ഒരു സിനിമ, പതിനേഴ് പാട്ടുകള്‍.....'വാനവില്‍ വാഴ്‌കൈ' എന്ന പുതിയ തമിഴ് ചിത്രം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. 'സുബ്രഹ്മണ്യപുരം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'കണ്‍കണ്‍ മിരണ്ടാല്‍' എന്ന ഗാനമൊരുക്കിയ സംഗീത സംവിധായകന്‍ ജയിംസ് വസന്തനാണ് ഈ സിനിമയുടെ ശില്‍പി. ക്യാംപസ് കഥ പറയുന്ന മ്യൂസിക്കല്‍ ചിത്രത്തില്‍ പാട്ടുകള്‍ പാടുന്നത് ഇതില്‍ അഭിനയിക്കുന്ന താരങ്ങള്‍ തന്നെയെന്ന പ്രത്യേകതയും ഉണ്ട്.
'വാനവില്‍ വാഴ്‌കൈ വിദേശ രീതിയിലുള്ള സിനിമയായിരിക്കുമെന്ന്് ജയിംസ് വസന്തന്റെ വാക്കുകള്‍. ദീര്‍ഘകാലമായുള്ള ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് വസന്തന്‍. കൊടൈക്കനാലില്‍ ചര്‍ച്ച് ക്വയറുകളില്‍ പാടിയിരുന്ന ജയിംസ് വസന്തനെ സംവിധായകന്‍ ശശികുമാറാണ് സുബ്രഹ്മണ്യപുരത്തിലൂടെ തമിഴകത്തിനു പരിചയപ്പെടുത്തിയത്. ആറു മാസം കൊണ്ടാണ് സ്വന്തം ചിത്രത്തിനു വസന്തന്‍ കഥ എഴുതി തീര്‍ത്തത്. സംഗീത റിയാലിറ്റി ഷോകളിലൂടെ വന്ന പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഹിപ് ഹോപ് മുതല്‍ റോക്ക് വരെ എല്ലാ പാട്ടുകളും ചിത്രത്തില്‍ ഉണ്ട്. കഥ, തിരക്കഥ, സംഗീതം, ഗാനരചന, സംവിധാനം എല്ലാം ജയിംസ് വസന്തന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
യുവജനോത്സവത്തിനായി വിവിധ കോളേജുകളില്‍ നിന്ന് ഒരുമിക്കുന്ന യുവത്വത്തിന്റെ കഥ പറയുന്നതാണ് ചിത്രം. പ്രമുഖ കര്‍ണ്ണാട്ടിക് സംഗീതജ്ഞ സൗമ്യ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ അഞ്ച് നടന്മാരും അഞ്ച് നടിമാരുമാണുള്ളത്. ജിതിന്‍ രാജ്, കസാന്‍ഡ്ര പ്രേംജി, രാധിക ജോര്‍ജ്ജ് എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. ഓഷ്യാന എ.ജെ.ആര്‍ സിനി ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന ചിത്രം വിന്‍ഡ് സ്‌ക്രീന്‍സ് പ്രൈ.ലിമിറ്റഡാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
from kerala news edited
via IFTTT