121

Powered By Blogger

Tuesday, 13 January 2015

'ഐ' അതുക്കും മേലെ











ഷങ്കര്‍ ഒരു ചിത്രം എടുക്കാന്‍ പോവുന്നു. രണ്ട് രണ്ടര വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തിയാവുന്നത്. സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും. വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദമാണത്. താങ്കള്‍ എങ്ങിനെയാണിതിനെ മറികടക്കുന്നത്. ഒരു ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമ്പോള്‍ താങ്കളുടെ മനസിനെ ഭരിക്കുന്ന ചിന്തകളെന്താണ്? സംവിധായകന്‍ ഷങ്കറിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഷങ്കര്‍ പറഞ്ഞതിങ്ങനെയായിരുന്നു. ഞാന്‍ എപ്പോഴും പ്രേക്ഷക പക്ഷത്തു നിന്നാണ് ചിന്തിക്കുന്നത്. ഒരു ചിത്രം ഇറങ്ങുമ്പോള്‍ അവര്‍ എന്റെ മുന്‍ ചിത്രവുമായി സ്വാഭാവികമായും പുതിയ ചിത്രത്തെ വിലയിരുത്തും. അപ്പോള്‍ അതുക്കും മേലെ ഒരു ചിത്രം ഒരുക്കി അവരെ തൃപ്തിപ്പെടുത്തുക. അതിനെന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് എപ്പോഴും എന്റെ ചിന്ത. അതിനുള്ള ഗൃഹപാഠങ്ങളാണ് എപ്പോഴും എന്റെ മുന്നില്‍.




വിക്രമിനെ നായകനാക്കി ഷങ്കര്‍ അണിയിച്ചൊരുക്കിയ വര്‍ണ്ണവിസ്മയം 'ഐ' കണ്ടപ്പോള്‍ ഈ വാക്കുകളാണ് ഓര്‍മ്മ വന്നത്. അതുക്കും മേലെ എന്നത് ഈ ചിത്രത്തിലെ ഒരു താക്കോല്‍വാചകവുമാണ്. സിനിമ കാണുമ്പോള്‍ ഹരം നഷ്ടപ്പെടണ്ടല്ലോ എന്നു കരുതി അത് എന്താണെന്ന് പറയുന്നില്ല. കഥാസാരത്തിലേക്കും കടക്കുന്നില്ല.

അതുപോലെ തന്നെ ഷൂട്ടിങ് തുടങ്ങുന്നതുമുതല്‍ പലതരം രഹസ്യങ്ങള്‍ ഷങ്കര്‍ കാത്തു സൂക്ഷിക്കാറുണ്ട്. ഐ എന്നാല്‍ അഴകടക്കം ഒമ്പത് അര്‍ഥങ്ങളുള്ള തമിഴിലെ ഒരക്ഷരമാണെന്നാണ് ഷങ്കര്‍ പറഞ്ഞിരുന്നിരുന്നത്. അഴക് എന്നതും ഈ ചിത്രത്തിന്റെ കാതലാണ്. അതിനപ്പുറം ഐയ്ക്കുള്ള മറ്റൊരര്‍ഥവും സിനിമ കാണുമ്പോഴേ പ്രേക്ഷകന് മനസിലാവൂ. ചിത്രത്തിലെ പ്രധാന വില്ലനെ തിരഞ്ഞെടുത്തതിലും ഷങ്കര്‍ ഇതേ തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്.





ആണുടലുകളുടെയും പെണ്ണുടലുകളുടെയും ഒരാഘോഷനൃത്തമാണ് ചിത്രം. ഓരോ സീനും വര്‍ണാഭമാക്കാനും സമ്പന്നമാക്കാനും ഷങ്കര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ സംഹീതവും ബോസ്‌കോ സീസര്‍ ഷോബി ടീമിന്റെ നൃത്തസംവിധാനവും മുത്തുരാജിന്റെ കലാസംവിധാനവും ചൈനയിലേയും ഊട്ടിയിലേയും മനോഹരമായ ലൊക്കേഷനുകളും ചേര്‍ന്നൊരുക്കിയ ദൃശ്യവിസ്മയങ്ങളാണ് തിരശ്ശീലയില്‍ നിറയുന്നത്. ഇത്തരം കാഴ്ചകള്‍ക്കിടയിലൂടെ പ്രണയവും പ്രതികാരവും നിറഞ്ഞ ഒരു റൊമാന്റിക് ത്രില്ലറാണ് ചുരുളഴിയുന്നത്.

രണ്ടരവര്‍ഷമാണ് വിക്രം ഈ ചിത്രത്തിനു വേണ്ടി മാറ്റിവെച്ചത്. അത് പാഴായില്ലെന്ന് ചിത്രം കണ്ടപ്പോള്‍ മനസിലായി. മനസും ശരീരവും അര്‍പ്പിച്ചുള്ള ഒരു നടന്റെ പ്രകടനം. മിസ്‌ററര്‍ തമിഴ്‌നാടാവാന്‍ കൊതിക്കുന്ന ശരീരസൗന്ദര്യാരാധകനായ ലിംഗേശനായും വികൃതരൂപിയായി മാറുന്നവനായും വിക്രം രണ്ട് വേഷമാറ്റത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു പാട്ട് സീനില്‍ മൃഗരൂപിയായും വരുന്നുണ്ട്. എല്ലാ കഴിഞ്ഞ് എ ഫിലിം ബൈ ഷങ്കര്‍ എന്ന കയ്യൊപ്പും കഴിഞ്ഞിട്ടും പ്രേക്ഷകര്‍ തിരിച്ചുപോകുന്നില്ല. അവസാനത്തെ ടൈറ്റില്‍സിനൊപ്പം വിക്രം വീണ്ടും പഴയരൂപത്തിലെത്തുന്നവര്‍ക്ക് കാണണമായിരുന്നു. കാരണം ആ കഥാപാത്രത്തെ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. ആ പ്രണയത്തേയും. ദൃശ്യവിസ്മയങ്ങള്‍ക്കപ്പുറം അതായിരിക്കും ഈ ചിത്രത്തിന്റെ വിജയത്തിന് കാരണം.



എ ആര്‍ റഹ്മാനും ഷങ്കറും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണിത്. ക്യാമറമാന്‍ പി സി ശ്രീറാമും ഷങ്കറും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം, ചൈനീസ് സൈക്കിളിസ്റ്റ് പീറ്റര്‍ മിങിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഉഗ്രന്‍ സൈക്കിള്‍ സംഘട്ടനം, ന്യൂസിലാന്റിലെ വേടാ വര്‍ക്ക്‌ഷോപ്പിന്റെ സ്‌പെഷല്‍ മേക്കപ്പ്, എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ഷങ്കര്‍ ചിത്രത്തിന്.


നായകന്‍ ലിംഗേശനായി വിക്രം, നായിക ദിയയായി എമിജാക്‌സണ്‍, ജിംബാബുവായി സന്താനം, ഇന്ദ്രകുമാറായി ജി രാംകുമാര്‍, ജോണായി ഉപന്‍പട്ടേല്‍, ഡോ:വാസുദേവനായി സുരേഷ്‌ഗോപി, പട്ടണപാക്കം രവിയായി മിസ്‌ററര്‍ ഇന്ത്യ കാംരാജ്, എന്നിവരാണ് വെള്ളിത്തിരയില്‍. ഒപ്പം മേക്കപ്പ് മാന്‍ ഓസ്മാജാസ്മിന്‍ ഒാജസ് രജനി എന്ന ചാന്തുപൊട്ട് കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.











from kerala news edited

via IFTTT