121

Powered By Blogger

Monday, 1 December 2014

അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ പോസ്‌റ്റല്‍ ജീവനക്കാര്‍











Story Dated: Monday, December 1, 2014 01:57


വര്‍ക്കല: പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്‌റ്റോഫീസിന്‌ മതിയായ അടിസ്‌ഥാന സൗകര്യങ്ങളില്ലെന്ന്‌ ആവലാതി. വിവിധ തസ്‌തികകളിലായി 20ല്‍പ്പരം ജീവനക്കാരും ഇതിനുപുറമെ മഹിള പ്രധാനുവേണ്ടി 22 ഏജന്റുമാരും ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. വനിതാ ജീവനക്കാര്‍ക്ക്‌ വസ്‌ത്രം മാറാനോ, വിശ്രമിക്കാനോ, ഭക്ഷണം കഴിക്കാനോ വേണ്ട മുറികള്‍ ഇതിനുള്ളില്‍ ക്രമീകരിച്ചിട്ടില്ല. യഥാസമയം ബില്ല്‌ അടയ്‌ക്കാത്തതിനാല്‍ കുടിവെള്ളത്തിനും ഇടക്കിടെ തടസംനേരിടുന്നു. ടോയ്‌ലറ്റ്‌ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യേണ്ടതുണ്ട്‌. പ്രതിദിനം ഇവിടെ എത്തുന്ന നൂറുകണക്കിന്‌ ഗുണഭോക്‌താക്കള്‍ക്ക്‌ നിന്നുതിരിയാന്‍ ഇടമില്ലാത്ത ദുരവസ്‌ഥയാണുള്ളത്‌.


പ്രതിമാസം ഏകദേശം ഏഴരലക്ഷത്തോളം തപാല്‍ ഉരുപ്പടികള്‍ പ്രസ്‌തുത ഓഫീസില്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. വിനോദ്‌ സഞ്ചാര കേന്ദ്രം കൂടി ആയതിനാല്‍ വിദേശികള്‍ സ്‌പീഡ്‌ പോസ്‌റ്റ്, പാഴ്‌സല്‍ സര്‍വീസ്‌, ഇന്‍സ്‌റ്റന്റ്‌ മണി ട്രാന്‍സ്‌ഫര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക്‌ വര്‍ക്കല പോസ്‌റ്റോഫീസിനെയാണ്‌ ആശ്രയിക്കുന്നത്‌. വരുമാനത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരം സര്‍ക്കിളില്‍ ഒന്നാം സ്‌ഥാനവും സംസ്‌ഥാനതലത്തില്‍ നാലാം സ്‌ഥാനവുമാണ്‌ വര്‍ക്കല പോസ്‌റ്റോഫീസിനുള്ളതെന്ന്‌ വിലയിരുത്തപ്പെടുന്നു.


വര്‍ക്കല മൈതാനത്തെ ഒരു സ്വകാര്യ ലോഡ്‌ജിനകത്തെ വാടകക്കെട്ടിടത്തില്‍ പ്രാരംഭം കുറിച്ച പോസ്‌റ്റോഫീസ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അല്‍പം മാറി ക്ഷേത്രം റോഡിലെ മറ്റൊരു വാടക കെട്ടിടത്തിലേക്ക്‌ പുനഃസ്‌ഥാപിച്ചിരിക്കുകയാണ്‌. പ്രതിമാസം 20,000 രൂപയാണ്‌ കെട്ടിടത്തിന്‌ വാടക നല്‍കുന്നത്‌. മതിയായ സ്‌ഥലസൗകര്യമുണ്ടായിട്ടും പോസ്‌റ്റോഫീസ്‌ ഇന്നും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‌ പിന്നില്‍ ബന്ധപ്പെട്ട അധികൃതരുടെ അനാസ്‌ഥയാണ്‌. നഗരമധ്യത്തിലെ കണ്ണായ സ്‌ഥലത്ത്‌ പോസ്‌റ്റോഫീസിനായി സര്‍ക്കാര്‍ കണ്ടെത്തി വാങ്ങിയ സ്‌ഥലം കാടുകയറി നശിക്കുകയാണ്‌.










from kerala news edited

via IFTTT