Story Dated: Monday, December 1, 2014 06:12
മൊണാലിസ, ലോകത്ത് ഇത്രയധികം പഠനവിധേയമായ മറ്റൊരു പെയ്‌ന്റിങ്ങില്ല. മെണാലിസയുടെ നിഗൂഢമായ പുഞ്ചിരിയുടെ അര്‍ത്ഥമെന്ത്? മെണാലിസ സ്‌ത്രീയോ? പുരുഷനോ? ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്‌തമായ ഈ പെയ്‌ന്റിംഗിനെക്കുറിച്ച് ഗവേഷകര്‍ ഉത്തരം തേടിയ ചോദ്യങ്ങള്‍ നിരവധിയാണ്. മൊണാലിസയ്‌ക്ക് മോഡലായ വ്യക്‌തി ആരെന്നത് ഇന്നും നിഗൂഢമായി തുടരുന്നു. എന്നാല്‍ മൊണാലിസയ്‌ക്ക് മോഡലായത് ഡാവിഞ്ചിയുടെ അമ്മ തന്നെയാണെന്നും ഇവര്‍ ചൈനീസ് വംശജയാണെന്നും അവകാശപ്പെട്ട് ഇറ്റാലിയന്‍ ഗവേഷകന്‍ രംഗത്ത്. ഇറ്റാലിയന്‍ ചരിത്രകാരനും നോവലിസ്‌റ്റുമായ ആഞ്ചലോ പരാസിയോ എന്നയാളാണ് ഈ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ഡാവിഞ്ചി കുടുംബവും ചൈനയും തമ്മിലുള്ള ബന്ധത്തിന് ശക്‌തമായ തെളിവുകളുടെ അടിത്തറയുണ്ടെന്ന് ഇയാള്‍ വാദിക്കുന്നു. 'ലിയാനോര്‍ഡോ ഡാവിഞ്ചി: എ ചൈനീസ് സ്‌കോളര്‍ ലോസ്‌റ്റ് ഇന്‍ റിനൈസന്‍സ് ഇറ്റലി' എന്ന പുതിയ പുസ്‌കത്തിലാണ് ആഞ്ചലോയുടെ വെളിപ്പെടുത്തല്‍. ഈ പുസ്‌തകം അടുത്ത വര്‍ഷം വിപണിയിലിറങ്ങും. ഡാവിഞ്ചിയുടെ കുടുംബവും ചൈനയുമായുള്ള ബന്ധത്തെകുറിച്ച് ആഞ്ചലോ കഴിഞ്ഞ ഇരുപത് വര്‍ഷമായി ഗവേഷണം നടത്തിവരുന്നു. ഇതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ ചൈനയില്‍ താമസിച്ച് പഠനം നടത്തി. വര്‍ഷങ്ങള്‍ നീണ്ട ഈ ഗവേഷണത്തില്‍ ഡാവിഞ്ചിയുടെ അമ്മ ചൈനീസ് വംശജയായിരുന്നെന്ന് സ്‌ഥാപിക്കുന്നതിന് അടിസ്‌ഥാനമായ തെളിവ് ലഭിച്ചുവെന്നാണ് ഇയാളുടെ അവകാശവാദം.
ചൈനയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് ഇറ്റലിയില്‍ അടിമയായി കൊണ്ടുവന്ന സ്‌ത്രീയാകാം ഡാവിഞ്ഞിയുടെ അമ്മ. നവോദ്ധാന കാലഘട്ടത്തില്‍ ചൈനയില്‍ നിന്ന് ഇറ്റലിയിലേക്കും സ്‌പെയിനിലേക്കും അടിമകളെ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. കറ്റെരിയ എന്നാണ് ഇവരുടെ പേര്. മൊണാലിസയ്‌ക്ക് മോഡലായിരിക്കുന്നതും ഇവര്‍ തന്നെ-ആഞ്ചലോ വാദിക്കുന്നു. മെണാലിസയ്‌ക്ക് ചൈനക്കാരുടെ മുഖഛായയുണ്ട്. അവരുടെ തലയ്‌ക്ക് പിന്നില്‍ കാണുന്ന ലാന്‍ഡ്‌സ്കെയ്‌പ്പ് ചൈനീസ് ഭൂപ്രകൃതിയാണെന്നും ആഞ്ചലോ പറയുന്നു. തന്റെ വാദം തെളിയിക്കാന്‍ ഡാവിഞ്ചിയുടെയും ബന്ധുക്കളുടെയും കല്ലറ തുറന്ന് ഡി.എന്‍.എ പരിശോധന നടത്തണമെന്നും ആഞ്ചലോ ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതായാലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ മെണാലിസയുടെ നിഗൂഢത വെളിച്ചത്ത് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
from kerala news edited
via IFTTT