രാഷ്ട്രീയ വൈരത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച 'ടിപി 51' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്ക് എന്തു സംഭവിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് നടി ദേവി അജിത്ത്. ചിത്രത്തിലെ ഒഞ്ചിയത്തുള്ള ടി പിയുടെ തറവാട്ടു വീട്ടിലെ രംഗങ്ങള്‍ പോലീസ് സംരക്ഷണത്തിലാണ് ചിത്രീകരിച്ചതെന്നും ദേവി അജിത്ത് പറഞ്ഞു.
ടിപി 51 ല്‍ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ വേഷത്തിലാണ് ദേവി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മറ്റൊരു '51 വെട്ടിന്' താനും ഇരയാവില്ലെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ദേവി അജിത്ത് ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ എന്ന് കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ഇംഗ്ലീഷ് ഡെയ്‌ലിയുടെ ഓണ്‍ലൈന്‍ സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കെ കെ രമയുടെ വേഷം ലഭിച്ചപ്പോള്‍ അത് ചെയ്യണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്നും തന്റെ അച്ഛനാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവി അജിത്ത് പറഞ്ഞു. ഒഞ്ചിയത്ത് വച്ച് നടന്ന ഷൂട്ടിങ്ങിലുടനീളം രമയും മകന്‍ അഭിനന്ദും സെറ്റിലുണ്ടായിരുന്നെന്നും താനിപ്പോള്‍ അവരുടെ ഒരു കുടുംബാംഗത്തെ പോലെയാണെന്നും നടി പറയുന്നു.
രമയ്ക്കും മകനും വേണ്ടിയാണ് താന്‍ ടിപി 51 ല്‍ അഭിനയിച്ചത്. തനിയ്ക്ക് പ്രത്യേക രാഷ്ട്രീയ ചായ്‌വുകളൊന്നുമില്ല, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ പണത്തിനോ വേണ്ടിയല്ല ചിത്രത്തില്‍ അഭിനയിച്ചത്- ദേവി വിശദമാക്കി. മിലി, മറിയം മുക്ക്, അങ്കുരം, വെയില്‍ തിന്നുന്ന പക്ഷി തുടങ്ങി ഒരുപിടി ചിത്രങ്ങളുമായി അഭിനയത്തില്‍ സജീവമാവുകയാണ് ദേവി ഇപ്പോള്‍.
ടി പി ചന്ദ്രശേഖരന്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് ടിപി 51 ചിത്രീകരിച്ചിരിക്കുന്നത്. മൊയ്തു താഴത്ത് ആണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രിലോടെ പ്രദര്‍ശനത്തിനെത്തും.
from kerala news edited
via IFTTT