കൊളോണ്‍: കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ ഹാളിലാണ് ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ അരങ്ങേറിയത്. വോളിബോള്‍, ബാഡ്മിന്റണ്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ലബാണ് (ഐവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിന് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷത്തിന് ക്ലബ് അംഗങ്ങളെ കൂടാതെ നിരവധി ക്ലബിന്റെ സുഹൃത്തുക്കളും അഭ്യുഭയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപഹാസ്യവും ഒപ്പം പാരമ്പര്യ കാലവിശേഷത്തിന്റെ പര്യായമായിട്ടാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ സമൂഹത്തിലെ തിരുത്തപ്പെടേണ്ട കൊച്ചുകൊച്ചു കാര്യങ്ങളുടെ ന്യൂനതകളെ താളമേളഘോഷങ്ങളോടെ വേദിയില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.
ഐവിസി ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മിറ്റിയാണ് കലാപരിപാടികള്‍ നടത്തിയത്. കാര്‍ണിവല്‍ വേദിയില്‍ എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പരേതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയില്‍ പ്രത്യേകം അനുസ്മരിച്ചു.
ജോയി മാണിക്കത്തിന്റെ ആമുഖത്തോടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ ജോയി കാടന്‍കാവില്‍, സണ്ണോ പെരേര, ജോര്‍ജ് അട്ടിപ്പേറ്റി, ജോസ് തോട്ടുങ്കല്‍, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, റോസിവൈഡര്‍, റിച്ചാര്‍ഡ് വൈഡര്‍, ത്രേസ്യാമ്മ തോട്ടക്കര, തോമസ് അറമ്പന്‍കുടി, ജോസ് കല്ലറയ്ക്കല്‍,ഡേവീസ്, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ മാത്യൂസ് കണ്ണങ്കേരില്‍, ബ്രിജിറ്റ് തോട്ടുങ്കല്‍, ജോളി എം പടയാട്ടില്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജോയി മാണിക്കത്ത് പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി സ്വാഗതവും വര്‍ഗീസ് ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ പരിപാടികള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ നടത്തി. പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണപാനീയങ്ങളും കരുതിയിരുന്നു.
ജര്‍മന്‍ പാരമ്പര്യമനുസരിച്ച് എല്ലാ വര്‍ഷവും നവംബര്‍ 11 ാം തീയതി 11 മണി 11 മിനിറ്റില്‍ ആരംഭിയ്ക്കുന്ന കാര്‍ണിവല്‍ ആഘോഷം ഈസ്റ്റര്‍ നോയമ്പിന്റെ തുടക്കത്തിനു മുമ്പുള്ള ചൊവ്വാഴ്ച രാത്രി 12 മണിയ്ക്ക് സമാപ്തി കുറിയ്ക്കും. വൈബര്‍ ഫാസ്റ്റ് നാഹ്റ്റ് (ലേഡീസ് ഫാസ്റ്റിംഗ് നൈറ്റ്) മുതല്‍ റോസന്‍ മോണ്ടാഗ് (50 നോയമ്പിനു തുടങ്ങുന്നതിന് മുമ്പുള്ള ആദ്യത്തെ തിങ്കളാഴ്ച) വരെയാണ് ആഘോഷങ്ങളുടെ പ്രധാനദിനങ്ങള്‍.