Story Dated: Friday, January 16, 2015 11:39
ക്യൂബക്: ഇസ്‌ളാമിക വിരുദ്ധത ആരോപിച്ച് തന്റെ ഭര്‍ത്താവിനെ സൗദി അറേബ്യ തല്ലിക്കൊല്ലുന്നെന്ന ആരോപണവുമായി സൗദിയിലെ വിവാദ ബ്‌ളോഗര്‍ റെയ്‌ഫ് ബദാവിയുടെ ഭാര്യ എന്‍സാഫ് ഹെയ്‌ദര്‍ രംഗത്ത്. ഇസ്‌ളാമിക വിരുദ്ധ ബ്‌ളോഗെഴുതിയെന്ന കുറ്റത്തിന് സൗദി അറേബ്യ പത്തു വര്‍ഷം തടവിനും 1,000 ചാട്ടയടിക്കും ശിക്ഷിച്ച റെയ്‌ഫിനെ രക്ഷിക്കാന്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ തേടുകയാണ് എന്‍സാഫ്.
മനുഷ്യാവകാശത്തിനും സാമൂഹ്യമാറ്റത്തിനുമായി എഴുതിയ ബ്‌ളോഗ് ഇസ്‌ളാമിക വിരുദ്ധമാണെന്ന് ആരോപിച്ചാണ് ബദാവിയെ ചാട്ടയടിക്ക് ശിക്ഷിച്ചത്. ആഴ്‌ചതോറും 50 ചാട്ടയടി വീതമാണ് സൗദി നടപ്പാക്കുന്നത്. നൂറ് കണക്കിന് ആള്‍ക്കാര്‍ നോക്കി നില്‍ക്കേ ജെദ്ദയിലെ മെയിന്‍ സ്‌ക്വയറില്‍ കഴിഞ്ഞയാഴ്‌ചയായിരുന്നു ആദ്യ തവണത്തെ ശിക്ഷ നടപ്പാക്കിയത്. രണ്ടാമത്തെ ശിക്ഷ ഇന്നലെ നടന്നു. ഇനി 18 ആഴ്‌ചകള്‍ കൂടി ശിക്ഷ ഏറ്റുവാങ്ങിയാലാണ് ബദാവിയുടെ ശിക്ഷ പൂര്‍ത്തിയാകു.
അതേസമയം റെയ്‌ഫിന്റെ ജീവിതവും ആരോഗ്യവും സൗദി തല്ലിത്തകര്‍ക്കുക ആണെന്നും വരുന്ന ആഴ്‌ചകളില്‍ ശിക്ഷ സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ നില വഷളാകും. ഓരോ തവണയും ശിക്ഷ കഴിഞ്ഞ ശേഷം 31 കാരനും മൂന്ന് മക്കളുടെ പിതാവുമായ റെയ്‌ഫിന് ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വരുമെന്നും എന്‍സാഫ് വിമര്‍ശിച്ചു.
2012 ജൂണിലാണ് റെയ്‌ഫ് അറസ്‌റ്റിലാകുന്നത്. 2009 ല്‍ തന്നെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും രാജ്യം വിട്ടു പോകുന്നതിന് നിരോധനം കൊണ്ടുവരികയും ചെയ്‌തു. ഇസ്‌ളാമിക വിരുദ്ധ ഗൂഡാലോചനയുടെ പേരില്‍ പരസ്യമായി തല വെട്ടല്‍ ശിക്ഷ കിട്ടേണ്ടതായിരുന്നു. എന്നാല്‍ സൗദി അറേബ്യയിലെ ഹൈക്കോടതി മുന്നിലേക്ക് വന്ന വിഷയത്തില്‍ ഏഴ് വര്‍ഷത്തെ തടവും 600 ചാട്ടയടിയും ശിക്ഷ ലഭിച്ചു. ഇത് പിന്നീട് 1000 ചാട്ടയടിയും 10 വര്‍ഷം തടവുമായി മാറി.
നാലു വര്‍ഷമായി കുടുംബം റെയ്‌ഫിനെ ഇതുവരെ കണ്ടിട്ടില്ല. രണ്ടാഴ്‌ച മുമ്പാണ് റെയ്‌ഫിനെ പുതിയ ജയിലിലേക്ക് സൗദി അറേബ്യന്‍ അധികൃതര്‍ മാറ്റിയത്. റെയ്‌ഫ് എന്‍സാഫ് ദമ്പതികള്‍ക്ക് നജ്‌വ (11), ടെറാഡ് (10), മിറിയം (ഏഴ്) എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്. നവംബര്‍ 2011 മുതല്‍ ക്യാനഡയിലെ ക്യൂബെകിലാണ് എന്‍സാഫും മക്കളും. റെയ്‌ഫ് അറസ്‌റ്റ് ചെയ്യപ്പെട്ടപ്പോള്‍ തന്നെ അവര്‍ സൗദി വിട്ടു. ക്യാനഡയില്‍ പ്രവേശനം ലഭിക്കുന്നത് വരെ ലബനോനില്‍ താമസിച്ചു.
31 കാരനായ റെയ്‌ഫും 35 കാരിയായ എന്‍സാഫും 2002 ലാണ് വിവാഹിതരായത്. ഭര്‍ത്താവിനെ ദുര്‍വ്വിധിയില്‍ നിന്നും മോചിപ്പിക്കാന്‍ എന്‍സാഫ് കിണഞ്ഞു പരിശ്രമിക്കുകയാണ്. റെയ്‌ഫിനെ രക്ഷിക്കാന്‍ അന്താരാഷ്‌ട്ര സമൂഹം ഇടപെടുമെന്ന പ്രതീക്ഷിക്കുന്ന എന്‍സാഫ് ഇക്കാര്യത്തിനായി ആംനസ്‌റ്റിയുടെ സഹായം തേടിയിട്ടുണ്ട്. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ എത്തിയതോടെ സൗദിയുടെ കാടന്‍ നിയമത്തിനെതിരേ അനേകം മനുഷ്യവകാശ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
from kerala news edited
via IFTTT