Story Dated: Friday, December 26, 2014 06:48
തിരുവനന്തപുരം: നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍ എല്‍ ബാലകൃഷ്‌ണന്‍ (72)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. പ്രമേഹരോഗം അധികരിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് ആശുപത്രിയിലായ എന്‍ എല്‍ ബാലകൃഷ്‌ണന്‍ പിന്നീട് അര്‍ബുദ രോഗത്തിന്റെ പിടിയിലമരുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ശരീരഭാരം കൊണ്ടും വേറിട്ട അഭിനയശൈലി കൊണ്ടും സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത നാരായണ്‍ ലക്ഷ്‌മി ബാലകൃഷ്‌ണന്‍ എന്ന എന്‍ എല്‍ ബാലകൃഷ്‌ണന്‍ 162 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. 300 ചിത്രങ്ങളില്‍ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ 'അമ്മാനം കിളി' എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ജോക്കര്‍, ഓര്‍ക്കാപ്പുറത്ത്, പട്ടണപ്രവേശം തുടങ്ങി ഒട്ടവനവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്‌തു. മമ്മൂട്ടി നായകനായ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ ല്‍ ആണ് അവസാനം അഭിനയിച്ചത്.
അരവിന്ദന്റെയും ജോണ്‍ ഏബ്രഹാമിന്റെയും ഉറ്റചങ്ങാതിയായിരുന്ന എന്‍ എല്‍ അടൂര്‍, അരവിന്ദന്‍, പദ്‌മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്ത് ജനിച്ച എന്‍ എല്‍ ബാലകൃഷ്‌ണന്‍ 1965ല്‍ മഹാരാജാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് പെയിന്റിംഗില്‍ ഡിപ്ലോമ നേടി. പിന്നീട് ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടിയ ശേഷം വര്‍ഷങ്ങളോളം കേരള കൗമുദിയില്‍ സ്‌റ്റാഫ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.
ശരിക്കും ഭക്ഷണപ്രിയനായിരുന്ന എന്‍ എല്‍ ബാലകൃഷ്‌ണന് തന്റെ 126 കിലോ ശരീരഭാരം തന്നെ സിനിമാ കാഴ്‌ചയാക്കി ചിരിയുണര്‍ത്താന്‍ സാധിച്ചിരുന്നു. നല്ല ഭക്ഷണം ആസ്വദിച്ചിരുന്ന എന്‍ എല്‍ മദ്യപാനികളുടെ അവകാശങ്ങള്‍ക്കായി ശബ്‌ദമുയര്‍ത്തിയും നിരവധി തവണ വാര്‍ത്തകളിലെത്തിയിരുന്നു.
കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്‌ഠ കലാകാരന്‍മാര്‍ക്കുളള പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT