Story Dated: Wednesday, February 25, 2015 03:02
നിലമ്പൂര്‍: സിനിമാ ആസ്വാദകര്‍ക്ക് കാഴ്‌ചയുടെ വസന്തം സമ്മാനിച്ച് ഐ.എഫ്.എഫ്.കെ മേഖലാ അന്താരാഷ്ര്‌ട നിലമ്പൂര്‍ ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. സംസ്‌ഥാനത്തെ ആദ്യത്തെ മേഖലാ ചലച്ചിത്രോത്സവമാണ് ജനപങ്കാളിത്തവും സംഘാടകമികവും കൊണ്ട് നിലമ്പൂര്‍ ചരിത്രമാക്കിയത്.
ഐ.എഫ്.എഫ്.കെ തിരുവനന്തപുരം അന്താരാഷ്ര്‌ട ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച 37 മികച്ച ചിത്രങ്ങളാണ് നിലമ്പൂരില്‍ കാണിച്ചത്. തലസ്‌ഥാന നഗരയില്‍ നിന്നും ചലച്ചിത്രമേള ഗ്രാമസ്വഭാവമുളള നിലമ്പൂരിലെത്തിയപ്പോള്‍ ജനങ്ങള്‍ മേളയെ നെഞ്ചോടു ചേര്‍ക്കുകയായിരുന്നു. സമാന്തര സിനിമ കാണാന്‍ മടിച്ച സാധാരണക്കാര്‍ ആവേശപൂര്‍വ്വം സിനിമ കാണാനെത്തി. ഗൗരവമായി സിനിമ കാണാനെത്തിയവര്‍ക്കൊപ്പം നാട്ടുകാരും സിനിമകണ്ട് വിലയിരുത്തി.
മീറ്റ് ദി ഡയറക്‌ടര്‍ പരിപാടിയില്‍ പ്രമുഖ സംവിധായകര്‍ സിനിമയെക്കുറിച്ച് മനസു തുറന്നു. ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടന്നത്. ഇന്ത്യയിലെ പ്രമുഖ സംവിധായകനും ബംഗാളി കവിയുമായ ബുദ്ധദേവ് ദാസ് ഗുപ്‌തയുടെ സാന്നിധ്യവും മേളക്കു മാറ്റു കൂട്ടി. ഒരു മലയാള സിനിമ സംവിധാനം ചെയ്ാനയുള്ള മോഹം പങ്കുവെച്ചാണ് ബുദ്ധദേവ് മടങ്ങിയത്. പ്രമുഖ സംവിധായകരായ പി. ശേഷാദ്രി, എം.പി സുകുമാരന്‍, മനോജ് മിശിഗണ്‍, സിദ്ദാര്‍ത്ഥ് ശിവ, സജിന്‍ബാബു, എന്‍.കെ മുഹമ്മദ്‌കോയ, സനല്‍കുമാര്‍, സലില്‍ലാല്‍ അഹമ്മദ്, സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങിയ സംവിധായകരും ഡിസംബര്‍-1 എന്ന കന്നടസിനിമയിലെ നായികയായ നിവേദിതയും മീറ്റ് ദി ഡയറക്‌ടര്‍ പരിപാടിയില്‍ പങ്കെടുത്തു.
സ്വന്തം സിനിമയെക്കുറിച്ച് സംവിധായകര്‍ മനസുതുറന്നു. സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. അടുത്തിടെ അന്തരിച്ച പ്രമുഖ നടന്‍ മാള അരവിന്ദനോടുള്ള ആദരസൂചകമായി മാള അരവിന്ദന്‍ പവലിയനിലാണ് ഓപ്പണ്‍ ഫോറം നടന്നത്. വ്യത്യസ്‌ത വിഷയങ്ങളിലെ ചൂടേറിയ ചര്‍ച്ചകളും ശ്രദ്ധേയമായി. സിനിമ കണ്ടുമടങ്ങുന്നതിനപ്പുറം സംവിധായകനുമായി ചര്‍ച്ചക്കും സ്വന്തം നിലപാടുകള്‍ അറിയിക്കാനുമാണ് ചലച്ചിത്രോത്സവം വേദിയായത്. സിനിമയിലെ ജീവിതത്തെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോളും ഇറാനിയന്‍ സിനിമകളെക്കുറിച്ച് സംവിധായകന്‍ കെ.എം കമലും പങ്കെടുത്ത സെമിനാറുകളും ശ്രദ്ധേയമായി.
കോളജ് കുട്ടികളടക്കമുള്ള യുവാക്കളുടെ പ്രാതിനിധ്യവും മേളക്കു മാറ്റുകൂട്ടി. പാകപ്പിഴവുകളോ അപസ്വരങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും സിനിമ കാണാനായി എന്നതും നേട്ടമാണ്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സിനിമാ അസ്വാദകര്‍ എന്നും മനസില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ല ഓര്‍മ്മകളുമായാണ് ചലച്ചിത്രമേളക്കു വേദിയായ ഫെയറിലാന്റ് തിയറ്ററിന്റെ പിടിയിറങ്ങിയത്.
from kerala news edited
via IFTTT