Story Dated: Thursday, December 25, 2014 01:24
ന്യൂഡല്‍ഹി: ദേശീയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് 90 ശതമാനം സംഭാവനകളും ലഭിക്കുന്നത് കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് കണക്കുകള്‍ വ്യക്‌തമായത്. പാര്‍ട്ടികളില്‍ നിന്ന് കമ്മീഷന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സന്നദ്ധസംഘനയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കോണ്‍ഗ്രസ്, എന്‍ സി പി, സി പി ഐ, സി പി എം തുടങ്ങിയ പാര്‍ട്ടികളാണ് തങ്ങളുടെ 2013-14 സാമ്പത്തിക വര്‍ഷത്തെ സംഭാവനാ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ബി ജെ പി ഇതുവരെ സംഭാവന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ല.
കോണ്‍ഗ്രസ്, എ ന്‍സി പി, സി പി ഐ എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍ മുന്‍കാലത്തെക്കാളും കൂടിയപ്പോള്‍ സി പി എമ്മിനിത് 45 ശതമാനം കുറഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 രൂപയിലേറെ സംഭാവനകള്‍ നല്‍കുന്നവരുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നാണ് നിബന്ധന.
2013-14 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കോണ്‍ഗ്രസ്സിന് 11.2 കോടിയില്‍ നിന്ന് സംഭാവന 59.58 കോടിയായി വര്‍ധിച്ചു. എന്‍ സി പിക്ക് ഇത് 0.05 കോടിയില്‍ നിന്ന് 14.2 കോടിയായും, സി പി ഐക്ക് 0.37 കോടിയില്‍ നിന്ന് 1.228 കോടിയായും വര്‍ധിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തില്‍ 3.81 കോടി സംഭാവന ലഭിച്ച സി പി എമ്മിന് ഇത് 2.097 കോടിയായി കുറഞ്ഞു.
കോണ്‍ഗ്രസിന് 36.5 കോടിയും, എന്‍ സി പിക്ക് നാലുകോടിയും സംഭാവന നല്‍കി ഭാരതി ഗ്രൂപ്പിന് കീഴിലുള്ള സത്യ ഇലക്‌ടറല്‍ ട്രസ്‌റ്റ് സംഭാവന നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസിന് അഞ്ച് കോടി എ പി പാട്ടീല്‍ ഫൗണ്ടേഷനും, രണ്ടരക്കോടി ഭാരത് ഫോര്‍ജ് ലിമിറ്റഡും സംഭാവന നല്‍കി. എന്‍ സി പിക്ക് ഷിര്‍കെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ രണ്ടു കോടിയും സെറം ഇന്‍സ്‌റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യ ഒന്നരക്കോടിയും സംഭാവന നല്‍കി. കേരളാ സ്‌റ്റേറ്റ് കൗണ്‍സില്‍ 14.96 ലക്ഷവും, നേതാവ് ദാസ്‌ഗുപ്‌ത 25 ലക്ഷവും, ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് കൗണ്‍സില്‍ 14.96 ലക്ഷവും സംഭാവനയായി സി പി ഐക്ക് നല്‍കി.
കോണ്‍ഗ്രസ്സിന് 55.02 കോടി 35 കോര്‍പ്പറേറ്റ്, ബിസിനസ്സ് സംരഭങ്ങളില്‍ നിന്നും 4.56 കോടി 708 വ്യക്‌തികളില്‍ നിന്നും സംഭാവന ലഭിച്ചു. 13 കോര്‍പ്പറേറ്റുകളില്‍ നിന്നായി 14 കോടിയും രണ്ട് ലക്ഷം രൂപ രണ്ട് വ്യക്‌തികളില്‍ നിന്നും എന്‍ സി പിക്ക് സംഭാവനലഭിച്ചു. സി പി ഐക്ക് 2.75 ലക്ഷം രൂപ യൂണിയനുകളില്‍ നിന്നും ഒരു മെമ്മോറിയല്‍ ട്രസ്‌റ്റില്‍ നിന്നുമായി ലഭിച്ചു. നാല് കമ്പനികളില്‍ നിന്നായി അഞ്ച് ലക്ഷം രൂപ സംഭാവന സി പി എമ്മിനും ലഭിച്ചു. സി പി എമ്മിന് ലഭിച്ച സംഭാവനകളില്‍ 1.18 കോടിയും പാര്‍ട്ടി അംഗങ്ങളില്‍ നിന്നാണ്.
ഡല്‍ഹിയിലെ കോര്‍പ്പറേറ്റ് കമ്പനികളാണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്. 45.49 കോടിയാണ് ഡല്‍ഹിയിലെ കമ്പനികള്‍ സംഭാവനയായി വിവിധ പാര്‍ട്ടികള്‍ക്ക് നല്‍കിയത്. മഹാരകഷ്‌ട്രയില്‍ ഇത് 18.12 കോടിയും, ഗുജറാത്തില്‍ 3.01 കോടിയുമാണ്.
from kerala news edited
via IFTTT