Story Dated: Sunday, March 15, 2015 02:14
വെള്ളമുണ്ട: ജില്ലയിലെ 12 പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കുന്ന ജലനിധി പദ്ധതികള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. പദ്ധതി നിര്‍വഹണത്തിനായി സര്‍ക്കാര്‍ ഏല്‍പിച്ച സന്നദ്ധ സംഘടനകളുടെ പരിചയക്കുറവും കാര്യക്ഷമയില്ലാഴ്‌മയുമാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത പദ്ധതിയായി മാറാനിടയാക്കിയതെന്ന് ആക്ഷേപമുയരുന്നത്.
300ഓളം ചെറുകിട ജലവിതരണ പദ്ധതികള്‍ വിഭാവനം ചെയ്‌തതില്‍ രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് 40ഓളം പദ്ധതികള്‍ മാത്രമാണ്. ബാക്കിയുള്ളവയാകട്ടെ പലകാരണങ്ങളാലാണ് പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ജനകീയ പങ്കാളിത്തതോടെ കുടിവെള്ള വിതരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പിന്നോക്ക മേഖലകള്‍ തിരഞ്ഞെടുത്ത് 1988ലാണ് സംസ്‌ഥാനത്ത് ആദ്യമായി ജലനിധി പദ്ധതി നടപ്പിലാക്കിയത്. പിന്നീട് 2012ലാണ് ഇതേ പദ്ധതി ചില മാറ്റങ്ങളോടെ സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും നടപ്പിലാക്കാനായി രണ്ടാംഘട്ടമെന്ന നിലയില്‍ കൊണ്ടുവന്നത്.
ജില്ലയില്‍ നിന്നും 12 പഞ്ചായത്തുകളാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. പുല്‍പ്പള്ളി, പൂതാടി, കണിയാമ്പറ്റ, പനമരം, തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, കോട്ടത്തറ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി തുടങ്ങിയ പിന്നോക്ക മേഖലകളിലെ പഞ്ചായയത്തുകളിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ ഗുണഭോക്‌തൃ സമിതികള്‍ രുപീകരിച്ച് രജിസ്‌റ്റര്‍ ചെയ്‌ത് ഇവരുടെ മേല്‍നോട്ടത്തില്‍ മൂന്നുവര്‍ഷം കൊണ്ട് അംഗങ്ങളുടെ വീടുകളില്‍ വെള്ളമെത്തിക്കുക എന്ന എന്നതാണ് പദ്ധതി. പദ്ധതിക്ക് ചെലവഴിക്കേണ്ട മൊത്തം സംഖ്യയുടെ 10 ശതമാനം ഗുണഭോക്‌താക്കള്‍, 15 ശതമാനം പഞ്ചായത്ത്, 75 ശതമാനം ലോകബാങ്ക് സഹായത്തോടെ കേരള സര്‍ക്കാര്‍ എന്നിങ്ങനെയായിരുന്നു വിഭവ സമാഹരണം.
ആദിവാസികളുടെ വിഹിതവും സര്‍ക്കാര്‍ നല്‍കും. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല അതാത് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ പഞ്ചായത്തുകള്‍ കണ്ടെത്തി നല്‍കുകയാണുണ്ടായത്. പദ്ധതി ചെലവിന്റെ 30 ശതമാനത്തോളം നിര്‍വ്വഹണ ചുമതലയുള്ള സംഘടനകള്‍ക്ക് ലഭിക്കും. ഈ താല്‍പര്യം മുന്നില്‍കണ്ട് പലരും തട്ടികൂട്ടിയ സന്നദ്ധ സംഘടനകള്‍ രജിസ്‌റ്റര്‍ ചെയ്‌ത് സ്വാധീനമുപയോഗിച്ചും, കമ്മീഷന്‍ ഇടപാട് നടത്തിയും പഞ്ചായത്തിലൂടെ നിര്‍വ്വഹണ ചുമതല കൈക്കലാക്കിയതാണ് രണ്ടാംഘട്ട ജലനിധി പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കിയതായി പറയപ്പെടുന്നത്.
സന്നദ്ധ സംഘടനകള്‍ക്ക് ഉണ്ടായിരിക്കേണ്ട റിസോഴ്‌സ് പേഴ്‌സനുകളുടെ കുറവും കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയ പരിചയക്കുറവും പദ്ധതികള്‍ക്കായി ഗുണഭോക്‌താക്കളെകൊണ്ട് വിഹിതമടപ്പിക്കുന്നതിനുള്ള കഴിവുകേടുമെല്ലാം പദ്ധതിയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാവുകയായിരുന്നു. ഇതോടെയാണ് ജില്ലയില്‍ വിഭാവനം ചെയ്‌ത ചെറുതും വലുതുമായ 300 ഓളം ജലവിതരണ പദ്ധതികളില്‍ 75 ശതമാനവും എങ്ങുമെത്താതെ നീണ്ടുപോകുന്നത്. നിലവില്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട തുടങ്ങിയ പഞ്ചായത്തുകളില്‍ ഒരെണ്ണംപോലും ഇതുവരെ കമ്മീഷന്‍ ചെയ്‌തിട്ടില്ല.
പല പഞ്ചായത്തുകളിലും കമ്മീഷന്‍ ചെയ്‌തത് 50ല്‍ താഴെ ഗുണഭോക്‌താക്കളുള്ളത് നേരത്തെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയതും പിന്നീട് നിലച്ചതുമായ ചെറുകിട പദ്ധതികള്‍ നവീകരിച്ചതുമാത്രമാണ്. ഗുണഭോക്‌തൃ സമിതികളെ ഉള്‍പ്പെടുത്താതെയുള്ളതും സുതാര്യമല്ലാത്തതുമായ ടെണ്ടര്‍ നടപടികളും ജലവിതരണത്തിനായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിലെ അഴിമതിയുമെല്ലാം പദ്ധതിയുടെ വിജയത്തിന് തടസമായിരിക്കുകയാണ്. ജലനിധി നടപ്പിലാക്കിയ പഞ്ചായത്തുകളില്‍ എത്ര വലിയ വരള്‍ച്ച വന്നാലും സര്‍ക്കാര്‍ സഹായങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ ഗുണഭോക്‌താക്കളുടെ വിഹിതം പോലും വാങ്ങി നല്‍കി സര്‍ക്കാര്‍ ഏല്‍പ്പിച്ച കടലാസ് സന്നദ്ധ സംഘടനകളുടെ പിടിപ്പുകേട് കാരണം വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലെ ഗുണഭോക്‌താക്കളാണ് ദുരിതത്തിലായിരിക്കുന്നത്. 1022 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് 200 പഞ്ചായത്തുകളില്‍ ദീര്‍ഘകാലം ഗുണഭോക്‌തൃ പങ്കാളിത്തതോടെ കുടിവെള്ളമെത്തിക്കാനുള്ള ബൃഹത് പദ്ധതിയാണ് പഞ്ചായത്തുകളുടെ കമ്മീഷന്‍ കൊതികൊണ്ടും ശുഷ്‌കാന്തികുറവുകൊണ്ടും പരാജയത്തിലേക്ക് നീങ്ങുന്നത്.
from kerala news edited
via IFTTT