Story Dated: Saturday, March 7, 2015 08:09
ചെന്നൈ: ഒരു അബോര്‍ഷനും ഒരു അലസിപ്പോകലിനും പിന്നാലെ കുഞ്ഞിന് വേണ്ടിയുള്ള പ്രതീക്ഷ നഷ്‌ടമായ യുവതിക്ക് മാതാവ് തുണയായി. മകളുടെ കുഞ്ഞിന് വേണ്ടി അമ്മ ഗര്‍ഭപാത്രം നല്‍കി. തമിഴ്‌നാട്ടിലെ 27 കാരി സീതാലക്ഷ്‌മിയെ സഹായിക്കാന്‍ എത്തിയത് 61 കാരിയായ മാതാവായിരുന്നു. കഴിഞ്ഞ നവംബറില്‍ 2.7 കിലോ തൂക്കമുള്ള പെണ്‍കുഞ്ഞിന് മുത്തശ്ശി ജന്മം നല്‍കി.
ചെന്നൈയിലെ ആകാശ് ഫെര്‍ട്ടിലിറ്റി സെന്ററിലായിരുന്നു ഈ കൗതുകം. വിവാഹത്തിന് പിന്നാലെ മാതാവാകാനുള്ള സാഹചര്യങ്ങളെല്ലാം സീതാലക്ഷ്‌മിയില്‍ നിന്നും തട്ടിത്തെറുപ്പിച്ച വിധി വേറൊരു രീതിയില്‍ സ്വന്തം രക്‌തത്തില്‍ നിന്നു തന്നെ ആ ഭാഗ്യം നല്‍കുകയായിരുന്നു. 2013 ല്‍ വിവാഹത്തിന് പിന്നാലെ ഗര്‍ഭിണി ആയെങ്കിലും ജീവന്‍ തന്നെ അപകടമാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ഗര്‍ഭപാത്രം തന്നെ എടുത്തു മാറ്റേണ്ടി വന്നു.
കുഞ്ഞിനെ താലോലിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം വാടക അമ്മയെ തേടാന്‍ ദമ്പതികളെ നിര്‍ബ്ബന്ധിച്ചു. വാടക അമ്മയ്‌ക്കായി എട്ടു ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ ദമ്പതികള്‍ തയ്യാറായിരുന്നു. എന്നാല്‍ നീക്കവും ഫലം കണ്ടില്ല. ഇതോടെയാണ് എല്ലാ കാര്യങ്ങളിലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാതാവ് തന്നെ മകളുടേയും ഭര്‍ത്താവിന്റെയും സ്വപ്‌ന സാക്ഷാത്‌ക്കാരത്തിനായി രംഗത്ത് വന്നത്. കൊച്ചുമകളെ സൂക്ഷിക്കാന്‍ തയ്യാറായി മുത്തശ്ശി വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.
രണ്ടു മാസം നീണ്ട ഹോര്‍മോണ്‍ ചികിത്സയ്‌ക്ക് ശേഷമാണ് കൊച്ചുമകളെ വഹിക്കാന്‍ തക്ക വിധത്തില്‍ മുത്തശ്ശിയെ സജ്‌ജമാക്കിയത്. പ്രത്യേക ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും ശേഷം നാലാം മാസം ഭ്രൂണം നിക്ഷേപിച്ചു. ഒമ്പതു മാസത്തിന് ശേഷം ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിലൂടെ നാലു മാസം പേരക്കുഞ്ഞിനെ മുലയൂട്ടാനുള്ള ഭാഗ്യം കൂടി സീതാലക്ഷ്‌മിയുടെ മാതാവിന് കിട്ടിയിരിക്കുകയാണ്.
(ഉപയോഗിച്ചിട്ടുള്ളത് പ്രതീകാത്മക ചിത്രം)
from kerala news edited
via IFTTT