Story Dated: Wednesday, January 14, 2015 12:17
ബംഗളൂരു: വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ച മേലുദ്യോഗസ്‌ഥനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു. ബംഗളൂരുവിലെ ഐബാള്‍ എന്ന ഇലക്‌ട്രോണിക്‌സ് കമ്പനിയില്‍ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച കമ്പനി മാനേജരെയും എഴുപത്തഞ്ചോളം വരുന്ന സംഘം മര്‍ദ്ദിച്ച് അവശനാക്കി!
നവ കര്‍ണാടക രക്ഷാ വേദികെയുടെയും രോഷനി മഹിളാ സംഘത്തിന്റെയും പ്രവര്‍ത്തകരാണ് ഓഫീസില്‍ കടന്നുകയറിയതും നിയമം കൈയിലെടുത്തതുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസിലേക്ക് തളളിക്കയറിയ സംഘത്തെ തടഞ്ഞു നിര്‍ത്താന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇവര്‍ നിതിന്‍ ശര്‍മ്മ എന്ന അസിസ്‌റ്റന്റ മാനേജരെ തെരഞ്ഞുപിടിച്ച് മറ്റു ജോലിക്കാരെ സാക്ഷിയാക്കി തല്ലിച്ചതയ്‌ക്കുകയായിരുന്നു. ഇവരെ തടയാന്‍ ശ്രമിച്ച മാനേജരുടെ വസ്‌ത്രങ്ങളും ജനക്കൂട്ടം വലിച്ചുകീറി. കൂടുതല്‍ അനിഷ്‌ടസംഭവങ്ങള്‍ അരങ്ങേറുന്നതിനു മുമ്പ് പോലീസെത്തിയാണ് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയത്.
നിതിന്‍ ശര്‍മ്മ മൂന്ന് വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ലഭിച്ചുവെന്ന് അക്രമികള്‍ മറ്റുജീവനക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല എന്നും ആരോപിക്കുന്നു. എന്നാല്‍ അസിസ്‌റ്റന്റ് മാനേജരെ മന:പൂര്‍വം കളളക്കേസില്‍ കുടുക്കിതതാണെന്നാണ് കമ്പനിയധികൃതര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളുരുവില്‍ നിന്ന് ലൈംഗിക പീഡന വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണമാണ് പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് ജനക്കൂട്ടം നിയമം കൈയിലെടുക്കുന്ന വാര്‍ത്തകളും സാധാരണമാവുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഇത്തരത്തില്‍ അഞ്ച് സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT