Story Dated: Friday, February 20, 2015 07:23
ആലപ്പുഴ: പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും തമ്മിലുള്ള പോര് കഴിഞ്ഞ ദിവസം പരസ്യമായതിന് പിന്നാലെ വിഎസിനെതിരേയുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു. വി എസിനെതിരേയുള്ള പ്രമേയം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇതിനെ നടപടിയായി കണക്കാക്കേണ്ടതില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വി എസിന്റെ കത്ത് പിബി പരിശോധിക്കുമെന്നും വിഎസിന്റെ കത്ത് പത്രം പ്രസിദ്ധീകരിക്കപ്പെട്ടതിനാലാണ് പ്രമേയവും പരസ്യപ്പെടുത്തിയതെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ വിഎസിനെതിരേ ആഞ്ഞടിച്ച വാര്‍ത്താ സമ്മേളനം നടത്തിയ സ്‌ഥലത്ത് തന്നെ കോടിയേരിയും ഇന്ന് മാധ്യമങ്ങളെ കണ്ടത് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎസിനെ സംസ്‌ഥാന കമ്മറ്റിയില്‍ നില നിര്‍ത്തണമെന്ന് കേന്ദ്രനേതൃത്വം സംസ്‌ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കാമെന്നും മാധ്യമങ്ങള്‍ കരുതുന്നുണ്ട്.
അതിനിടയില്‍ സമ്മേളന സ്‌ഥലത്ത് വിഎസ് അനുകൂല ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. പിണറായി വിജയനെയും ജി സുധാകരനെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലഘുലേഖ പുറത്തിറക്കിയത് ആരാണെന്നോ ആരാണ് വിതരണം ചെയ്‌തതെന്നോ അറിയില്ല. കോഴി മൂന്ന് വട്ടം കൂവുന്നതിന് മുമ്പ് ഒറ്റുകാരനെ തിരിച്ചറിയും എന്ന തലക്കെട്ടോടെ ജി സുധാകരനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ലഘുലേഖയുടെ ഉള്ളടക്കം. അതിനിടയില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ വി എസിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദന ഉണ്ടാക്കുന്നതാണെന്ന് സി ദിവാകരന്‍ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങള്‍ക്ക് ശേഷം ഇന്ന് വി എസ് പൊതുവേ മൗനം ആചരിച്ചു. നിര്‍വ്വികാരതയോടെ സമ്മേളന വേദിയില്‍ കാണപ്പെട്ട വിഎസ് പതാക ഉയര്‍ത്തിയപ്പോഴും ഭാവവ്യത്യാസം കാട്ടിയില്ല. പ്രഭാത സവാരിയ്‌ക്കിടെ ചില മാധ്യമപ്രവര്‍ത്തകര്‍ വിഎസിനെ കണ്ടിരുന്നെങ്കിലും ഒന്നും പറയാന്‍ തയ്യാറായില്ല. അതേസമയം രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയപ്പോള്‍ അല്‍പ്പം വികാരാധീനനായി. സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത വേളയില്‍ പ്രകാശ് കാരാട്ടും കേരളത്തിലെ സംഘടനാ വിഷയങ്ങളെ കുറിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല.
from kerala news edited
via IFTTT