മെട്രോയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ഇടം
Posted on: 26 Feb 2015
ദുബായ്: മെട്രോയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പാതി കംപാര്‍ട്ട്‌മെന്റുകൂടി അനുവദിച്ചു. നിലവിലെ വനിതാക്യാബിനോട് ചേര്‍ന്നുള്ള കംപാര്‍ട്ട്‌മെന്റിന്റെ പാതി മുഴുവന്‍ സമയവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിജപ്പെടുത്തിയതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. രാവിലെയും വൈകിട്ടും നിശ്ചിതസമയങ്ങളില്‍ മാത്രം കംപാര്‍ട്ട്‌മെന്റിന്റെ പാതി അുവദിച്ചിരുന്ന രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പുതിയ സംവിധാനം ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു.
ഇതോടെ, മെട്രോയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 27 സീറ്റുകള്‍ കൂടുതല്‍ ലഭിക്കും. ഈ ഭാഗത്ത് കയറുന്ന പുരുഷന്മാര്‍ക്ക് 100 ദിര്‍ഹം പിഴ ചുമത്തും. തുടക്കത്തില്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ക്രമേണ പിഴ ചുമത്തുകയുമാണ് ചെയ്യുക.
തുടക്കത്തില്‍, മെട്രോയുടെ ഒരറ്റത്തുള്ള കംപാര്‍ട്ട്‌മെന്റ് വിഭജിച്ച് ഗോള്‍ഡ് ക്ലാസിനും സ്ത്രീകള്‍ക്കുമായി നീക്കിവെക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, വനിതാക്യാബിനിലെ തിരക്കും കൂടുതല്‍ ഇടം വേണമെന്ന ആവശ്യവും പരിഗണിച്ച് തിരക്കുള്ള സമയങ്ങളില്‍ തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റിന്റെ പാതി കൂടി അനുവദിക്കുകയായിരുന്നു. എന്നാല്‍, വീണ്ടും ആവശ്യം ശക്തമായതോടെയാണ് താത്കാലിക സൗകര്യം സ്ഥിരമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
from kerala news edited
via IFTTT