Story Dated: Wednesday, February 25, 2015 03:02
കോഴിക്കോട്: കടവുകളില്‍ നിന്നു മണലെടുക്കാനുള്ള അനുമതി പിന്‍വലിച്ചതോടെ നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി. ഒരുഭാഗത്ത് ക്വാറി ഉടമകളുടെ സമരം നടക്കുമ്പോള്‍ തന്നെ മണല്‍ ലഭ്യതയും ഇല്ലാതാവുന്നത് സാധാരക്കാര്‍ക്ക് ഇരുട്ടടിയാവും.മൂന്നുമാസത്തേക്ക് മണല്‍ വാരുന്നതിനായി നല്‍കിയ താല്‍ക്കാലിക ഉത്തരവിന്റെ കാലാവധി കഴിഞ്ഞതോടെ വെട്ടിലായത് ചെറുകിട കരാറുകാരും സാധാരണക്കാരുമാണ്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ത്രിതല പഞ്ചായത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്. രാവും പകലും പ്രവൃത്തികള്‍ നടന്നാല്‍ മാത്രമേ മാര്‍ച്ച് 31-നകം പ്രവൃത്തികള്‍ പൂര്‍ത്തിയാവുകയുള്ളു എന്നതാണ് കരാറുകാരെ വലയ്‌ക്കുന്നതെങ്കില്‍ മണല്‍ പ്രശ്‌നത്തില്‍ മാഫിയകളുടെ ഇടപെടലാണ് സാധാരണക്കാര്‍ക്ക് തലവേദനയാകുന്നത്.
ഇതുവരെ കരിഞ്ചന്തയില്‍ മണലിന് ആവശ്യക്കാരില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നിര്‍മാണം സ്‌തംഭിച്ചതോടെ സാധാരണക്കാരും മണല്‍മാഫിയയെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്. മണലിന് അനുമതി ഉണ്ടായിരുന്ന കാലഘട്ടത്തില്‍ പഞ്ചായത്തിലെയും മറ്റും ഉദ്യോഗസ്‌ഥരുമായുള്ള ബന്ധം മൂലം വ്യാപകമായി അടിച്ചുകൂട്ടിയ മണലുകള്‍ ഇനി വന്‍ തുകയ്‌ക്ക് മറിച്ചുവില്‍ക്കും.
ജില്ലയില്‍ താല്‍ക്കാലിക മണല്‍ വാരലിന് അനുമതി നല്‍കിയ സന്ദര്‍ഭത്തില്‍ ലോഡിന് 5000-6000 രൂപയായിരുന്നു മാഫിയകള്‍ ഉപയോക്‌താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്. പഞ്ചായത്തില്‍ നിന്നു ടോക്കണ്‍ ലഭിക്കുന്നതു പ്രകാരം ഒരലോഡ് മണിന് 2000 രൂപമാത്രം ഉള്ളപ്പോഴായിരുന്നു ഇത്. കഴിഞ്ഞദിവസം മുതല്‍ ഇത് 8000 രൂപയായി .
ഇതിനിടെ ക്വാറിയുടെ പ്രവര്‍ത്തനവും നിശ്‌ചലമായതോടെ നിര്‍മാണ മേഖലയാകെ സ്‌തംഭനാവസ്‌ഥയിലാണ്. ചെങ്കല്ലും ബോളറും കിട്ടാനില്ല. പ്രവൃത്തികള്‍ ആകെ സ്‌തംഭനാവസ്‌ഥയിലാണ്. ഇതിനൊപ്പം മണലും കിട്ടാക്കനിയായി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വലിയൊരുവിഭാഗം തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന ആവശ്യവും ശക്‌തമാണ്. മണല്‍ ലഭിക്കാതാവുകയും ക്വാറികളിലെ സമരം മൂലം പകരമായി ഉപയോഗിക്കുന്ന എം.സാന്‍ഡ് ലഭിക്കാതെ വരികയും ചെയ്‌താല്‍ നിര്‍മാണ മേഖല പാടെ സ്‌തംഭിക്കുമെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ തന്നെ ഈ രണ്ടുകാര്യങ്ങളിലും ഉടന്‍ തീരുമാനം വേണമെന്ന ആവശ്യം ശക്‌തമാണ്.
കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമുള്ള ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യവസായ വകുപ്പ് കോടതിയെ അറിയിച്ച പശ്‌ചാത്തലത്തിലാണ് ക്വാറി, ക്രഷര്‍ ഉടമകള്‍ സമരം തുടങ്ങിയത്. ഇത് പിന്‍വലിക്കണമെന്നാണ് ക്വാറി ഉടമകളുടെ ആവശ്യം. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വന്‍കിട കുത്തക ക്വാറികള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. സിമന്റ വ്യവസായം പോലെ മണലും മെറ്റലും ചാക്കുകളില്‍ പായ്‌ക്കിംഗ് നടത്തി ആവശ്യക്കാരെ കൊള്ളയടിക്കാനുള്ള ചില കുത്തകളുടെ നീക്കമാണ് ഉത്തരവിന്റെ പിന്നിലെന്നാണ് ആരോപണം. ലൈസന്‍സ് കാലാവധി കഴിഞ്ഞ ക്വാറി, ക്രഷര്‍, പാറമടകള്‍ എന്നിവയ്‌ക്ക് ലൈസന്‍സ് പുതുക്കി നല്‍കിട്ടില്ല. ലൈസന്‍സ് ഇല്ലാതെ ക്വാറികളില്‍ നിന്നു ലോഡ് ഇറക്കിയാല്‍ ഉടമക്ക് പിഴയും തടവും ലഭിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.ഇതും ക്വാറി ഉടകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
from kerala news edited
via IFTTT