121

Powered By Blogger

Monday, 1 December 2014

പ്രീപെയ്‌ഡ് ഓട്ടോ കൗണ്ടറില്‍ പോലീസും ഡ്രൈവര്‍മാരും ചേര്‍ന്ന്‌ തട്ടിപ്പ്‌; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി











Story Dated: Monday, December 1, 2014 01:57


തിരുവനന്തപുരം: പ്രീപെയ്‌ഡ്‌ കൗണ്ടറില്‍ പോലീസുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന്‌ നിരക്ക്‌ നിശ്‌ചയിച്ച്‌ യാത്രക്കാരെ കബളിപ്പിക്കുന്നതിനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി സര്‍ക്കാരിന്‌ നേട്ടീസയച്ചു.


ഗതാഗത കമ്മീഷണറും ജില്ലാ പോലീസ്‌ മേധാവിയും സംഭവത്തെക്കുറിച്ച്‌ അനേ്വഷിച്ച്‌ 26നകം വിശദീകരണം സമര്‍പ്പിക്കണം. കേസ്‌ അടുത്തമാസം 5ന്‌ പരിഗണിക്കും. തീവണ്ടിയില്‍ തിരുവനന്തപുരത്ത്‌ എത്തുന്ന യാത്രക്കാരാണ്‌ പ്രീപെയ്‌ഡ്‌ തട്ടിപ്പിന്‌ ഇരയാകുന്നത്‌. ഓട്ടോ ചാര്‍ജ്‌ 20 രൂപയാക്കി പുതുക്കിയശേഷം പ്രീപെയ്‌ഡ്‌ കൗണ്ടറില്‍ നിന്നും എഴുതി നല്‍കുന്ന നിരക്ക്‌ യഥാര്‍ഥ നിരക്കില്‍നിന്നും വളരെ കൂടുതലാണെന്നാണ്‌ പരാതി. ഉദാഹരണത്തിന്‌ പേട്ട റയില്‍വേ സേ്‌റ്റഷനില്‍ നിന്നും ലോകോളജ്‌ വഴി പി.എം.ജിയിലേക്ക്‌ പ്രീപെയ്‌ഡ്‌ കൗണ്ടറില്‍ നിന്നും ഓട്ടോ വിളിച്ചാല്‍ 45 രൂപയുടെ രസീത്‌ നല്‍കും. പുറമെ 2 രൂപയുടെ രസീത്‌ ചാര്‍ജും നല്‍കണം.


എന്നാല്‍ പുറത്തുനിന്നും ഓട്ടോ വിളിച്ചാല്‍ 33 രൂപ നല്‍കിയാല്‍മതി. അതായത്‌ മൂന്നര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധാരണ നിരക്കില്‍ നിന്നും 15 രൂപ അധികം. ഇതേ നിരക്കാണ്‌ തമ്പാനൂര്‍ റയില്‍വേ സേ്‌റ്റഷനിലും ഈടാക്കുന്നത്‌. മറ്റ്‌ ജില്ലകളിലും ഇതുതന്നെയാണ്‌ അവസ്‌ഥ. പ്രീപെയ്‌ഡ്‌ കൗണ്ടറിന്‌ സമീപമുള്ള റോഡില്‍ നിന്നും ട്രാഫിക്‌ പോലീസ്‌ പ്രീപെയ്‌ഡ്‌ കൗണ്ടറിലേക്ക്‌ ഓട്ടോ തിരിച്ചുവിടുന്നതിനാല്‍ റോഡില്‍ നിന്നും ഓട്ടോ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.


പ്രീപെയ്‌ഡ്‌ കൗണ്ടറില്‍ നിന്നും നിരക്ക്‌ രേഖപ്പെടുത്താതെ മീറ്റര്‍ റീഡിംഗിന്റെ അടിസ്‌ഥാനത്തില്‍ തുക നല്‍കാന്‍ യാത്രക്കാരെ അനുവദിക്കണമെന്നും കൗണ്ടറില്‍ നിന്നും നല്‍കുന്ന രസീതില്‍ കിലോമീറ്റര്‍ രേഖപ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു. സെക്രട്ടേറിയറ്റ്‌ ഉദ്യോഗസ്‌ഥര്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി കേസെടുത്തത്‌.










from kerala news edited

via IFTTT