Story Dated: Friday, January 16, 2015 09:56
ന്യുഡല്‍ഹി: വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡിന് സെന്‍സര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവച്ചു. ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗ് രാം റഹീം അഭിനയിച്ച ചിത്രമാണ് മെസഞ്ചര്‍ ഓഫ് ഗോഡ്. ഇത് പൊതുപ്രദര്‍ശനത്തിന് അനുയോജ്യമല്ലെന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ. തന്റെ എതിര്‍പ്പ് മറികടന്ന് ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കിയ ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നടപടി ബോര്‍ഡിന്റെ അധികാരത്തിലുള്ള കൈകടത്തലും സമ്മര്‍ദ്ദവും അഴിമതിയുമാണെന്ന് ലീല സാംസണ്‍ ആരോപിച്ചു.
അടുത്ത കാലത്തായി ബോര്‍ഡിന്റെ അധികാര പരിധിയില്‍ മന്ത്രാലയം അനാവശ്യമായി കടന്നുകയറുന്നുണ്ട്. അഡീഷണല്‍ ചുമതല നല്‍കിയ സി.ഇ.ഒ വഴിയാണ് സര്‍ക്കാരിന്റെ കൈകടത്തല്‍. അഴിമതിക്കാരായ ചില അംഗങ്ങള്‍ ബോര്‍ഡ് ചെയര്‍പഴ്‌സണന്റെയും അംഗങ്ങളുടെയും മൂല്യച്യുതിക്ക് ഇടയാക്കുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
അതേസമയം, വിവാദചിത്രത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ ലീല സാംസണ്‍ രാജിക്കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്ന അതിസാഹസികനായ കഥാപാത്രത്തെയാണ് ദേരാ സച്ചാ മേധാവി സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഇതു മറികടക്കാന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് ചിത്രം അയക്കുകയാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ചെയ്തത്.
ലീലാ സാംസന്റെ നടപടിയെ ബോര്‍ഡിലെ മറ്റൊരു അംഗമായ നന്ദിനി സര്‍ദേശായിയും ന്യായീകരിച്ചു. സാധാരണ 15 മുതല്‍ 20 ദിവസം എടുത്താണ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ചിത്രത്തിന് ക്ലിയറന്‍സ് നല്‍കുന്നത്. ഇവിടെ 24 മണിക്കൂറിനുള്ളില്‍ ചിത്രത്തിന് അനുമതി ലഭിച്ചുവെന്നും സര്‍ദേശായി ചൂണ്ടിക്കാട്ടി.
from kerala news edited
via IFTTT