Story Dated: Thursday, January 15, 2015 04:42
ന്യുഡല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്‌ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മത്സരിക്കും. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്‌ഥയെന്ന നിലയില്‍ ശ്രദ്ധേയ വ്യക്‌തിത്വമായ കിരണ്‍ ബേദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി ക്യാമ്പിന്റെ കണക്കുകൂട്ടല്‍.
ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ബേദി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഒരുമിച്ച് നിന്ന ബേദിയും കെജ്രിവാളും മത്സരരംഗത്ത് മുഖാമുഖം വരുന്നത് കനത്ത പോരാട്ടത്തിന് വഴിയൊരുക്കും. നേരത്തെ കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള കിരണ്‍ ബേദി അടുത്തിടെ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ മോഡിയെ പുകഴ്‌ത്തിയതും അവര്‍ ബി.ജെ.പിയിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹത്തിന് ബലം പകര്‍ന്നിരുന്നു.
എ.എ.പി മുന്‍ നേതാവ് ഷാസിയ ഇല്‍മിയും, സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി ജയപ്രദയും ബി.ജെ.പിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്നതിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകളില്‍ ജയപ്രദയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ജയപ്രദ കെജ്രിവാളിനെതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. ഡല്‍ഹിയിലെ തെലുങ്ക് ഭൂരിപക്ഷ മേഖലകളില്‍ ജയപ്രദ പ്രചരണം നടത്തും.
രണ്ട് തവണ ലോക്‌സഭാംഗവും ഒരു തവണ രാജ്യസഭാംഗവും ആയിട്ടുള്ള ജയപ്രദ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടിയിലേക്കും പിന്നീട് രാഷ്‌ട്രീയ ലോക് ദളിലും എത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
from kerala news edited
via IFTTT