Story Dated: Saturday, March 7, 2015 08:38
മുംബൈ: ട്രക്ക് പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തെ തുടര്‍ന്ന് നാലു ട്രക്ക് തൊഴിലാളികള്‍ ചേര്‍ന്ന് 24 കാരനെ തട്ടിക്കൊണ്ടുപോയി 35 അടി ഉയരമുള്ള ഫ്‌ളൈ ഓവറിന് മുകളില്‍ നിന്നും താഴേയ്‌ക്ക് എറിഞ്ഞു കൊന്നു. മുംബൈയിലെ സെവ്‌റീയില്‍ നിന്നും തട്ടിക്കൊണ്ടു വരികയും വകോല ഫ്‌ളൈ ഓവറിന് മുകളില്‍ നിന്നും താഴേയ്‌ക്ക് എറിയുകയുമായിരുന്നു. പ്രതികള്‍ അറസ്‌റ്റിലായിട്ടുണ്ട്.
അഷ്‌ഫക്ക് മുജാവര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്‌ടമായത്. ചെഡിലാല്‍ ഗൗര്‍ (30), ദിനേശ് യാദവ് (24) എന്നീ ഡ്രൈവര്‍മാരും നാരായണ്‍ യാദവ് (22) ശൈലേഷ് യാദവ് (19) എന്നിവരാണ് പിടിയിലായത്. എല്ലാവരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഇവരെ സെവ്‌റീ പോലീസ് ആണ് അറസ്‌റ്റ് ചെയ്‌തത്.
മാര്‍ച്ച് 4 ന് വകോലാ പോലീസാണ് അഷ്‌ഫക്കിന്റെ മൃതദേഹം കണ്ടെത്തിയത്. അപകട മരണമായിട്ടായിരുന്നു ഇവര്‍ തുടക്കത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇയാളെ കാണ്മാനില്ലെന്ന് കാണിച്ച് മാര്‍ച്ച് 3 ന് അഷ്‌ഫക്കിന്റെ സഹോദരന്‍ സാവ്‌റീ പോലീസില്‍ പരാതി നല്‍കുകയും നാലു പേര്‍ തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്നവരുടെ പേര് സഹിതം പരാതിയില്‍ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇതേ തുടര്‍ന്ന് മൃതദേഹത്തിന്റെ ചിത്രം വകോല പോലീസ് മറ്റ് സ്‌റ്റേഷനുകളിലേക്ക് അയയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളുമായി അഷ്‌ഫക്കിന് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി കണ്ടെത്തി. വാഹനം പാര്‍ക്ക് ചെയ്യുന്നതും അവിടെ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും പ്രതികളുമായി അഷ്‌ഫക്ക് നിരന്തരം കലഹിക്കുക പതിവായിരുന്നു. സംഭവ ദിവസവും ഇത് ഉണ്ടായി. തുടര്‍ന്ന് മദ്യ ലഹരിയില്‍ ആയിരുന്ന പ്രതികള്‍ അഷ്‌ഫക്കിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ട്രക്കിന്റെ മുന്‍ സീറ്റിലേക്ക് വലിച്ചു കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു.
വഴിയില്‍ ഉടനീളം ഇവര്‍ അഷ്‌ഫക്കിനെ മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ട്രക്ക് വകോല ഫ്‌ളൈ ഓവറിന് മുകളില്‍ എത്തുകയും നാലു പേരും ചേര്‍ന്ന് താഴേയ്‌ക്ക് വലിച്ചെറിയുകയുമായിരുന്നു. അഷ്‌ഫക്കിന്റെ സഹോദരന്‍ നാലു പേരെയും കുറിച്ച് നല്‍കിയ വിശദവിവരമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via IFTTT