെയായിരുന്നു ആവശ്യം പാര്‍ട്ടിയെയായിരുന്നില്ല. അവരുടെ പ്രതീക്ഷ മുഴുവന്‍ തന്നില്‍ മാത്രമായിരുന്നെന്നും മോഡി പറഞ്ഞു. ബ്രിട്ടീഷ് എഴുത്തുകാരനായ ലാന്‍സ് പ്രൈസ് എഴുതിയ ദി മോഡി ഇഫക്‌റ്റ് ഇന്‍സൈഡ് നരേന്ദ്ര മോദിസ് കാംപയില്‍ ടു ട്രാന്‍സ്‌ഫോം ഇന്ത്യ എന്ന പുസ്‌കത്തിലാണ് വിവാദ വെളിപ്പെടുത്തല്‍. മോഡി പ്രധാനമന്ത്രിയായി ചുമതിയേറ്റ ശേഷം അദ്ദേഹവുമായി ലാന്‍സ് പ്രൈസ് നടത്തിയ നിരവധി അഭിമുഖങ്ങളുടെ അടിസ്‌ഥാനത്തിലാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുന്നതിന് ബി.ജെ.പിയെ സഹായിച്ച പ്രചരണ രീതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ തനിക്കാണെന്ന് മോഡി അവകാശപ്പെട്ടത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്‌തിക്ക് അവകാശപ്പെട്ടതല്ലെന്ന അദ്വാനിയുടെയും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെയും നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് മോഡിയുടെ പ്രസ്‌താവന. ഒരു നേതാവില്‍ വിശ്വാസമര്‍പ്പിക്കുന്ന ചരിത്രമാണ് ഇന്ത്യയുടേതെന്ന് മോഡി പറയുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്നും വേണ്ടത് അവരെ നയിക്കാന്‍ പോന്ന കരുത്തുറ്റ നേതാവിനെയാണ്. അവര്‍ വിശ്വസിക്കുന്നത് ഒരു പേരിലാണ്, പാര്‍ട്ടിയിലല്ലെന്നും മോഡി പറഞ്ഞു.
തനിക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അരവിന്ദ് കെജ്രിവാളിനെ ഒരു ചെറിയ നേതാവെന്നാണ് മോഡി വിശേഷിപ്പിക്കുന്നത്. മാധ്യമ താത്‌പര്യങ്ങളുടെ മേലങ്കിയണിഞ്ഞ നേതാവാണ് കെജ്രിവാളെന്നും മോഡി പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം ദൈവം തനിക്കായി മാറ്റി വച്ചിരിക്കുകയാണെന്ന് ഒരു ജോത്സ്യന്‍ പറഞ്ഞെന്ന് മോഡി അവകാശപ്പെടുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയാകുന്നതിന് താന്‍ പാര്‍ട്ടിയില്‍ ലോബി കളിച്ചിട്ടില്ല. ദൈവം തിരഞ്ഞെടുത്തത് കൊണ്ട് തന്നെ തനിക്ക് ഭയമില്ല. താന്‍ ഒരു ബുള്ളറ്റ് പ്രൂഫ് പോലും ധരിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിയായി ഇത്രയും നാള്‍ പിന്നിട്ടിട്ടും താന്‍ പ്രധാനമന്ത്രിയാണെന്ന് തോന്നുന്നില്ല. അടിയന്തരാവസ്‌ഥയാണ് തന്നെ കൂടുതല്‍ ജനാധിപത്യവാദിയാക്കിയതെന്നും മോഡി പറയുന്നു.
ബി.ജെ.പി-കോര്‍പ്പറേറ്റ് ബന്ധത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയതിനെക്കുറിച്ചും മോഡി പ്രതികരിച്ചു. അതേസമയം ഗോധ്ര സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മോഡി തയ്യാറായില്ല. ഗോധ്ര സംഭവത്തെക്കുറിച്ച് ഇതിനകം നിരവധി തവണ പ്രതികരിച്ചു കഴിഞ്ഞു. കൂടുതല്‍ അറിയണമെങ്കില്‍ റിപ്പോര്‍ട്ടുകള്‍ വായിക്കുകയോ സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പുകള്‍ വായിക്കുകയോ ചെയ്യാമെന്നായിരുന്നു മോഡിയുടെ പ്രതികരണം.
from kerala news edited
via IFTTT