Story Dated: Thursday, January 15, 2015 03:50
ന്യുഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസര്‍ എന്‍.കെ അമീന്റെ ജാമ്യാപേക്ഷ സുപ്രീം കോതടി തള്ളി. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് അമീന്‍ കോടതിയെ സമീപിച്ചത്. കേസില്‍ 2013 ഏപ്രില്‍ നാലിന് അറസ്റ്റിലായ അമീനെതിരെ സി.ബി.ഐ ജൂലായ് മൂന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അപൂര്‍ണ്ണമാണെന്നും അതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അമീന്റെ വാദം. ക്രിമിനല്‍ നടപടിചട്ടമനുസരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കേ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് അമീന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.
നേരത്തെ അമീന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. 2004ലാണ് ഇസ്രത്ത് ജഹാന്‍, ഷാവേത് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, സീഷന്‍ ജോഹര്‍, അംജാദ് അലി റാണ എന്നിവര്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലീസും ഇന്റലിജന്‍സ് ബ്യുറോയും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ ആക്രമിക്കാനെത്തിയ തീവ്രവാദികളെന്ന് ആരോപിച്ചായിരുന്നു വധം. അമീനും മറ്റ് ആറു പോലീസുകാരുമാണ് കേസില്‍ പ്രതികള്‍.
ഐ.പി.എസ് ഓഫീസര്‍ ജി.എല്‍ സിംഗാള്‍, ഡി.എസ്.പി ജെ. ജി പാര്‍മര്‍, മെഹ്‌സേന ഡിവൈ.എസ്.പി തരൂണ്‍ ബരോട്ട്, കമാന്‍ഡോ അനജു ചൗധരി എന്നിവര്‍ ഇതിനകം ജാമ്യത്തിലിറങ്ങി. കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐ വൈകിയതാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്.
സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയാണ് അമീന്‍. ഈ കേസില്‍ ബോംബെ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
from kerala news edited
via IFTTT