Story Dated: Friday, December 26, 2014 10:14
ഗുവാഹട്ടി: ഗുവാഹട്ടി മെഡിക്കല്‍ കോളേജില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ പിടയുകയാണ് ഏഴൂവയസ്സുകാരന്‍ കാലു ടോഡു. ആസാമിലെ സോനിത്‌പൂര്‍, കൊക്രാജര്‍ ജില്ലകളിലായി നടന്ന ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കാലുവിന്റെ കൊച്ചുശരീരത്തില്‍ നിന്നും ഓപ്പറേഷനിലൂടെ പുറത്തെടുത്തത് ഏഴു ബുള്ളറ്റുകളായിരുന്നു. ഭീകരാക്രമണ ഇരകളില്‍ ഏറ്റവും ദയനീയ സ്‌ഥിതിയിലായ ഈ പയ്യന്റെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടായിരുന്നു.
മുഖത്തും കൈമുട്ടിലും, കൈകളിലും അരക്കെട്ടിലുമാണ് കാലുവിന് വെടിയേറ്റത്. ജിഎംസിഎച്ച് ട്രോമാ സെന്ററില്‍ അബോധാവസ്‌ഥയില്‍ കഴിയുന്ന കാലു തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ പക്രിഗുരി ഗ്രാമത്തിലെ തന്റെ കുടിലിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്നു. വെടിയേറ്റ് ഇവന്റെ മാതാവ് മരിച്ചു. വെടിയേറ്റതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം. മൂത്ത സഹോദരന്‍ മാതാവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നിര്‍വഹിച്ചു. മോണ്ടു ഹേമറോണിന്റെ നാത്തൂന് വെടിയേറ്റത് മുഖത്തായിരുന്നു.
ആക്രമണത്തില്‍ സോനിത്‌പൂരിലെ സോനാജോലി ഗ്രാമത്തില്‍ നിന്നുള്ള മോണ്ടുവിന് മാതാവിനെയും അനുജനെയും നഷ്‌ടപ്പെട്ടു. ഗ്രാമത്തിലെ വീടുകളെല്ലാം ശൂന്യമായി ഭൂരിഭാഗം കുടിലുകളും കത്തിനശിച്ചു. ബോഡോകളും ആദിവാസികളും ഇടകലര്‍ന്നായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്. ആക്രമണത്തില്‍ സ്‌ത്രീകളും കുട്ടികളും അടക്കം മൊത്തം 70 ലധികം പേരാണ് മരണമടഞ്ഞത്. ഗ്രാമീണരില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പിലേക്കാണ് പോയത്. അരുണാചല്‍ ആസാം അതിര്‍ത്തിയിലേക്കും ആള്‍ക്കാര്‍ പാലായനം ചെയ്യുകയാണ്.
ബലിഡോംഗയില്‍ കയ്യില്‍ കരുതാവുന്ന ചെറിയ വസ്‌തുക്കളുമായി നടന്നുപോകുന്ന ആദിവാസികള്‍ പതിവ് കാഴ്‌ചയായി മാറുകയാണ്. പ്രത്യാക്രമണത്തിന്റെ ഭാഗമായി ആദിവാസികള്‍ ബോഡോ വംശജരുടേയും വീടുകള്‍ക്ക് തീയിട്ടിരുന്നു. ഇതേ തുടര്‍ന്ന് ബോഡോകള്‍ വീണ്ടും സംഘടിക്കുന്നതായിട്ടാണ് വിവരം. അക്രമങ്ങളുടെ പശ്‌ചാത്തലത്തില്‍ സംഭവ സ്‌ഥലത്ത് വന്‍ തോതില്‍ പോലീസിനെയും സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
from kerala news edited
via IFTTT