മലയാള സിനിമയും സര്‍ക്കാര്‍ ബസും ഒരുപോലെയാണ്. എല്ലാകാലവും ഇവ രണ്ടും ഓടുന്നത് നഷ്ടത്തിലാണ്. പ്രതിസന്ധി വിട്ടൊഴിഞ്ഞ കാലവുമില്ല. കലാമൂല്യമില്ലായ്മ, കഥയില്ലായ്മ, പ്രേക്ഷകരുടെ അഭിരുചി വ്യതിയാനം എന്ന വാക്കിലാണ്. സിനിമ മറ്റൊരു കലാരൂപം പോലെയല്ല അതിന്റെ പരമപ്രധാനമായ ലക്ഷ്യം കച്ചവടമാണ്. പുതുമ കണ്ടെത്താന്‍ കഴിയാത്തത് തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്. എല്ലാം വന്ന് നില്ക്കുന്നത് സാമ്പത്തികനഷ്ട കണക്കിലാണ്. ലാഭം കിട്ടണമെങ്കില്‍ പ്രേക്ഷകനെ മുന്നില്‍ കാണുക തന്നെ വേണം.
തീയേറ്ററില്‍ നൂറ് ദിവസം കളിച്ച് ലാഭം കണക്കാക്കുന്ന കാലം പോയി.. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കളിയ്ക്കുവാനായാല്‍ നഷ്ടം കുറയ്ക്കുവാനും സാറ്റലൈറ്റ് റൈറ്റ് വഴി കച്ചവടം ലാഭമാക്കുവാനുമുളള വലിയൊരു സാധ്യതയാണ് ഇന്നുളളത്. പക്ഷേ സംഭവിക്കുന്നതെന്താണ്.. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത് 151 സിനിമകള്‍.. തീയേറ്ററില്‍ എത്തുവാന്‍ ഭാഗ്യം ലഭിച്ചത് നൂറ്റിമുപ്പതോളം മാത്രം..അതില്‍ തന്നെ ഒരു ദിവസം മുതല്‍ 3 ദിവസം വരെ മാത്രം ഓടാന്‍ കഴിഞ്ഞവയാണ് ഏറെയും..
2013 ല്‍ 158 സിനിമകള്‍. 7 സിനിമകള്‍ കുറഞ്ഞെങ്കിലും കോടികളുടെ നഷ്ടത്തിന് കുറവൊന്നുമുണ്ടാകുന്നില്ല. 250 കോടിയോളം രൂപയാണ് മലയാളസിനിമ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയത്..ശരിക്കും ഇത് ആരുടെ നഷ്ടമാണ്. പണം മുടക്കുന്നവന്റെ മാത്രം നഷ്ടമാണത്. നിലവാരമാണ് മാനിക്കുന്നതെങ്കില്‍ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം 200 കോടിയോളം രൂപ ലാഭമാണ്. വ്യാജവും നിലവാരമില്ലാത്തതുമായ ഒരു ഉല്പന്നം വാങ്ങി മണ്ടനാകാത്ത ഉപഭോക്താവിന്റെ വിവേചനബുദ്ധിയാണതെന്ന് പരിഗണിയ്‌ക്കേണ്ടി വരികയാണ്.
താരങ്ങള്‍ക്കും സംവിധായകനും അണിയറക്കാര്‍ക്കും കൃത്യമായ പണം ലഭിയ്ക്കുന്നിടത്തോളം കാലം നഷ്ടത്തിന്റെ കണക്കില്‍ നിര്‍മ്മാതാക്കള്‍ മാത്രമാണ് കരുക്കളാവുന്നത്. സ്വയം വരുത്തി വയ്ക്കുന്ന വിനകളെന്ന് പറയാം. തന്റെ ഉത്പന്നം എങ്ങനെയായിരിക്കണമെന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ വയ്ക്കാത്തതിന് ലഭിക്കുന്ന ശിക്ഷ. ഒരു സിനിമയുടെ വിജയം പ്രവചിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മികച്ചതും പ്രതീക്ഷ ഉണര്‍ത്തുന്നതുമായ സൃഷ്ടികള്‍ ചലനം ഉണ്ടാക്കാതെ പോവുമ്പോള്‍ ശരാശരിയിലും താഴ്ന്നത് ലാഭമാവുകയും ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ടത് മാത്രമാണ് അത്തരത്തിലുളളത്.
മുമ്പൊക്കെ സൂപ്പര്‍ എന്നതാണ് പടത്തിന്റെ ക്ലൂസ് അളന്നിരുന്നുതെങ്കില്‍ ഇപ്പോള്‍ തരക്കേടില്ല എന്ന ഒറ്റ മറുപടിയില്‍ നഷ്ടം കുറയ്ക്കാനാവും. എന്നിട്ടും നമ്മുടെ സിനിമയ്ക്ക് സംഭവിക്കുന്നതെന്താണ്.. പ്രേക്ഷകന്റെ നിലവാരം കുറയുന്നുവെന്ന പതിവ് പല്ലവി അതിനുത്തരമല്ല. വ്യത്യസ്തമായ ശ്രമങ്ങളെ അവര്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞനാലുവര്‍ഷത്തിനിടയിലെ ഹിറ്റ് സിനിമകളുടെ ലിസ്റ്റെടുത്താല്‍ അത് കാണാം. ചാനല്‍ റൈറ്റ് എന്ന അധികവരുമാനവും ഒരു പ്രലോഭനമാണ്. പക്ഷേ നമുക്ക് സംഭവിക്കുന്നതെന്താണ്.. കാഴ്ചയുടെ നിലവാരതകര്‍ച്ചയോ അഭിരുചികളിലെ മാറ്റമോ ഒന്നുമല്ല മലയാളസിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധി.
പണിയറിയാതെ സിനിമയെടുക്കാന്‍ പുറപ്പെടുന്ന കുറേപേരാണ് ഇന്ന് സിനിമയുടെ ശാപമാവുന്നത്. കഴിഞ്ഞവര്‍ഷം ഇറങ്ങിയ പരാജയപ്പെട്ട നൂറ്റിമുപ്പതോളം സിനിമകളില്‍ എത്രയെണ്ണത്തിന്റെ സംവിധായകര്‍ക്ക്, നിര്‍മ്മാതാക്കള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയുവാന്‍ കഴിയും തന്റെ സിനിമയ്‌ക്കൊരിക്കലും ആ ഗതി വരരുതായിരുന്നുവെന്ന്.. തീയേറ്ററില്‍ നിന്ന് പിന്‍മാറിയ ശേഷം മികച്ച അഭിപ്രായം രൂപപ്പെട്ടതോ അല്ലെങ്കില്‍ അഭിപ്രായം നേടിയിട്ടും തീയേറ്ററുകള്‍ക്ക് പുറത്തായതോ ആയ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ്.
കോടികള്‍ തുലയ്ക്കുന്ന ഏറുപടക്കം കളി
തൊണ്ണൂറിഅഞ്ചോളം സംവിധായകരാണ് കഴിഞ്ഞവര്‍ഷം അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പത്തെ വര്‍ഷങ്ങളിലും അത്രത്തോളം സംവിധാകര്‍ പുതുതായി എത്തി. ഇരുനൂറിനടുത്ത് പുതിയസംവിധായകര്‍ മലയാളസിനിമയ്ക്ക് താങ്ങായോ അതോ താങ്ങലായോ എന്നത് വിജയചിത്രങ്ങളുടെ കണക്കെടുത്താല്‍ മനസിലാകും. 2014 ല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച സിനിമകള്‍ യുവസംവിധാകരുടെ സിനിമകള്‍ നോക്കിയാല്‍ ഒരു കാര്യം ബോധ്യമാവും. വ്യക്തമായ പ്ലൂനിംഗോടെ, തീയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ അതിനെ സ്വീകരിക്കാതിരിക്കാന്‍ സാധ്യത ഉണ്ടെന്ന ഉറപ്പിലാണ് അവര്‍ മുമ്പോട്ട് വന്നത്. അവ വിജയിക്കാതെ തരമില്ലെന്ന അവസ്ഥയായിരുന്നു.
1983, ഓം ശാന്തി ഓശാന, വെളളിമൂങ്ങ, സെവന്‍ത് ഡേ, ഇതിഹാസ എന്നിവയെല്ലാം വ്യത്യസ്തതയാണ് പ്രേക്ഷകന് സമ്മാനിച്ചത്. പറഞ്ഞുപഴകിയ ഗൃഹാതുരത്വ കഥകളില്‍ നിന്ന് വേറിട്ടതും അധികമാരും ശ്രദ്ധിക്കാത്തതുമായ വഴിയിലുളള ചിന്തയായിരുന്നു 1983 എങ്കില്‍ കേട്ടുപഴകിയ പ്രണയകഥയെ പുതിയ ട്രീറ്റ്‌മെന്റിലൂടെ അവതരിപ്പിച്ചതാണ് ഓം ശാന്തി ഓശാനെ തീയേറ്ററില്‍ നിലനിര്‍ത്തിയത്. വെളളിമൂങ്ങയാവട്ടേ മലയാളിയുടെ കണ്‍മുമ്പിലുളള ഈക്കിലിപാര്‍ട്ടി രാഷ്ട്രീയത്തിനെ മുഷിവില്ലാത്ത രീതിയില്‍ കാണിച്ചു. ഈ മൂന്ന് സിനിമകളുടെയും വിജയത്തില്‍ ഇവയിലെ ഗാനങ്ങളും ഒരളവുവരെ പങ്കുവഹിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിന്റെ ആദ്യപടിയും പാട്ടുകളായിരുന്നു. പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിക്കാന്‍ താരത്തിളക്കമൊന്നും ആവശ്യമില്ലെന്ന് ഇതിഹാസയും വെളളിമൂങ്ങയും തെളിയിച്ചു. അവരെ ആകര്‍ഷിക്കുന്നത് ഒരുകോടിയുടെ പാട്ടുചിത്രീകരണമോ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സെറ്റോ അല്ല മുഷിവില്ലാത്ത ഒരു കഥയെ എങ്ങനെ ചിത്രീകരിക്കുന്നതെന്നതാണ്. കോടികളുടെ മുതല്‍മുടക്കൊന്നും കാണികള്‍ക്ക് വേണ്ട. മറുഭാഷസിനിമകളില്‍ നിന്ന് അതവര്‍ക്ക് ലഭിയ്ക്കുന്നുണ്ട്.
സാറ്റലൈറ്റ് സാധ്യതകളെ തുലച്ച വിധം..
സാറ്റലൈറ്റ് അവകാശം നമ്മുടെ സിനിമയ്ക്ക് രണ്ടുവര്‍ഷം മുമ്പ് വരെ വീണുകിട്ടിയ ഒരു വലിയ അവസരമായിരുന്നു. മുടക്ക് മുതല്‍ തിരിച്ചുകിട്ടുമെന്ന വലിയ ഉറപ്പ്. പക്ഷേ അത് പോലും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആരുടെ പിഴവാണ്. പപൊന്‍മുട്ട തരുമായിരുന്ന താറാവിനെ ദാക്ഷിണ്യമില്ലാത്ത കൊന്നതിന് ഉത്തരവാദികള്‍ ആരാണ്. സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ തട്ടിക്കൂട്ടിയ ഉത്പന്നങ്ങള്‍ ആര്‍ക്കുവേണ്ടി എന്ന ചോദ്യമാണ് അവശേഷിപ്പിച്ചത്. തീയേറ്ററില്‍ ഒരുദിവസം തികച്ച് കളിയ്ക്കുവാന്‍ യോഗ്യതയില്ലാത്ത സിനിമകള്‍ പ്രേക്ഷകനെ നോക്കി പല്ലിളിച്ച് ചാനലുകളിലേയ്ക്ക് പറന്നു. പക്ഷേ അവിടെയും കാണിയാണ് സൂപ്പര്‍ താരം. അഞ്ചുമിനിറ്റ് പോലും തികച്ച് കാണുവാന്‍ കഴിയാത്ത ഇവയൊക്കെ മിനക്കെട്ട് കാണുവാന്‍ മാത്രം മണ്ടന്‍മാരാണോ നമ്മുടെ ടെലിവിഷന്‍ പ്രേക്ഷകര്‍. ചാനലുകളുടെ പരിയമ്പുറത്ത് എടുക്കാചരക്കായി നൂറിലധികം സിനിമകള്‍ ഇപ്പോഴും കിടപ്പുണ്ട്.ഇനി ഒരിക്കലും പൂര്‍ത്തിയാക്കാന്‍ തരമില്ലാത്ത രീതിയില്‍ അത്രത്തോളം എണ്ണം പെട്ടിയിലും ഇരിയ്ക്കുന്നു.
from kerala news edited
via IFTTT