Story Dated: Sunday, March 15, 2015 07:11
ന്യൂയോര്‍ക്ക്: ഷാനോനും സീമയും പരസ്പരം മാല ചാര്‍ത്തിയതോടെ യു.എസ്. ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ പെണ്‍ സ്വവര്‍ഗ വിവാഹത്തിന് ന്യൂയോര്‍ക്ക് നഗരം സാക്ഷിയായി. ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ ശേഷം ആറു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരം യു.എസില്‍ നടന്ന ആദ്യ പെണ്‍ സ്വവര്‍ഗ വിവാഹവും ഇതുതന്നെ.
ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫിറ്റ്‌നസ് ക്ലാസില്‍ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. തുടര്‍ന്ന് താന്‍ സീമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ഫിറ്റ്‌നസ് ക്ലാസിലെ മറ്റൊരു അധ്യാപകന്‍ വഴി ഷാനോന്‍ സീമയെ അറിയിച്ചു. ഷാനോന്റെ പ്രണയം തിരിച്ചറിഞ്ഞ സീമ സമ്മതം മൂളി.
ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം എന്നതും ചടങ്ങിന്റെ ഭംഗി കൂട്ടി. പല്ലക്കിലേറ്റിയാണ് സീമയെ ബന്ധുക്കള്‍ വിവാഹ മണ്ഡപത്തിലെത്തിച്ചത്. സാധാരണ ഹിന്ദു വിവാഹങ്ങള്‍ക്ക് സമാനമായി പൂക്കളാല്‍ അലങ്കരിച്ച വിവാഹ മണ്ഡപത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് മോതിരം മാറ്റവും മാല ചാര്‍ത്തലിനും ശേഷം ഷാനോന്‍ സീമയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി. സുപ്രീകോടതി സ്വവര്‍ഗ വിവാഹത്തിന് അംഗികാരം നല്‍കാത്തതാണ് ഇവരുടെ വിവാഹത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സ്വവര്‍ഗ വിവാഹങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ പ്രഗത്ഭനായ സ്റ്റീഫ് ഗ്രാന്റാണ് ഈ വിവാഹത്തിലും ചിത്രങ്ങള്‍ പകര്‍ത്തിയത്. വര്‍ഷങ്ങളായി ഈ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു താന്‍ എന്നാണ് വിവാഹ ശേഷം ഗ്രാന്റ് പ്രതികരിച്ചത്. ഗ്രാന്റിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ഷാനോന്‍-സീമ സ്വവര്‍ഗ ദമ്പതികളുടെ വിവാഹ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
from kerala news edited
via IFTTT