തൊടുപുഴ: ചുവന്നുതുടുത്തമുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍ കള്ളത്തരം ഒട്ടുമില്ല. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ ഏഴു കള്ളന്മാരിലൊരാളുടെ സഹായിയായി അഭിനയിച്ച മംഗോളിയക്കാരി ഫ്ലൂവര്‍ ബറ്റ്‌സേസോഗ് എന്തുപറഞ്ഞാലും ചിരിക്കും. പത്തു ദിവസത്തെ സിനിമാഭിനയം എങ്ങിനായെന്നുകാണാന്‍ ഫ്ലൂവറും ഭര്‍ത്താവ് നരേന്ദ്രയും പാലക്കാട്ടെ തീയേറ്ററില്‍ കയറിയിരുന്നു. സിനിമ എല്ലാവര്‍ക്കും ഇഷ്ടമായതിന്റെ ത്രില്ലിലാണ് ബറ്റ്‌സേസോഗ്.
ഗ്രാന്‍ഡ്‌സര്‍ക്കസ്സിന്റെ ഭാഗമായി തൊടുപുഴയിലെത്തിയതാണിവര്‍. ഒറ്റപ്പാലത്തെ പ്രദര്‍ശനത്തിനിടെയാണ് സിനിമയുടെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ഫ്ലൂവറിന്റെ പ്രകടനം കാണാനിടയായത്. തുടര്‍ന്ന് അദ്ദേഹം സര്‍ക്കസ് ഉടമ ചന്ദ്രനുമായി സംസാരിച്ചു. അടുത്തദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ പൃഥ്വിരാജ് എത്തി സംസാരിച്ച് കരാര്‍ ഉറപ്പിച്ചു. പത്തു ദിവസത്തെ ഷൂട്ടിങ്ങാണ് ബറ്റ്‌സേസോഗിനുണ്ടായിരുന്നത്, തൃശ്ശൂരില്‍. കള്ളന്മാരിലൊരാളെ വലിയ കെട്ടിടങ്ങളില്‍ ചാടിക്കയറുന്നത് പരിശീലിപ്പിക്കുന്ന റോളായിരുന്നു. പക്ഷേ, അതിലേറെയും റോപ്പ് ട്രിക്കായിരുന്നുവെന്ന് ഇവര്‍ ചിരിച്ചുകൊണ്ടുപറയുന്നു.
ആറാംവയസ്സിലാണ് ഇവര്‍ സര്‍ക്കസില്‍ ആകൃഷ്ടയാകുന്നത്. ടി.വി.യില്‍ വരുന്ന പരിപാടികള്‍ നോക്കി അനുകരിക്കുകയായിരുന്നു അന്ന്.എട്ടാം വയസ്സില്‍ സര്‍ക്കസ് സ്‌കൂളില്‍ ചേര്‍ന്നു. പത്തുവര്‍ഷം അവിടെയായിരുന്നു. പിന്നീട് എട്ടുവര്‍ഷമായി പലപല രാജ്യങ്ങളില്‍ വിവിധ സര്‍ക്കസ് കമ്പനികള്‍ക്കൊപ്പം സഞ്ചരിച്ചു. ഒന്നരവര്‍ഷമായി ഗ്രാന്‍ഡ് സര്‍ക്കസിനൊപ്പമാണ്. ഇതിനിടെയാണ് മണിപ്പുരിയായ നരേന്ദ്രയെ കൊല്‍ക്കത്തയില്‍വച്ചുകണ്ടതും വിവാഹിതരായതും. സര്‍ക്കസ് തന്റെ ജീവിതമാണെന്ന് ബറ്റ്‌സേസോഗ് പറയുന്നു. ഒരുപ്രായംകഴിഞ്ഞാല്‍ രംഗം വിടേണ്ടിവരും.
അപ്പോള്‍ മണിപ്പുരില്‍ ഒരു മേക്കപ്പ് മാര്‍ക്കറ്റും സര്‍ക്കസ് സ്‌കൂളും തുടങ്ങണമെന്നാണ് ആഗ്രഹം. ഇത്രയും കാലത്തിനിടയില്‍ ഇംഗ്ലീഷും ഹിന്ദിയും അത്യാവശ്യം പഠിച്ചു. കേരളത്തെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. പൃഥ്വിരാജ് അതിസുന്ദരനാണെന്നാണ് അഭിപ്രായം. കേരളത്തിലെ ചൂടുമാത്രമേ ഫ്ലൂവറിനു പ്രശ്‌നമുള്ളൂ. രണ്ടുപേരും നല്ല കുക്കായതിനാല്‍ മംഗോളിയന്‍, മണിപ്പുരി വിഭവങ്ങള്‍വച്ചുകഴിക്കും. രണ്ടു പേരുടെയും അച്ഛനമ്മമാര്‍ ഇരുവരെയും ഒരുമിച്ചുകാണാന്‍ വരാനിരിക്കുന്നതേയുള്ളൂ. മംഗോളിയന്‍ സര്‍ക്കസ് സ്‌കൂളില്‍നിന്നുപഠിച്ച പ്രത്യേക ഇനങ്ങളാണ് ബറ്റ്‌സേസോഗ് അവതരിപ്പിക്കുന്നത്.
from kerala news edited
via IFTTT