Story Dated: Friday, December 26, 2014 08:14
പട്‌ന: ഹിന്ദു സംഘടനകളുടെ ഘര്‍ വാപസിയ്‌ക്ക് പകരമെന്നോണം ഗയയില്‍ നടന്ന ക്രിസ്‌തുമത പരിവര്‍ത്തന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്‌ജി ഉത്തരവിട്ടു. ബിഹാറിലെ ഗയയില്‍ ക്രിസ്‌മസ് ദിനത്തില്‍ പട്ടികജാതിക്കാരായ 40 കുടുംബങ്ങള്‍ ക്രിസ്‌തുമതം സ്വീകരിച്ചതായുള്ള സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ ജില്ല കൂടിയായ ഗയയിലെ അതിയ ഗ്രാമത്തില്‍ മുഖ്യമന്ത്രി വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സ്വജാതിയില്‍ പെട്ട 200 ലധികം പേര്‍ ഹിന്ദുമതം വിട്ട് ക്രൈസ്‌തവികത സ്വീകരിച്ചത്. ബുദ്ധന്റെ ജന്മസ്‌ഥലം എന്ന ഖ്യാതിയില്‍ ബുദ്ധിസത്തിന് വലിയ പ്രചാരമുള്ള ഗ്രാമത്തില്‍ 2008 മുതല്‍ മഹാദളിത് വിഭാഗത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പിന്‍ പറ്റുന്നവര്‍ ക്രിസ്‌ത്യാനികളായി തുടങ്ങിയിരുന്നു. ഇവിടെ ബാക്കി ഉണ്ടായിരുന്ന 40 മുതല്‍ 50 വരെ കുടുംബങ്ങളാണ് ക്രിസ്‌മസ് ദിനത്തില്‍ സ്‌നാനപ്പെട്ടത്.
സ്വമനസ്സാലെ മതം മാറുന്നത് പ്രശ്‌നമല്ല. എന്നാല്‍ ഇക്കാര്യത്തിന് സ്വാധീനമോ പ്രലോഭനമോ ഭീഷണിയോ ഉണ്ടായിട്ടുണ്ടോ എന്നാണ് അനേഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലും കേരളത്തിലും മതം മാറിയവരെ ഹിന്ദുമതത്തില്‍ തിരികെ കൊണ്ടുവരാന്‍ വിശ്വഹിന്ദു പരിഷത്ത് ഘര്‍വാപസി നടത്തുന്നതിനിടെയാണ് ബിഹാറില്‍ നിന്ന് മറ്റൊരു മതംമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒരാഴ്‌ച മുമ്പാണ് ഭഗല്‍പൂര്‍ ജില്ലയില്‍ ആറിലധികം ഹിന്ദുക്കള്‍ ക്രിസ്‌തുമതം സ്വീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ഊരുവിലക്ക് ഭീഷണിയിലാണ്. പണവും സൗകര്യവും നല്‍കിയാണ് ക്രിസ്‌ത്യന്‍ മിഷണറിമാര്‍ ഇവരെ ക്രിസ്‌തുമതത്തിലേക്ക് മാറ്റിയതെന്നാണ് ഹിന്ദുമത സംഘടനകളുടെ ആരോപണം.
from kerala news edited
via IFTTT