Story Dated: Saturday, March 7, 2015 01:50
ചേര്‍ത്തല: ആരോഗ്യവകുപ്പ് അധികൃതരും ഡോക്‌ടര്‍മാരും ചേരിതിരിഞ്ഞ് പോരാട്ടത്തില്‍. താലൂക്ക് ആശുപത്രിയുടെ ദേശീയ അംഗീകാരം നഷ്‌ടപ്പെടുമെന്ന്
ആശങ്ക. ആശുപത്രിയുടെ അംഗീകാരം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും ഒരു വിഭാഗം ഡോക്‌ടര്‍മാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ അംഗീകാരം പുതുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പ്രതിസന്ധിയിലായാതാണ് വിവരം.
ഡി.എം.ഒ ഡോ. സഫീയ ബീവിയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലാണ് തര്‍ക്കം നടന്നത്. ദേശീയ അംഗീകാരം കിട്ടിയപ്പോഴുള്ള സൗകര്യങ്ങളും ജീവനക്കാരും ആശുപത്രിയില്‍ നിലവിലില്ലെന്നായിരുന്നു ഒരു വിഭാഗം ഡോക്‌ടര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനം. അംഗീകാരം കടലാസില്‍ മാത്രമാണ് ഉള്ളതെന്നും ആശുപത്രി ജീവനക്കാര്‍ ആക്ഷേപം ഉന്നയിച്ചു.
2012 സെപ്‌റ്റംബറിലാണ് ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. നഗരസഭാ ഭരണാധികാരികളുടെയും ആശുപത്രി ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് അംഗീകാരം നേടാനായത്. അംഗീകാരത്തിന്റെ മൂന്നുവര്‍ഷത്തെ കാലാവധി സെപ്‌റ്റംബര്‍ 26 ന് പൂര്‍ത്തിയാകും.
ഇതിനു മുന്നോടിയായി അടുത്ത മാസം എന്‍.എ.ബി.എച്ച് അധികൃതര്‍ പരിശോധയ്‌ക്ക് എത്തുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചു ചേര്‍ത്തത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സറേ, ലാബ്, ഒ.പി. സംവിധാനം, കംപ്യൂട്ടര്‍ വത്‌കരണം, മാലിന്യ സംസ്‌കരണം തുടങ്ങി ഒട്ടേറെ ഗുണപരമായ കാര്യങ്ങള്‍ അംഗീകാരം കിട്ടുമ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ സംവിധാനങ്ങള്‍ നിലവില്ലാത്ത അവസ്‌ഥയാണ്. സെപ്‌റ്റിക് ടാങ്കുകള്‍ പൊട്ടിയൊലിച്ച് ആശുപത്രി പരിസരത്ത് മാലിന്യങ്ങള്‍ തളംകെട്ടിയനിലയിലാണ്. അത്യാഹിത വിഭാഗത്തിലും ഓപ്പറേഷന്‍ തീയേറ്ററിലും കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം, ശീതീകരണ സംവിധാനം എന്നിവയുമില്ല.
എക്‌സറേ ലാബും രാത്രിയില്‍ പ്രവര്‍ത്തന ക്ഷമമല്ല. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നിലവാരത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. നിസാരമായ അസുഖങ്ങളുമായി എത്തുന്ന രോഗികളെപ്പോലും ആലപ്പുഴ , കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക് പറഞ്ഞയക്കുകയാണ് ഇവിടുത്തെ രീതിയെന്നും ആക്ഷേപമുണ്ട്. കോടികള്‍ മുടക്കി നിര്‍മിച്ച ട്രോമാകെയര്‍ യൂണിറ്റ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തന സജ്‌ജമാക്കിയിട്ടില്ല. സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉണ്ടെങ്കിലും വര്‍ഷങ്ങളായി ഉപയോഗിക്കുന്നില്ല.
ആശുപത്രിക്ക് സമീപത്തെ സ്വകാര്യ കേന്ദ്രങ്ങളെ സഹായിക്കുന്നതിനാണിതെന്നും വിമര്‍ശനമുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികള്‍ പണം കൊടുത്ത് മരുന്നുകള്‍ വാങ്ങേണ്ട ഗതികേടിലാണ്. എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനവും സീവേജ് ട്രീറ്റ്‌മെന്റും, മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി അംഗീകാരം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
from kerala news edited
via IFTTT