121

Powered By Blogger

Monday, 29 December 2014

60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍







60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍


എസ്. രാജ്യശ്രീ


സര്‍ക്കാര്‍ ജോലിയില്ലെന്ന വിഷമം വേണ്ട, മരണംവരെ നിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. വയസ് 60 കഴിയണം എന്നു മാത്രം. വാര്‍ധക്യജീവിതത്തിനായി സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് വരിഷ്ട പെന്‍ഷന്‍ ബീമ യോജന-വിപിബിവൈ. 60 കഴിയാത്തവര്‍ക്ക് മാതാപിതാക്കള്‍ക്കള്‍ക്ക് സമ്മാനിക്കാവുന്ന നല്ലൊരു പദ്ധതിയായും ഇതിനെ വിനിയോഗിക്കാം.

നിക്ഷേപിക്കുന്ന തുകയ്ക്ക് 9.38 % വാര്‍ഷിക പലിശ ഉറപ്പാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ലെന്നര്‍ത്ഥം. ജീവിതാവസാനം വരെ സ്ഥിരതയുള്ള പെന്‍ഷനുറപ്പ്.മാത്രമല്ല നിക്ഷേപിക്കുന്ന തുക മരണാന്തരം അനന്തരാവകാശിക്കു ലഭിക്കുകയും ചെയ്യും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിലാണ് വിപിബിവൈ അവതരിപ്പിച്ചത്.


വാര്‍ധക്യത്തിലേയ്ക്ക് കടന്ന താഴ്ന്ന വരുമാനക്കാരായ കോടിക്കണക്കിനു സാധാരണക്കാര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിക്ഷേപത്തിനും വരുമാനത്തിനും ഉറപ്പുണ്ട്. നിലവില്‍ 2015 ആഗസ്ത് വരെ നിക്ഷേപം നടത്താം.


നടത്തിപ്പ് ചുമതല എല്‍ഐസിക്കായതിനാല്‍ എല്‍ഐസി ഓഫീസുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ പദ്ധതിയില്‍ ചേരാം. 3% ത്തോളം സര്‍വീസ് ചാര്‍ജുണ്ട് . പെന്‍ഷന്‍ പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരും. മാസം 500 രൂപ കിട്ടാന്‍ 66665 രൂപ ഇടണം. പരമാവധി നിക്ഷേപമായ 6.66 ലക്ഷം രൂപയ്ക്ക് മാസം 5000 രൂപ വീതം കിട്ടും. 60 കഴിഞ്ഞാല്‍ ആര്‍ക്കും ചേരാമെങ്കിലും ഒരു കുടുംബത്തിന് പരമാവധി മാസം 5000 രൂപയെ പെന്‍ഷനായി കിട്ടൂ. മാസം തോറുമോ മൂന്ന്, ആറ്, മാസത്തിലൊ വര്‍ഷത്തിലൊ പെന്‍ഷന്‍ കൈപറ്റാം. ഈ കാലയളവ് തെരഞ്ഞെടുക്കുന്നതനുസരിച്ച് പെന്‍ഷന്‍ കിട്ടി തുടങ്ങും. പ്രതിമാസ പെന്‍ഷനാണെങ്കില്‍ പണമിട്ട് ഒരു മാസം കഴിയുമ്പോള്‍ പെന്‍ഷന്‍ കിട്ടിതുടങ്ങും.


നിക്ഷേപകന്റെ മരണാനന്തരം നിക്ഷേപതുക അന്തരാവകാശിക്ക് കിട്ടും. 15 വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ പിന്‍വലിക്കാം. അതിനു മുമ്പ് പിന്‍വലിച്ചാല്‍ രണ്ടു ശതമാനം പിഴയുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തിന്റെ 75 % വരെ വായ്പയായി എടുക്കാം. ഇതിന്റെ പലിശ കഴിച്ചുള്ള തുകയേ പിന്നെ പെന്‍ഷനായി കിട്ടൂ. പോളിസിയുടമയുടെ മരണാന്തരം, അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ വായ്പ തുക എടുത്ത ശേഷം ബാക്കിയുള്ളത് തിരിച്ചു കിട്ടും. വാര്‍ധക്യ കാലവരുമാനം കിട്ടുന്ന പോസ്റ്റ് ഓഫീസ് , ബാങ്ക് പദ്ധതികളെ അപേക്ഷിച്ച് ചില മികവുകളുണ്ടിതിന്. ഒരു തവണ നിക്ഷേപിച്ചാല്‍ ജീവിതകാലം മുഴുവന്‍ സ്ഥിരതയുള്ള പെന്‍ഷന്‍ ഉറപ്പാക്കാം. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ല. പലിശ വരുമാനത്തിന് ആദായനികുതി നല്‍കണമെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നികുതി ടിഡിഎസായി പിടിക്കില്ല.


പക്ഷേ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവു കിട്ടില്ലെന്നു മാത്രമല്ല കിട്ടുന്ന പലിശയ്ക്ക് നികുതി ബാധകവുമാണ്. അതിനാല്‍ നികുതി ദായകരായവര്‍ക്ക് അത്ര ആകര്‍ഷകമല്ല. എന്നാല്‍ 6.6 ലക്ഷത്തോളം രൂപ നിക്ഷേപിച്ചാല്‍ ആജീവനനാന്തം 5000 രൂപ പെന്‍ഷന്‍ കിട്ടുന്ന, 9.38 % വാര്‍ഷിക പലിശ ഉറപ്പാക്കാവുന്ന മറ്റൊരു സുരക്ഷിത പദ്ധതി കണ്ടെത്താന്‍ പ്രയാസമാണെന്നതു പരിഗണിക്കുമ്പോള്‍ ഇടത്തരകാര്‍ക്കും സമ്പന്നര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.











from kerala news edited

via IFTTT