Story Dated: Sunday, December 21, 2014 07:43
കല്‍പ്പറ്റ: കോളനിയിലെ വ്യാജവാറ്റിനെതിരേ പോലീസില്‍ പരാതി നല്‍കിയതിന് ആദിവാസി സ്‌ത്രീക്ക് വ്യാജവാറ്റുകാരുടെ മര്‍ദനം. നിരവില്‍പുഴ പാതിരിമന്ദം നരിമുമുക്ക് കോളനിയിലെ രാധ(24)യാണ് ആരോപണവുമായി രംഗത്തെത്തിയത്. ഈ വിഷയത്തില്‍ കാര്യമായി ഇടപെടാതിരുന്ന പോലീസ് എതിര്‍ഭാഗം നല്‍കിയ പരാതിയില്‍ ഗൗരവതരമായ വകുപ്പ് ചേര്‍ത്ത് കേസുടുത്തതായും ആരോപണം.
കോളനിയിലും പരിസരപ്രദേശങ്ങളിലുമായി വര്‍ഷങ്ങളായി വ്യാജവാറ്റ് നടക്കുകയാണെന്ന് രാധ പറഞ്ഞു. പുറത്തുനിന്നുള്ള ചിലരും ഇതിന് നേതൃത്വം നല്‍കുന്നുണ്ട്. ചാരായം വാറ്റി കോളനികളിലും പരിസര പ്രദേശങ്ങളിലും കൂടിയ വിലക്ക് വില്‍ക്കുകയാണ്. ഇതിനെതിരേ കഴിഞ്ഞ ഒക്‌ടോബറില്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌ഥലത്തെത്തിയ പോലീസുകാര്‍ക്ക് വാറ്റ് സ്‌ഥലവും ഉപകരണങ്ങളുമടക്കം കാണിച്ചുകൊടുത്തെങ്കിലും നടപടിയെടുത്തില്ല.
പോലീസ് വന്ന ദിവസം രാത്രി തന്നെ ഇവിടെ വാറ്റ് നടന്നു. പിറ്റേന്ന് ഒക്‌ടോബര്‍ ഏഴിന് തന്റെ വാഴത്തോട്ടത്തില്‍ നിന്ന് പുല്ലരിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ നാലുപേര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് രാധ പറഞ്ഞു. എട്ടാം തീയതി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്‌മിറ്റായി. അയല്‍വാസികളായ ചന്ദ്രന്‍, രാമന്‍ എന്നിവര്‍ക്കെതിരെ രാധ വെള്ളമുണ്ട പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കി. 19നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ആയത്. രണ്ടാഴ്‌ച കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല.
ഇതിനിടയില്‍ എതിര്‍കക്ഷികള്‍ രാധക്കെതിരേ നല്‍കിയ പരാതിയില്‍ പോലീസ് ഗുരുതരവകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്‌തു. അക്രമിക്കുന്നതിനിടയില്‍ പുല്ല് അരിയുന്ന കത്തികൊണ്ട് ഒരാളുടെ കൈവിരല്‍ മുറിഞ്ഞിരുന്നു. എന്നാല്‍ തങ്ങളെ രാധ വീട് കയറി അക്രമിച്ചെന്നാണ് എതിര്‍കക്ഷികള്‍ പരാതി നല്‍കിയത്.
അക്രമികളും പോലീസും ഒത്തുകളിക്കുകയാണെന്നും കോളനിയില്‍ ഇപ്പോഴും വ്യാജവാറ്റ് നടക്കുന്നുണ്ടെന്നും രാധ പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാധ പറഞ്ഞു.
from kerala news edited
via IFTTT