121

Powered By Blogger

Wednesday, 10 December 2014

ന്യൂജനറേഷനെ ഭയമില്ല










മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തിര ആഞ്ഞ് വീശിയിട്ടും കരിയറില്‍ കാര്യമായ ഇളക്കം സംഭവിക്കാത്ത നടനാണ് ജയറാം.

അന്നും ഇന്നും ജയറാം ചിത്രങ്ങള്‍ക്ക് പ്രമേയപരമായ വലിയമാറ്റവും സംഭവിച്ചിട്ടില്ല. മിനിമം ഗ്യാരണ്ടിയുള്ള ജനപ്രിയ നടന്‍ എന്ന ഇമേജില്‍ തന്നെയാണ് ഈ താരത്തിന്റെ യാത്ര. ജയറാം നായകനായ 'മൈലാഞ്ചി മൊഞ്ചുള്ള വീട്' പ്രദര്‍ശനത്തിനെത്തി. നര്‍മ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി.

'' ഒരു വലിയ മുസ്‌ലിം കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന രസകരമായ കഥയാണ് മൈലാഞ്ചിമൊഞ്ചുള്ള വീട് പറയുന്നത്. ചിത്രത്തിന്റെ വണ്‍ ലൈന്‍ സിബി ഉദയന്‍ ടീം പറഞ്ഞതോടെ ഞാന്‍ ഓക്കെ പറഞ്ഞു. ഫെസ്റ്റിവല്‍ മൂഡുള്ള കളര്‍ഫുള്‍ ചിത്രമാണിത്. മലയാളത്തിലെ അന്‍പതോളം നടന്മാര്‍ ഈ ചിത്രത്തിലുണ്ട്. 'പുതിയ ഡയറക്ടര്‍' എന്ന ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. അതിലൊന്നും ഒരു കാര്യവുമില്ലെന്ന് ചിത്രം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. എല്ലാ തരത്തിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമാണത്... ധൈര്യത്തോടെ കയറാം...''




കമലഹാസന്റെ ഉത്തമവില്ലനിലും ജയറാം അഭിനയിക്കുന്നണ്ടല്ലോ?


തമിഴകത്ത് ഏറെ സെലക്ടീവാണ് ഞാന്‍. ഉത്തമവില്ലനിലേക്ക് കമല്‍സാര്‍ വിളിച്ചപ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ ഇറങ്ങിത്തിരിച്ചു. തെനാലിപോലെ എനിക്ക് ഏറെ ഗുണം ചെയ്യുന്ന ചിത്രമായിരിക്കും അത്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ഭാഗ്യരാജിന്റെ 'തുണൈമുതല്‍വര്‍' എന്നൊരു ചിത്രം കൂടി അടുത്തവാരം പ്രദര്‍ശനത്തിനെത്തും. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ കിട്ടിയത്. ഈ വര്‍ഷം എല്ലാ തരത്തിലും എന്റെ കരിയറില്‍ മികച്ചതു തന്നെയാണ്.

മലയാളത്തിലെ മറ്റ് പ്രതീക്ഷകള്‍?




ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍.സി.പി. യാണ് വരാനിരിക്കുന്ന ചിത്രം. ഷീല, രോഹിണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അതും ഫാമിലി ഓഡിയന്‍സിനെ ഏറെ രസിപ്പിക്കുന്ന ചിത്രമായിരിക്കും.


ന്യൂ ജനറേഷന്‍ തരംഗത്തില്‍ കാര്യമായ ഇളക്കം തട്ടാത്ത നടനാണ് ജയറാം. എന്താണ് അതിന്റെ രഹസ്യം?


ന്യൂജനറേഷന്‍ ഭീഷണിയായി എനിക്ക് തോന്നിയിട്ടില്ല. ഒരു ചിത്രം ഹിറ്റായെന്നു കരുതി അതൊരു ട്രെന്റായി കണക്കാക്കാന്‍ പാടില്ല. അത്തരം പ്രതിഭാസങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ സ്വഭാവമാണ്. അതൊന്നും ശ്രദ്ധിക്കാതെ നമുക്ക് ചെയ്യാനുള്ളത് നൂറ് ശതമാനം അര്‍പ്പണമനോഭാവത്തോടെ ചെയ്യുക. ജനുവിനായത് മാത്രമേ എന്നും നിലനില്‍ക്കൂ. ദൈവാധീനവും പത്മരാജന്‍, ആബേല്‍ അച്ചന്‍ എന്നിവരില്‍നിന്ന് കിട്ടിയ ഗുരുത്വവുമാണ് എന്റെ ശക്തി. പ്രേക്ഷകര്‍ എനിക്ക് തന്ന സ്ഥാനം ഇപ്പോഴും ഉണ്ട്. സന്തോഷം.


സിനിമാഭിനയത്തിന്റെ 25 വര്‍ഷം ജയറാം പിന്നിട്ടു. നടന്‍ എന്ന നിലയില്‍ സംതൃപ്തനാണോ?


ഒരു നടനെന്നനിലയില്‍ ഒരുപാട് ഭാഗ്യം കിട്ടിയ നടനാണ് ഞാന്‍. മലയാളത്തില്‍ പത്മരാജന്‍, ഭരതന്‍, ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിങ്ങനെ വ്യത്യസ്തമായ സിനിമാ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. തമിഴില്‍നിന്നും അത്തരം സൗഭാഗ്യങ്ങള്‍ കിട്ടി. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. അര്‍പ്പണ മനോഭാവത്തോടെയാണ് ഞാന്‍ സിനിമയെ സമീപിക്കുന്നത്. അതിന്റെ ഗുണം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്.


സ്വപാനം, നടന്‍ എന്നീ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ 2014-ല്‍ ജയറാമിന് കിട്ടി. പലതും പ്രേക്ഷക പ്രീതി നേടിയില്ല എന്ന സങ്കടം ഉണ്ടോ?


ഒരിക്കലുമില്ല. ഈ ചിത്രങ്ങള്‍ വിലയിരുത്തേണ്ടവര്‍ വിലയിരുത്തി എന്ന സന്തോഷമേ ഉള്ളൂ. സ്വപാനം ഗോവ, വിയറ്റ്‌നാം അടക്കം 14 ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമായി.









from kerala news edited

via IFTTT