Story Dated: Wednesday, February 25, 2015 11:44
മണ്ണഞ്ചേരി: സ്വപ്നങ്ങളും കാഴ്ചകളും വര്‍ണത്തില്‍ ചാലിച്ച് കാന്‍വാസില്‍ കോറിയിടാന്‍ വൈകല്യം ഈ കുട്ടിക്ക് ഒരിക്കലും തടസമല്ല. ഒമ്പതാംക്ലാസുകാരി കാവ്യാ എസ്. നാഥ് നിറക്കൂട്ടിന്റെ ലോകം അവിശ്വസനീയമായി കീഴടക്കുന്നു. ആലപ്പുഴ എസ്.ഡി.വി ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഊമയും ബധിരയുമായ ഈ കൊച്ചുമിടുക്കി. അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ഈ കൊച്ചു മിടുക്കിക്ക് കലയുടെ ദേവസ്പര്‍ശം പകര്‍ന്നുകിട്ടിയത്.
ഓയില്പെയിന്റിംഗ്, വാട്ടര്‍കളര്‍, പെന്‍സില്‍ ഡ്രോയിംഗ്, ഫേബ്രിക് പെയിന്റിംഗ്, കരകൗശല വസ്തുക്കളുടെ നിര്‍മാണം ഇവയിലെല്ലാം മികവു പുലര്‍ത്തുന്നു.ആര്യാട് പന്ത്രണ്ടാം വാര്‍ഡില്‍ കലാ ഭവനില്‍ കെ.ആര് രഘുനാഥ്- ശ്രീകലാ ദമ്പതികളുടെ മകളാണ്. ആലപ്പുഴ കാളാത്ത് സ്വദേശി ശിവന്, ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രി സ്വദേശി സതീഷ് എന്നിവരുടെ ശിക്ഷണത്തിലാണ് ചിത്രകല അഭ്യസിക്കുന്നുന്നത്. ചിത്ര കലയിലും പെയിന്റിഗിലും 100 ഓളം മല്‍സരങ്ങളില്‍ ഇതിനകം പങ്കെടുത്തു. 80 സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥാക്കി. കേന്ദ്ര ടൂറിസം വകുപ്പ് സംഘടിപ്പിച്ച ക്ലിന്റ് മെമ്മോറിയല്‍ ഫെസ്റ്റ്വെലില് അഞ്ച് പടങ്ങളാണ് കാവ്യ എസ്. നാഥ് വരച്ചത്. അഞ്ച് പടങ്ങളും മല്‍സരത്തില്‍ തെരഞ്ഞെടുത്തു.
2014 ഡിസംബര്‍ ഒന്നിനു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് നടത്തിയ ചിത്രരചനാ മത്സരത്തില്‍ കാവ്യ രണ്ടാം സ്ഥാനക്കാരിയായി. ഇതേ വര്‍ഷം ഡിസംബറില്‍ ഐ.എസ്.ആര്.ഒ സംഘടിപ്പിച്ച സ്പെയിസ് വീക്ക് അവാര്‍ഡിലും കാവ്യക്ക് തന്നെയായിരുന്നു രണ്ടാം സമ്മാനം. ഐ.എസ്.ആര്.ഒ യിലെ മത്സര ശേഷം പി.എസ്.എല്‍.വിയുടെ മാതൃക നിര്‍മിച്ചും കാവ്യ ശ്രദ്ധ പിടിച്ചു പറ്റി. മഹാരാഷ്ട്ര സ്റ്റുഡന്റ്സ് വികസന സൊസൈറ്റിയുടെ കലാ ഗരുഡ അവാര്‍ഡിനും ഈ പതിനാലുകാരി അര്‍ഹയായി. മാതാവ് ശ്രീകല ആര്യാട് പഞ്ചായത്ത് ജീവനക്കാരിയാണ്.
മത്സരങ്ങളില്‍ കുട്ടിക്ക് കൂട്ട് അമ്മ ശ്രീകലയാണ്. ബധിരയും ഊമയുമായതുകൊണ്ട് അര മണിക്കൂര്‍ മുന്‍പ് മാത്രം കിട്ടുന്ന മത്സര വിഷയങ്ങള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കാന്‍ ഈ അമ്മ വിഷമിക്കാറുണ്ട്. ഇതേ കാരണത്താല്‍ പല മത്സരങ്ങളില്‍ നിന്ന് ഒഴിവാകേണ്ടി വന്നിട്ടുണ്ട്. കുറച്ചുകൂടി നേരത്തെ വിഷയം കിട്ടിയാല്‍ നന്നായി കഴിവുതെളിയിക്കാനാകും. ഈ കാരണങ്ങള്‍കൊണ്ട് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും മാതാവ് പരിതപിക്കുന്നു. യു.കെ.ജി പഠിക്കുന്ന കാര്‍ത്തിക് ആര്. നാഥ് കവ്യയുടെ ഏക സഹോദരനാണ്.
from kerala news edited
via IFTTT