ഗുജറാത്തില്‍ 25 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ധാരണ
ഇ.ജി. രതീഷ്
സൗരോര്‍ജപ്ലാന്റ് ബാന്‍ കി മൂണ്‍ ഉദ്ഘാടനം ചെയ്തു
ഗാന്ധിനഗര്‍: . പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകസംഗമം സമാപിച്ചപ്പോള്‍ സംസ്ഥാനത്ത് 25 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് 21,304 ധാരണാപത്രങ്ങള്‍ ഒപ്പിട്ടു.
സംഗമത്തിന്റെ ഭാഗമായി യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വഡോദരയില്‍ സൗരോര്‍ജ പ്ലൂന്റ് ഉദ്ഘാടനം ചെയ്തു. യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സാനന്ദില്‍ ഫോര്‍ഡിന്റെ പുതിയ ഫാക്ടറി സന്ദര്‍ശിച്ചു. എന്നാല്‍, ഇതൊക്കെ തട്ടിപ്പാണെന്ന് കുറ്റപ്പെടുത്തി പ്രക്ഷോഭത്തിനിറങ്ങിയവരെ പോലീസ് തടഞ്ഞു.
ഇംഗ്ലൂണ്ടിലെ സലോറിയ ആര്‍ക്കിടെക്‌സിന്റെ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മുന്നിലുള്ളത്. സ്മാര്‍ട്ട് സിറ്റി, ഭവനപദ്ധതി, ഖരമാലിന്യസംസ്‌കരണം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, റെയില്‍വേ സര്‍വകലാശാല എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.
സൂറത്ത് ഡയമണ്ട് ബൂസ് ഒപ്പുവെച്ച 1,25,000 കോടി രൂപയുടെ ധാരണാപത്രം സൂറത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വജ്ര വ്യാപാര കേന്ദ്രം നിര്‍മിക്കുന്നതിനുള്ളതാണ്. ഐ.ടി.മേഖലയില്‍ 2,35,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 11,215 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളുണ്ട്. മുകേഷ് അംബാനിയുടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ളതാണ്. അദാനി ഗ്രൂപ്പ് 45,000 കോടിയുടെ നിക്ഷേപം ഊര്‍ജ-തുറമുഖ മേഖലകളുമായി ബന്ധപ്പെട്ട് നടത്തും. ധാരണാപത്രങ്ങളില്‍ 17,081 എണ്ണം ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ടതാണ്. 200 ഗ്രാമങ്ങളിലേക്ക് പാചകവാതകക്കുഴലുകള്‍ എത്തിക്കുന്നതും ഇതില്‍പ്പെടും. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ അധ്യക്ഷയായി സമിതിയും രൂപവത്കരിച്ചു.
സാനന്ദില്‍ ഫോര്‍ഡിന്റെ പുതിയ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയ ജോണ്‍ കെറി ഒരു വര്‍ഷം 4,40,000 വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള നിര്‍മാണശാലയില്‍ 30,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു. വഡോദരയില്‍ കനാലിന് മുകളില്‍ മൂന്നര കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച സൗരോര്‍ജ പ്ലൂന്റാണ് ബാന്‍ കി മൂണ്‍ ഉദ്ഘാടനം ചെയ്തത്.
ഇതിനിടെ 'വൈബ്രന്റ് ഗുജറാത്തി'നെതിരെ കര്‍ഷകസംഘടനകളുടെ സമിതിയായ സംയുക്ത് ഖേദുത് സംഘര്‍ഷന്‍ സമിതിയും കോണ്‍ഗ്രസ്സും പ്രഖ്യാപിച്ച പ്രക്ഷോഭങ്ങളെ പോലീസ് തടഞ്ഞു. ഞായറാഴ്ച സംഗമവേദിയിലേക്ക് മാര്‍ച്ച് നടത്താന്‍ അദലജ് സര്‍ക്കിളില്‍ എത്തിയ കര്‍ഷക സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പി.യു.സി.എല്‍. ജനറല്‍ സെക്രട്ടറി ഗൗതം ഠാക്കൂര്‍, ഗാന്ധിയന്‍ ഇന്ദുകുമാര്‍ ജാനി എന്നിവരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച സബര്‍മതി ആശ്രമത്തിനു മുന്നില്‍ ധര്‍ണയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ് വഗേലയുള്‍പ്പെടെയുള്ളവരെ നാല് മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു.
from kerala news edited
via IFTTT