ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
ന്യൂഡല്‍ഹി: തൈക്കാട്ട് മൂസ് എസ്.എന്‍.എ. ഔഷധശാലയും ശ്രീദുര്‍ഗ എന്റര്‍പ്രൈസസും സംയുക്തമായി ഹരിയാണയിലെ സിര്‍സയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ പത്തിനാണ് പരിപാടി. മീനാക്ഷി ആയുര്‍വേദ പഞ്ചകര്‍മ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്.
പി. ഗോവിന്ദപ്പിള്ള അനുസ്മരണപ്രഭാഷണം
ന്യൂഡല്‍ഹി: ജനസംസ്‌കൃതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് നാലിന് പി. ഗോവിന്ദപ്പിള്ള അനുസ്മരണപ്രഭാഷണം സംഘടിപ്പിക്കും. 'നവോത്ഥാനമൂല്യങ്ങളും സമകാലിക മലയാളിസമൂഹവും' എന്നവിഷയത്തില്‍ എ. സമ്പത്ത് എം.പി. പ്രഭാഷണം നടത്തും.
ചായ് പേ ചര്‍ച്ച
ന്യൂഡല്‍ഹി: സാമൂഹിക സംഘടനയായ ഹെല്‍പ്പിങ് ബ്രെയിന്‍സിന്റെനേതൃത്വത്തില്‍ നിതാരി ഗ്രാമത്തില്‍ ചായ് പേ ചര്‍ച്ച സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണ പരിപാടിയുടെ രണ്ടാംഘട്ടമായിട്ടുള്ള ചര്‍ച്ച ഗ്രാമപ്രധാന്‍ വിംലേഷ് ശര്‍മ ഉദ്ഘാടനം ചെയ്തു. രാജ്യംകണ്ട ഏറ്റവുംദാരുണമായ സംഭവങ്ങളിലൊന്നായ നിതാരി കൂട്ടക്കൊലയുടെ നടുക്കം വിട്ടുമാറാത്തവരാണ് ഇന്നും ഗ്രാമത്തിലെ വീട്ടമ്മമാര്‍. ഈ സാഹചര്യത്തിലാണ് അവരുടെ ശാക്തീകരണം ലക്ഷ്യമിട്ട് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘടനാഭാരവാഹി യദുകൃഷ്ണ മേനോന്‍ പറഞ്ഞു. സാക്ഷരത, വിദ്യാഭ്യാസം, കല, സ്വയംതൊഴില്‍, ഗ്രാമശുചിത്വം എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനാവശ്യമായ സഹായങ്ങളും ചെയ്തു കൊടുത്തു. കുമാര്‍ മധുരാജ്, രാഗിണി സിങ്, ഗീതാന്‍ശു ഖുറാന, ശുഭാംഗി സിംഗള്‍, ദീപിക, കീര്‍ത്തി എന്നിവരും ശാക്തീകരണ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.
വിധി പറുയന്നത് മാറ്റി
ന്യൂഡല്‍ഹി: ഉബര്‍ ടാക്‌സി ബലാത്സംഗക്കേസില്‍ വിധി പറുയന്നത് മാറ്റി. പ്രോസിക്യൂഷന്‍ സാക്ഷികളെ വിളിച്ചുവരുത്തണമെന്നുള്ള പ്രതി ശിവകുമാര്‍ യാദവിന്റെ ആവശ്യത്തില്‍ മാര്‍ച്ച് നാലിന് ഉത്തരവുപുറപ്പെടുവിക്കും. ഡല്‍ഹി ഹൈക്കോടതിയുടേതാണ് തീരുമാനം. തുടര്‍ന്ന്, ഉബര്‍ പീഡനക്കേസില്‍ വിധിപ്രസ്താവം മാറ്റിവെക്കാന്‍ വിചാരണക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
വൈദ്യുതി ഓഡിറ്റിനെക്കുറിച്ച് സി.എ.ജി.-കെജരിവാള്‍ ചര്‍ച്ച
ന്യൂഡല്‍ഹി: സ്വകാര്യ വൈദ്യുതിവിതരണ കമ്പനികളിലെ ഓഡിറ്റിന്റെ പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സി.എ.ജി. ശശികാന്ത് ശര്‍മയുമായി ചര്‍ച്ചനടത്തി. സി.എ.ജി. ഓഡിറ്റിന്റെ പ്രസക്തിയെക്കുറിച്ചുള്ള സര്‍ക്കാര്‍നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതിനിരക്ക് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനെക്കുറിച്ചും പറഞ്ഞു. സി.എ.ജി. ഓഡിറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍മാത്രമേ വൈദ്യുതിനിരക്ക് കുറയ്ക്കാനാവൂ.
ബി.എസ്.ഇ.എസ്. യമുന പവര്‍ ലിമിറ്റഡ്, ബി.എസ്.ഇ.എസ്. രാജധാനി, ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളിലാണ് സി.എ.ജി. ഓഡിറ്റുനടക്കുന്നത്. ഓഡിറ്റുമായി സഹകരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആം ആദ്മി മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദ്യുതിനിരക്ക് കുറയ്ക്കുമെന്ന വാഗ്ദാനം ഉടന്‍നടപ്പാക്കുമെന്നാണ് കെജരിവാളിന്റെ പ്രഖ്യാപനം. നഷ്ടം പെരുപ്പിച്ചുകാട്ടിയാണ് വൈദ്യുതിവിതരണ കമ്പനികള്‍ ഇടയ്ക്കിടെ നിരക്കുകൂട്ടുന്നതെന്നാണ് ആം ആദ്മിയുടെ മുഖ്യ ആരോപണം. യഥാര്‍ഥനഷ്ടം കണ്ടെത്താനും ഊര്‍ജരംഗത്തെവസ്തുത കണ്ടെത്താനുമാണ് സി.എ.ജി. ഓഡിറ്റ്.
ജേതാക്കളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേരള സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി നാടകോത്സവത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ജനസംസ്‌കൃതി അവതരിപ്പിച്ച 'അസ്തമനക്കടലിനക്കരെ' മികച്ചനാടകത്തിനുള്ള പുരസ്‌കാരം നേടി. കൊല്‍ക്കത്ത മാനസിന്റെ 'ഇടം' ആണ് മികച്ച രണ്ടാമത്തെനാടകം. മികച്ചസംവിധായകനായി അസ്തമനക്കടലിനക്കരെ സംവിധാനംചെയ്ത സാംകുട്ടി പട്ടങ്കരിയും ഡല്‍ഹിയില്‍ അവതരിപ്പിച്ച 'മുറിവുകളുടെ വസന്തം' രചിച്ച അനില്‍ പ്രഭാകര്‍ മികച്ച തിരക്കഥാകൃത്തായും പുരസ്‌കാരങ്ങള്‍ നേടി. അസ്തമനക്കടലിനക്കരെ എന്ന നാടകത്തിലെ അഭിനയത്തിന് എം.വി. സന്തോഷ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. കജ്ജുമ്മ എന്ന നാടകത്തിലെ അഭിനയത്തിന് പുഷ്പ ദിനേശ് മികച്ചനടിക്കുള്ള പുരസ്‌കാരം നേടി.
from kerala news edited
via IFTTT