Story Dated: Wednesday, February 25, 2015 07:22
കോയമ്പത്തൂര്‍: കാമുകന്റെ സഹതാപം പിടിച്ചുപറ്റാന്‍ 16 കാരി തയ്യാറാക്കിയത് തട്ടിക്കൊണ്ടുപോകല്‍ നാടകം. തെറ്റിധാരണകള്‍ മുലം തന്നില്‍ നിന്നകന്ന 21കാരന്റെ പ്രണയം തിരിച്ചു പിടിക്കാന്‍ സ്വയം മുറിവേല്‍പ്പിച്ചായിരുന്നു പെണ്‍കുട്ടിയുടെ പ്രകടനം.
കുറ്റിക്കാടിനു സമീപം തലയില്‍ ചെറിയ പരിക്കുകളോടെ കരഞ്ഞുകൊണ്ടുനിന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് സമീപത്തുള്ള വനിതാ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്‌കൂളിലേക്കു പോകുന്നവഴി തന്നെ നാലുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയതായി പെണ്‍കുട്ടി മൊഴി നല്‍കി. തട്ടിക്കൊണ്ടു പോയവര്‍ തലയില്‍ പരിക്കേല്‍പ്പിച്ചുവെന്നും പിന്നീടു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു കടന്നുവെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. സംഭവം ഗൗരവമായെടുത്ത പോലീസ് കുറ്റവാളികളെ കണ്ടെത്താന്‍ പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്‌തു. ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ വെറും നാടകമെന്നു തെളിഞ്ഞത്.
താന്‍ 21 കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു എന്നു പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു. ചില തെറ്റിധാരണകളുടെ പേരില്‍ യുവാവ് തന്നില്‍ നിന്നും അകന്നു. തട്ടിക്കൊണ്ടുപോകല്‍ കഥയിലൂടെ യുവാവിന്റെ പ്രണയം വീണ്ടും നേടിയെടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നാണ് പോലീസ് ഭാഷ്യം. പക്ഷേ കമിതാവിനു വേണ്ടി സ്വയം മുറിവേല്‍പ്പിക്കാന്‍ പെണ്‍കുട്ടി കാണിച്ച ധൈര്യമാണ് പോലീസിനെ അമ്പരിപ്പിച്ചത്.
from kerala news edited
via IFTTT