Story Dated: Monday, December 29, 2014 12:58
സന്തോഷത്തിന്റെയും ആഹ്‌ളാദത്തിന്റെയും നിറവായി മുഴൂവന്‍ വിലയിരുത്തപ്പെടുന്ന ക്രിസ്‌മസ് ചൈനയിലെ ഒരു സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് പീഡനം. വിദേശീയ സംസ്‌ക്കാരം ബഹിഷ്‌ക്കരിക്കുക എന്ന പ്രചരണത്തില്‍ ക്യാമ്പസില്‍ ക്രിസ്‌മസ് ആഘോഷത്തിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍വകലാശാല യുക്‌തിവാദം പ്രമേയമാക്കുന്ന അറുബോറന്‍ കമ്യൂണിസ്‌റ്റ് സിനിമകള്‍ കുട്ടികളെ കെട്ടിയിട്ട് കാണാന്‍ നിര്‍ബ്ബന്ധിതമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ചൈനയിലെ സിയാനിലെ മോഡേണ്‍ കോളേജ് ഓഫ് നോര്‍ത്ത്‌വെസ്‌റ്റ് യൂണിവേഴ്‌സിറ്റിയാണ് ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നല്ല ചൈനീസ് പുത്രന്മാരാകാനും പുത്രികളാകാനുമാണ് പ്രയത്നിക്കേണ്ടത്. അതിനായി പടിഞ്ഞാറന്‍ വിനോദങ്ങളെ പുറത്ത് നിര്‍ത്തുകയും പടിഞ്ഞാറന്‍ സംസ്‌ക്കാരം വ്യാപിക്കുന്നത് ചെറുക്കുകയും ചെയ്യണമെന്ന പ്രചരണം വരുന്ന ബാനറുകള്‍ ക്രിസ്‌മസ് ദിനത്തില്‍ ക്യാമ്പസില്‍ തൂക്കാനും അധികൃതര്‍ മടിച്ചില്ല.
അധ്യാപകരുടെ കര്‍ശനമായ കാവലില്‍ മൂന്ന് മണിക്കൂര്‍ യുക്‌തിവാദ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിച്ചെന്നും കണ്‍ഫ്യൂഷ്യസിന്റെത് ഉള്‍പ്പെടെയുള്ള സിനിമകള്‍ കാണിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഈ അറുബോറന്‍ സിനിമകളില്‍ നിന്നും കുട്ടികള്‍ രക്ഷ പെടാതിരിക്കാന്‍ ഗേറ്റില്‍ കാവലിന് ആളെയും നിര്‍ത്തിയിരുന്നു. ക്രിസ്‌മസ് പോലെയുള്ള വിദേശികളുടെ ആഘോഷങ്ങള്‍ക്ക് പകരം ചൈനയുടെ സ്വന്തം വസന്തോത്സവം പോലെയുള്ളവയ്‌ക്ക് പ്രാധാന്യം നല്‍കാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കമ്മറ്റിയുടെ മൈക്രോബ്‌ളോഗിംഗ് സൈറ്റിലും പറയുന്നു.
പൊതുവേ നിരീശ്വരവാദത്തിന് പ്രാധാന്യം നല്‍കുന്ന ചൈനയില്‍ ക്രിസ്‌തുമസ് ഒരു പരമ്പരാഗത ആഘോഷമല്ല. എന്നാല്‍ പാശ്‌ചാത്യ സംസ്‌ക്കാരം പിന്തുടരാനുള്ള പ്രവണത ചൈനീസ് യുവതയ്‌ക്കിടയില്‍ കൂടിയിട്ടുണ്ട്. സമ്മാനങ്ങള്‍ നല്‍കിയും വീടുകള്‍ അലങ്കരിച്ചും മെട്രോപോളിത്തന്‍ നഗരങ്ങളില്‍ അനേകം യുവാക്കള്‍ ക്രിസ്‌മസ് ആഘോഷത്തില്‍ പങ്കാളികളാകുന്നുണ്ട്. സെജിയാംഗിലെ ഏറെ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യകളില്‍ ഒന്നിലെ വെന്‍സൂ നഗരവും ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT