121

Powered By Blogger

Wednesday, 24 December 2014

മഴമാറി, മാനം തെളിഞ്ഞു; വയനാടന്‍ പാടങ്ങളില്‍ വീണ്ടും കൊയ്‌ത്തുത്സവം











Story Dated: Thursday, December 25, 2014 03:07


mangalam malayalam online newspaper

കല്‍പ്പറ്റ: മഴമാറി, മാനം തെളിഞ്ഞു; വയനാടന്‍ പാടങ്ങളില്‍ വീണ്ടും കൊയ്‌ത്തുത്സവം. ഇനിയൊരു മഴയെത്തുംമുമ്പ്‌ കൊയ്‌ത്തുമെതി പൂര്‍ത്തിയാക്കി നെല്ല്‌ പത്തായത്തിലെത്തിക്കാനുള്ള പരക്കംപാച്ചിലിലാണ്‌ കര്‍ഷകര്‍. കൂലി കൂടുതല്‍ കൊടുത്താലും ആളെ കിട്ടാനില്ലാത്തതിനാല്‍ കൊയ്‌ത്ത്മെതി യന്ത്രങ്ങള്‍ക്കാണ്‌ പിടിവലി. പല സ്‌ഥലങ്ങളിലും രാപകല്‍ ശബ്‌ദിക്കുകയാണ്‌ മെതിയെന്ത്രങ്ങള്‍. മണിക്കൂറിനു 400 രൂപയാണ്‌ മെതിയന്ത്രത്തിനു വാടക. തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും മെതിയന്ത്രങ്ങള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്‌.

ഡിസംബര്‍ എട്ടിനു തുടങ്ങി രണ്ടാഴ്‌ചയോളം ഇടവിട്ടുപെയ്‌ത മഴ ജില്ലയില്‍ നെല്‍കര്‍ഷകര്‍ക്ക്‌ കൊടിയ നഷ്‌ടമാണ്‌ വരുത്തിയത്‌. പലയിടത്തും കൊയ്‌ത്ത് ആരംഭിച്ചതിനു പിന്നാലെയായിരുന്നു മഴയുടെ വരവ്‌. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച്‌ ജില്ലയില്‍ ഇക്കുറി 9,250 ഹെക്‌ടറിലാണ്‌ നഞ്ചകൃഷി. ഇതില്‍ ഏകദേശം 519 ഹെക്‌ടറിലാണ്‌ മഴമൂലമുളള നാശം. നെല്ലും വൈക്കോലും നശിച്ചതുവഴി 207 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. ഡിസംബര്‍ ആദ്യവാരം കൊയ്‌ത്ത് നടത്തിവര്‍ക്കുമാത്രമാണ്‌ നെല്ലും വൈക്കോലും ഭദ്രമായി വീട്ടിലെത്തിക്കാനായത്‌. ഇതിനുശേഷം വിളവെടുപ്പ്‌ ആരംഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും മഴ വിനയായി. നെല്ല്‌ കൊയ്‌തിട്ട പാടങ്ങളില്‍ വെള്ളംകയറി കതിരുകള്‍ നശിച്ചു. വൈക്കോല്‍ ഉപയോഗശൂന്യമായി. വിളവെടുപ്പ്‌ നടത്താത്ത വയലുകളില്‍ ശക്‌തമായ മഴ മണികൊഴിച്ചിലിനും കാരണമായി.

ജില്ലയില്‍ വനാതിര്‍ത്തിയിലാണ്‌ പാടങ്ങളില്‍ പലതും. കാടിനോടു ചേര്‍ന്നുള്ള പാടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ കാട്ടാനകള്‍, കാട്ടുപന്നികള്‍, വാനരസംഘങ്ങള്‍ എന്നിവയോടും പൊരുതണം. ഞാറിനു വിത്തിടുന്നതുമുതല്‍ കൊയ്‌ത്ത് കഴിയുന്നതുവരെ വയലുകളിലെ മാടങ്ങളില്‍ ഉറക്കം വെടിഞ്ഞ്‌ കാവല്‍ ഇരിക്കണം. അങ്ങനെ സംരക്ഷിച്ച കൃഷിയാണ്‌ വിളവെടുപ്പുകാലത്ത്‌ മഴയെടുത്തത്‌.

കൊയ്‌തിട്ട നെല്ല്‌ മഴയില്‍ നശിച്ചതിനു വിള ഇന്‍ഷുറന്‍സ്‌ ഉണ്ടായിട്ടും നഷ്‌ടപരിഹാരം ലഭിക്കാത്തതും കൃഷിക്കാര്‍ക്ക്‌ തിരിച്ചടിയായി. നെല്‍കൃഷിക്ക്‌ കൊയ്‌ത്ത് നടത്തുന്നതുവരെ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയെന്ന നിലപാടിലാണ്‌ അധികൃതര്‍. ഇതില്‍ പ്രതിഷേധം അറിയിക്കുന്നതിനു പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിലുള്ള കര്‍ഷകര്‍ മഴനനഞ്ഞു മണികള്‍ മുളച്ച കറ്റകളുമായി കഴിഞ്ഞ ദിവസം കലക്‌ടറേറ്റിലും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലുമെത്തിയിരുന്നു.










from kerala news edited

via IFTTT